ഏഴിലോട് ടാങ്കർ ലോറി അപകടത്തിൽ ഡ്രൈവര്‍ അറസ്റ്റിൽ
text_fieldsഡ്രൈവർ
മനുവേലു
പയ്യന്നൂർ: ഏഴിലോട് പാചകവാതക ബുള്ളറ്റ് ടാങ്കര്‍ മറിഞ്ഞ സംഭവത്തിൽ ഡ്രൈവര്‍ അറസ്റ്റിൽ. വണ്ടി ഓടിച്ച തമിഴ്നാട് നാമക്കലിലെ മനുവേലിനെ (40) ആണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ചൊവ്വാഴ്ച രാത്രി 8.15നാണ് ദേശീയപാതയില്‍ ഏഴിലോട് ചക്ലിയ കോളനി സ്റ്റോപ്പില്‍ ഗ്യാസ് ടാങ്കര്‍ ലോറി കുഴിയിലേക്ക് മറിഞ്ഞത്. ദേശീയപാത ഇരട്ടിപ്പിക്കല്‍ പ്രവൃത്തിക്കായി കുഴിച്ച വന്‍കുഴിയിലേക്കാണ് ടാങ്കര്‍ തെന്നിവീണത്. മംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് ഇന്ത്യന്‍ എല്‍.പി ഗ്യാസുമായി പോകുകയായിരുന്നു ടാങ്കര്‍ ലോറി. എതിരെവന്ന വാഹനത്തിന്റെ ഹെഡ് ലൈറ്റ് കാരണം മുന്‍വശം തെളിയാതെ അരികിലേക്ക് എടുത്തപ്പോള്‍ മറിയുകയായിരുന്നുവെന്നാണ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ട ലോറി ഡ്രൈവര്‍ നാട്ടുകാരോടും പൊലീസിനോടും പറഞ്ഞത്. എന്നാല്‍, മദ്യത്തിന്റെ ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടപ്രകാരമാണ് പൊലീസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്. മെഡിക്കല്‍ പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി തെളിയുകയും ചെയ്തു.
മദ്യപിച്ച് മംഗളൂരുവിൽനിന്ന് ദേശീയപാതയിലൂടെ ഏഴിലോട് വരെ ഇയാള്‍ ലോറി ഓടിച്ചെത്തിയെങ്കിലും എവിടെയും ഒരുവിധ പരിശോധനയും ഉണ്ടായില്ല. മണിക്കൂറുകളോളം ഒരു പ്രദേശത്തെ ജനജീവിതത്തെ ബാധിക്കുന്ന വിധത്തില്‍ അപകടം സൃഷ്ടിക്കാന്‍ കാരണക്കാരനായ ഇയാള്‍ക്കെതിരെ കൂടുതല്‍ കര്‍ശനമായ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

