ഭൂമി വിള്ളൽ; വീണ്ടും സംസ്ഥാന ദുരന്ത നിവാരണ സംഘമെത്തി
text_fieldsസംസ്ഥാന ദുരന്ത നിവാരണ സംഘം കൈലാസംപടിയിലെ ഭൂമി വിള്ളലുണ്ടായ സ്ഥലത്ത്
പരിശോധന നടത്തുന്നു
കേളകം: ശാന്തിഗിരി കൈലാസംപടിയിലെ ഭൂമിവിള്ളൽ പഠിക്കാൻ വീണ്ടും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സംഘമെത്തി. കലക്ടറുടെ നിർദേശത്തെത്തുടർന്നാണ് ദുരന്ത നിവാരണ സംഘമെത്തിയത്. മൂന്നംഗ സംസ്ഥാന ദുരന്ത നിവാരണ സംഘമാണ് മേഖലയിലെ 13 വീടുകളിലെ വിള്ളൽ പഠിച്ച് റിപ്പോർട്ട് തയാറാക്കുക. വിള്ളലുണ്ടായ റോഡ്, വീട് എന്നിവ സംഘം സന്ദർശിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥരായ ഡോ. സജിൻ കുമാർ, കെ.എസ്.ഡി.എം.എ. ഹസാർഡ്സ് അനലിസ്റ്റ് ആർ.എസ്. അജിൻ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
കൂടുതൽ പഠനങ്ങൾക്കായി വീണ്ടുമെത്തുമെന്ന് സംഘം അറിയിച്ചു. നിലവിൽ ഭയക്കേണ്ട സാഹചര്യമില്ലെന്നും എന്നാൽ വരും വർഷങ്ങളിൽ ഈ വിള്ളൽ കൂടിയേക്കാമെന്നും അവർ മുന്നറിയിപ്പുനൽകി. ദുരന്ത നിവാരണ അതോറിറ്റി സംഘത്തോടൊപ്പം കേളകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലെകൂറ്റ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ടോമി, സജീവൻ പാലുമ്മി, പഞ്ചായത്തംഗം ബിനു മാനുവൽ, വില്ലേജ് അസിസ്റ്റന്റ് ജോജിഷ് ചാക്കോ, ജോർജ് കുട്ടി കുപ്പക്കാട്ട് എന്നിവരും ഉണ്ടായിരുന്നു.