മഞ്ഞപ്പിത്ത രോഗികളുടെ എണ്ണത്തിൽ ഇരട്ടി വർധന
text_fieldsമാലൂരിൽ ആരോഗ്യ വകുപ്പ് സംഘം സന്ദര്‍ശനം നടത്തുന്നു
കണ്ണൂർ: ജില്ലയിൽ മഞ്ഞപ്പിത്ത രോഗികളുടെ എണ്ണത്തിൽ രണ്ടു വർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികം വർധന.
കഴിഞ്ഞ രണ്ടു വർഷം ജനുവരി-മേയ് മാസങ്ങളിലായി 65 മുതൽ 75 വരെയാണ് രോഗികളുടെ എണ്ണം. ഈ വർഷം മേയ് 15 വരെയുള്ള കണക്കു പ്രകാരം ജില്ലയിലെ മഞ്ഞപ്പിത്ത രോഗികളുടെ എണ്ണം 150 പിന്നിട്ടു.
മഞ്ഞപ്പിത്തം ബാധിച്ച് ഈ വർഷം ഒരു മരണവും ജില്ലയിലുണ്ടായി. മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വിദഗ്ധ സംഘം പഠനം ആരംഭിച്ചു. സാമ്പിളുകൾ കോഴിക്കോട്ടെ മേഖല ലാബിലേക്ക് പരിശോധനക്ക് അയച്ചു. രണ്ടാഴ്ചക്കകം ഇതിന്റെ ഫലം ലഭിക്കുമെന്നും അതിനുശേഷം തുടർനടപടികൾ കൈാക്കൊള്ളുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
ജില്ലയിൽ മേക്കുന്ന്, തൃപ്പങ്ങോട്ടൂർ, മാലൂര്‍, പരിയാരം, ചപ്പാരപ്പടവ് എന്നീ പ്രദേശങ്ങളിലാണ് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തത്.
മഞ്ഞപ്പിത്തം വർധിക്കുന്ന സാഹചര്യത്തിലാണ് വിശദമായ പഠനം നടത്താൻ തീരുമാനിച്ചതെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. പീയുഷ് എം. നമ്പൂതിരിപ്പാട് അറിയിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.സി. സച്ചിൻ, ടെക്നിക്കല്‍ അസിസ്റ്റന്റ് സി.ജെ. ചാക്കോ, ജില്ല എപിഡമിയോളജിസ്റ്റ് ജി.എസ്. അഭിഷേക് എന്നിവരുടെ നേതൃത്വത്തിലുള്ള ജില്ല മെഡിക്കൽ ഓഫിസിലെ ടീമും കണ്ണൂർ ഗവ. മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. എ.കെ. ജയശ്രീ, ഡോ. പ്രസീദ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവുമാണ് ജില്ലയില്‍ പഠനം നടത്തുന്നത്.
ഇതിന്റെ ആദ്യപടിയായി സംഘം ബുധനാഴ്ച മാലൂര്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തി വിവരശേഖരണം തുടങ്ങി. വരും ദിവസങ്ങളില്‍ മറ്റിടത്തും പരിശോധന നടത്തുമെന്ന് ഡി.എം.ഒ അറിയിച്ചു.
മഞ്ഞപ്പിത്തം: ലക്ഷണവും പ്രതിരോധവും
മലിനമായ ജലം കുടിക്കുകയോ പാചകം ചെയ്യാനായി ഉപയോഗിക്കുകയോ ചെയ്യുന്നതുവഴി പകരുന്ന അസുഖമാണ് മഞ്ഞപ്പിത്തം അഥവാ ഹെപ്പറ്റൈറ്റിസ് എ. വൈറസ് പരത്തുന്ന അസുഖമാണിത്.
അസുഖബാധിതരായ രോഗികളുടെ മലത്തിൽ കൂടിയാണ് വൈറസ് പുറത്തേക്ക് വരുന്നത്. ഈ മലം ഏതെങ്കിലും സാഹചര്യത്തിൽ കുടിവെള്ളവുമായി കലരുമ്പോൾ ആ കുടിവെള്ളം തിളപ്പിക്കാതെ പാചകം ചെയ്യാനോ കുടിക്കാനോ ഉപയോഗിക്കുന്നതുവഴിയാണ് വൈറസ് മറ്റുള്ളവരുടെ ശരീരത്തിൽ കടക്കുന്നത്.
വൈറസ് ശരീരത്തിൽ പ്രവേശിച്ച് 14 ദിവസം മുതൽ 42 ദിവസത്തിനുള്ളിലാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്.
ചെറിയ പനി, ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, ഛർദി എന്നിവയാണ് പ്രാരംഭത്തിൽ കാണുന്ന ലക്ഷണങ്ങൾ. മഞ്ഞപ്പിത്തം മാരമകമാവുകയാണെങ്കിൽ അത് തലച്ചോറിനെ ബാധിക്കാം.
ചികിത്സയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. രോഗിക്ക് തുടർച്ചയായ വിശ്രമം വേണം.
ധാരാളമായി വെള്ളം കുടിക്കുക, ഭക്ഷണം കഴിക്കുക എന്നിവയാണ് ആവശ്യം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക. കുടിവെള്ള സ്രോതസ്സുകൾ കൃത്യമായ ഇടവേളകളില്‍ ക്ലോറിനേഷൻ ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

