കട്ടച്ചൂട്; ആശങ്കയുടെ കരിനിഴൽ
text_fields പയ്യന്നൂരിൽ നെൽകൃഷിക്ക് വെള്ളം നനക്കുന്ന കർഷക
കണ്ണൂർ: ഒന്നുകിൽ കനത്ത മഴയും നാശവും. അല്ലെങ്കിൽ കൊടും ചൂട്. ഇതാണ് ഏറക്കുറെ നമ്മുടെ നാട്ടിലെ ഇപ്പോഴത്തെ കാലാവസ്ഥ. ഡാമുകളിലും തോടുകളിലും പുഴകളിലുമെല്ലാം ജലനിരപ്പ് താഴ്ന്നുതുടങ്ങി. പവർ കട്ട് പ്രാബല്യത്തിൽ വന്നു. ചിങ്ങമാസം കഴിഞ്ഞതോടെയാണ് കർഷകരെ ആശങ്കപ്പെടുത്തുന്ന അവസ്ഥ. കന്നിയിൽ കൊടും ചൂട് തുടങ്ങി. ഇനി ആകെയുള്ള പ്രതീക്ഷ തുലാമഴയിലാണ്. തുലാമാസവും തുണച്ചില്ലേൽ നാടിന്റെ അവസ്ഥ അതിഗുരുതരമാവുമെന്നുറപ്പ്. കാലാവസ്ഥാവ്യതിയാനത്തിൽ ജില്ലയുടെ കാർഷികമേഖല നേരിടുന്നത് വൻ പ്രതിസന്ധിയാണ്.
നെല്ല്, കവുങ്ങ്, തെങ്ങ്, കുരുമുളക്, റബർ, വാഴ, കപ്പ, പച്ചക്കറി തുടങ്ങിയ കൃഷികളെല്ലാം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. കൃഷിയിറക്കിയവർ വെള്ളമില്ലാതെ കഷ്ടപ്പെടുന്ന സാഹചര്യവും നിലവിലുണ്ട്. നെൽകൃഷിക്കുപോലും വെള്ളം നനക്കേണ്ട അവസ്ഥയുണ്ട് പലയിടത്തും. മറ്റു വിളകളുടെ കാര്യവും വെള്ളമില്ലാത്തതിനാൽ പ്രതിസന്ധിയിലാണ്.
രോഗ ബാധ വേറെയും. പച്ചക്കറിക്കും പഴത്തിനും കുരുമുളകിനുമൊക്കെ നല്ല വില ലഭിക്കുന്ന സമയത്താണ് ഈ സ്ഥിതി. ശീതകാലത്തു തുടങ്ങേണ്ട കാബേജ്, കോളിഫ്ലവർ, കാരറ്റ്, ബീറ്റ്റൂട്ട് കൃഷിയും ഇക്കുറി ചെയ്യാനാകുമോയെന്ന് ഒരുറപ്പുമില്ല. കാലവർഷത്തിലുണ്ടായ കൃഷി നാശം വേറെ. അതിനു പുറമെയാണ് കലാവസ്ഥാ വ്യതിയാനവും കൊടുംചൂടും വിളകളെ ബാധിക്കുന്നത്.
അടയ്ക്ക പൊഴിച്ചിൽ
കവുങ്ങിന് വെള്ളമില്ലാതായതോടെ രോഗബാധയും അടക്കപൊഴിച്ചിലും വ്യാപകമായി. നേരത്തേ ശക്തമായ മഴയും നിലവിൽ കൊടുംചൂടും വന്നതോടെ മൂപ്പെത്താതെ അടയ്ക്ക കൊഴിഞ്ഞു വീഴുന്നത് സങ്കടത്തോടെ നോക്കിനിൽക്കേണ്ട ഗതികേടിലാണ് കർഷകർ. ശക്തമായ മഴയിൽ മേൽമണ്ണ് ഒലിച്ചുപോയതിനാൽ പൊട്ടാസ്യം, കാൽസ്യം എന്നിവ മണ്ണിൽനിന്ന് നഷ്ടമായതാണ് കായ പൊഴിയാൻ കാരണമെന്നാണ് കൃഷി വകുപ്പധികൃതർ പറയുന്നത്. മഹാളി പോലുള്ള രോഗങ്ങൾ ബാധിച്ചാണ് നേരത്തേ അടയ്ക്ക പൊഴിഞ്ഞിരുന്നത്. നിലവിലെ കാലാവസ്ഥ വ്യതിയാനം കൂടുതൽ വിള നാശമാണുണ്ടാക്കുന്നത്.
കറുത്ത പൊന്നിനും രക്ഷയില്ല
വിളവെടുപ്പിന് പാകമായ കുരുമുളകുകൾ പോലും കൊഴിയുകയും ചെടികൾ വാടിപ്പോകുന്നതും വലിയ പ്രശ്നമായി മാറിയിട്ടുണ്ട് . ശക്തമായ മഴയിൽ മണ്ണൊലിച്ചുപോയതും തടത്തിൽ വെള്ളംനിന്ന് ചെടിയുടെ വേര് ചീഞ്ഞതുമാണ് തിരിച്ചടിയായത്. നല്ല വിലയുണ്ടെങ്കിലും കാലാവസ്ഥ ചതിച്ചത് കുരുമുളക് കർഷകരുടെ പ്രതീക്ഷയെയാണ്.
പൊൻകതിർ കൊയ്യാനാകുമോ?
അടുത്ത കാലത്തൊന്നുമില്ലാത്ത വിധം കാലാവസ്ഥയിലുണ്ടായ മാറ്റം നെൽകൃഷിക്കും തിരിച്ചടിയാവുകയാണ്. കതിരെല്ലാം പതിരാകുമോയെന്നാണ് നെൽകർഷകരുടെ പേടി. കതിരു വിരിയുന്ന സമയമാണിത്. പാടങ്ങളിൽ വെള്ളം കുറഞ്ഞതോടെ പൊൻകതിർ എത്രമാത്രമുണ്ടാവുമെന്നതും ഒക്ടോബറിൽ കൊയ്യാനാവുമോയെന്നുമുള്ള ആശങ്കയിലാണ് കർഷകർ. നിലവിൽ നല്ല ഒരു മഴ ലഭിച്ചില്ലെങ്കിൽ അത് നെൽകൃഷിക്ക് വലിയ തിരിച്ചടിയാവുമെന്ന് കർഷകർ പറയുന്നു.
മഴയിൽ നിലംപതിച്ച് വാഴ
ശക്തമായ മഴയിലും കാറ്റിലും മലയോര മേഖലയിലടക്കം വാഴ കർഷകർക്ക് വൻ തിരിച്ചടിയാണുണ്ടായത്. വായ്പയെടുത്തും ഭൂമി പാട്ടത്തിനെടുത്തും വാഴ കൃഷിയിറക്കിയവർ കുലച്ച വാഴകൾ ഏറെയും കാറ്റിൽ നിലംപതിച്ചപ്പോൾ കണ്ണീരൊഴുക്കുകയായിരുന്നു. ബാക്കിയായ വാഴകൾക്ക് മണ്ണൊലിച്ചുപോയതിനാൽ നിലനിൽപ്പില്ലാതായി. നേന്ത്രനും ഞാലിപ്പൂവനുമൊക്കെ നല്ല വിലയുണ്ടെങ്കിലും കൊടുക്കാൻ ഇല്ല. പച്ചക്കായക്കും വാഴയിലക്കും വാഴ ചുണ്ടിനും ഉൾപ്പെടെ മാർക്കറ്റിൽ നല്ല വിലയുണ്ട്. പുറമെ നിന്നാണ് ജില്ലയിൽ പലയിടത്തും വാഴക്കുലകൾ എത്തുന്നത്. വെള്ളമില്ലെങ്കിൽ പുതുതായി വാഴ കൃഷി തുടങ്ങാനും കഴിയില്ല.
ഉൽപാദനം കുറഞ്ഞ് റബർ
കാലാവസ്ഥ വ്യതിയാനം റബ്ബറിനും തിരിച്ചടിയാവുകയാണ്. മികച്ച പാൽ ലഭിക്കേണ്ടുന്ന സമയമായിട്ടും അതുണ്ടായില്ല. കാലം തെറ്റിയ മഴയും നിലവിലെ കൊടുംചൂടും റബറിെന്റ പാലുത്പാദനത്തെ ബാധിച്ചു. ഇലകൊഴിച്ചിലും വ്യാപകമായിട്ടുണ്ട്. പാൽ കുറഞ്ഞതോടെ ടാപ്പിംഗ് കൂലിക്കും വള പ്രയോഗത്തിനും തന്നെ വരുമാനം തികയാത്ത അവസ്ഥയാണുള്ളതെന്ന് കർഷകർ പറയുന്നു.
വെയിലേറ്റു വാടല്ലേ.......
കൊടും ചൂടിൽ പുറത്തിറങ്ങാനാനാവുന്നില്ലെന്ന് തൊഴിലാളികളും യാത്രക്കാരും. ചൂടിന്റെ തീവ്രതയേറിയതോടെ പകൽ പറയത്ത് പുറത്തു പോകുന്നവരും ജോലി ചെയ്യുന്നവരുമെല്ലാം ആശങ്കയിലാണുള്ളത്. സൂര്യാതപ സാധ്യത പോലും നിലവിലുണ്ട്. വയലുകളിലും ചെങ്കൽ പണകളിലും റോഡ് ടാറിംഗിനും കെട്ടിട നിർമ്മാണത്തിലും ഉൾപ്പെടെ പണിയെടുക്കുന്നവരാണ് ചൂടിൽ വലിയ ദുരിതം അനുഭവിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

