കൗമാരക്കാരെ വട്ടമിട്ട് ലഹരിമാഫിയ
text_fieldsRepresentational Image
കണ്ണൂർ: കൗമാരക്കാരെയും യുവജനങ്ങളേയും മയക്കുമരുന്നിന്റെ കെണിയില്‍പെടുത്താന്‍ റാക്കറ്റുകള്‍ പ്രവർത്തിക്കുന്നതായും എളുപ്പം ധനസമ്പാദനത്തിനുള്ള ഉപാധിയായി രാസലഹരി മരുന്ന് വിപണനത്തെ ഉപയോഗിക്കുന്നതായും ജനകീയ സമിതി യോഗം വിലയിരുത്തി. ലഹരിമരുന്നുകള്‍ക്കും വ്യാജ മദ്യത്തിനെതിരെയുമുള്ള പരിശോധന കര്‍ശനമാക്കാന്‍ വ്യാജമദ്യത്തിന്റെ ഉല്പാദനവും വിതരണവും അനധികൃത മദ്യക്കടത്തും തടയുന്നതിനായി രൂപവത്കരിച്ച ജില്ലതല ജനകീയ കമ്മിറ്റിയാണ് ഇക്കാര്യം വിലയിരുത്തിയത്.
സ്കൂള്‍ പരിസരങ്ങള്‍, ചില കോളനികള്‍, നഗരത്തിലെ ഒഴിഞ്ഞ കെട്ടിട സമുച്ചയങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഇത്തരക്കാരുടെ ഇടപെടലെന്നും ഇത്തരം സ്ഥലങ്ങളില്‍ പട്രോളിങ്ങും സംയുക്ത പരിശോധനകളും ശക്തമാക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
സംഭവത്തിൽ കർശന പരിശോധന ആരംഭിക്കാൻ ജില്ലതല ജനകീയ കമ്മിറ്റി എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. മയക്കുമരുന്ന് വ്യാപനം തടയുന്നതിനായി ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട വാട്സ്ആപ് ഗ്രൂപ്പുകള്‍ രൂപവത്കരിച്ച് വിവരശേഖരണം നടത്തും.
പ്രാദേശിക തലത്തില്‍ ജനകീയ കമ്മിറ്റികള്‍ വിളിക്കും. ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളുടെ മുന്നോടിയായുള്ള പരിശോധനകള്‍ ഊര്‍ജിതമാക്കാനും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. എം.എല്‍.എമാരായ രാമചന്ദ്രന് കടന്നപ്പള്ളി, കെ.വി. സുമേഷ് എന്നിവരുടെ സാന്നിധ്യത്തില്‍ എ.ഡി.എം കെ.കെ. ദിവാകരന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ ടി. രാഗേഷ് പ്രവത്തനങ്ങള്‍ വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. ഷാജിര്‍, കെ.സി. ജിഷ, കെ. വേലായുധന്, അസി. എക്സൈസ് കമീഷണര്‍ പി.എല്‍. ഷിബു എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

