മദ്യപിച്ച് വാഹനമോടിക്കൽ: രണ്ട് ദിവസത്തിനകം 111 കേസ്
text_fieldsകണ്ണൂർ: നെടുമ്പാശ്ശേരിയിൽ മദ്യപിച്ച് കാറോടിച്ച് മൂന്നുപേർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലും വാഹന പരിശോധന കടുപ്പിച്ച് പൊലീസ്. മദ്യപിച്ച് വാഹനം ഓടിച്ചതിന് കണ്ണൂർ സിറ്റി ജില്ലയിൽ രണ്ട് ദിവസത്തിനകം 111 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഒക്ടോബർ 14 മുതൽ 16 രാവിലെ വരെ നടത്തിയ പരിശോധനയിലാണ് ഇത്രയും കേസുകൾ രജിസ്റ്റർ ചെയ്തത്.
കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡിയുടെ നിർദേശപ്രകാരം കണ്ണൂർ സിറ്റി ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ നടത്തിയ പരിശോധനയിൽ മറ്റ് നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്. അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ചതിന് 30 കേസുകളും റോഡുകളിലും ഹൈവേകളിലും ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്തതിന് 124 കേസുകളും രജിസ്റ്റർ ചെയ്തു. മറ്റ് മോട്ടോർ വാഹന നിയമലംഘനങ്ങൾക്കായി 618 കേസുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമലംഘനം നടത്തിയ 88 വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുക്കുകയും സംഭവങ്ങളുമായി ബന്ധപ്പെട്ട് 20 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
14-ന് നടത്തിയ ആദ്യഘട്ട പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ചതിന് 64 കേസുകൾ രജിസ്റ്റർ ചെയ്യുകയും 55 വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും 13 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 15 രാവിലെ മുതൽ 16 രാവിലെ വരെ നടത്തിയ രണ്ടാം ഘട്ട ഡ്രൈവിൽ മദ്യപിച്ച് വാഹനമോടിച്ചതിന് 47 കേസുകൾ രജിസ്റ്റർ ചെയ്യുകയും 33 വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ഏഴ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്നും ഒന്നിലധികം തവണ നിയമലംഘനം നടത്തുന്നവരുടെ വാഹനങ്ങൾ കോടതിയിൽ ഹാജരാക്കുന്നതോടൊപ്പം ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത്തിനുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

