ഡബിൾ ഡെക്കറെത്തി, ഇനി ഓളങ്ങളിൽ സുഖയാത്ര
text_fieldsഅഴീക്കലിലെത്തിയ ഡബിൾ ഡെക്കർ ബോട്ട്
അഴീക്കൽ: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഡബിൾ ഡെക്കർ ബോട്ട് അഴീക്കലിലെ ബോട്ടു പാലത്തെത്തി. കടലിലെ ഓളങ്ങളും വേലിയേറ്റവും കണക്കിലെടുത്ത് പരീക്ഷണ യാത്ര നടത്തിയതിനുശേഷമാണ് ബോട്ട് പുറപ്പെട്ടത്. തിങ്കളാഴ്ച ട്രയല് റണ് നടത്തും. ഇതോടെ ബോട്ടു തകരാർ കാരണം മുടങ്ങിപ്പോയ പറശ്ശിനിക്കടവ്-മാട്ടൂൽ ബോട്ട് സർവിസ് പുനരാരംഭിക്കാൻ നടപടിയായി.
2022 ഡിസംബറിലാണ് ഈ റൂട്ടിൽ ബോട്ട് സർവിസ് നിർത്തിയത്. ആലപ്പുഴയിൽ നിന്നും ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന പുതിയ എൻജിനെത്തിച്ച് പഴയതിൽ സ്ഥാപിച്ചെങ്കിലും ഉപ്പുവെള്ളത്തിൽ ഓടുന്ന ബോട്ടായതിനാൽ അടിഭാഗത്തും കേടുപാടുകൾ വന്നു. അവ നവീകരിച്ച് പ്രവർത്തനയോഗ്യമാക്കണമെങ്കിൽ വൻതുക വീണ്ടും ചെലവാക്കേണ്ടിവരും. കൂടാതെ സാങ്കേതിക കാരണങ്ങളാലടക്കം മാസങ്ങളുടെ സമയമെടുക്കും.
നിലവിലുള്ള സർവിസ് അധികം വൈകിക്കാതെ കൊണ്ടുപോകണമെന്നുള്ള താൽപര്യം കണക്കിലെടുത്താണ് ജലഗതാഗതവകുപ്പ് പുതിയ ബോട്ട് ആലപ്പുഴയിൽ നിന്നും എത്തിച്ചത്. കടലിലെ ഓളങ്ങൾ കാരണം ശനിയാഴ്ച ബേപ്പൂർ കടപ്പുറത്ത് നിർത്തിയിടേണ്ടി വന്ന ബോട്ട് ഞായറാഴ്ച രാവിലെയാണ് അഴീക്കലിലേക്ക് പുറപ്പെട്ടത്.
എത്തിച്ചത് എസ്. 26 അപ്പർ ഡെക്ക് ബോട്ട്
കൂടുതൽ സൗകര്യങ്ങളുള്ള എസ്. 26 അപ്പർ ഡെക്ക് ബോട്ടാണ് അഴീക്കലിലെത്തിച്ചത്. പറശ്ശിനിക്കടവ്-മാട്ടൂൽ റൂട്ടിലെ വിനോദസഞ്ചാര സാധ്യതകൾകൂടി കണക്കിലെടുത്ത് ഉൾഭാഗത്തും മുകൾത്തട്ടിലും യാത്ര ചെയ്യാൻ സാധിക്കുന്ന ഡെക്കർ ബോട്ടാണ് എത്തിയിരിക്കുന്നത്. ജലഗതാഗത വകുപ്പിന്റെ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി. മുകൾ തട്ടിൽ 18 പേർക്കും ഉൾഭാഗത്ത് 60 പേർക്കും യാത്ര ചെയ്യാൻ സൗകര്യമുണ്ട്. ഏപ്രിൽ അഞ്ചിന് സർവിസ് പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ്. സർവിസ് പുനരാരംഭിച്ചാൽ രാവിലെ 9.30ന് പറശ്ശിനിക്കടവിൽ നിന്ന് പുറപ്പെട്ട് പാമ്പുരുത്തി, നാറാത്ത്, പാപ്പിനിശ്ശേരി, പാറക്കൽ, മാങ്കടവ് വളപട്ടണം, അഴീക്കൽ എന്നിവിടങ്ങളിലെ ബോട്ട് ജെട്ടികളുമായി ബന്ധിച്ച് ഒന്നര മണിക്കൂറിനകം മാട്ടൂൽ സൗത്ത് ബോട്ട് ജെട്ടിയിലെത്തും. തിരികെയുള്ള യാത്ര 11.45നാണ്. 1.15 ന് പറശ്ശിനിക്കടവിലെത്തുന്ന ബോട്ട് തിരികെ വളപട്ടണത്തേക്കാണ് പോവുക.
മാട്ടൂൽ-പറശ്ശിനിക്കടവ് യാത്രക്ക് പുറമെ ഇതേ ബോട്ടിൽ രാവിലെ 6.30 മുതൽ 9.30 വരെയും വൈകീട്ട് നാലു മുതൽ ഏഴു വരെയും പറശ്ശിനിക്കടവ് കേന്ദ്രീകരിച്ച് ഉല്ലാസയാത്രയും നടത്താനുള്ള ഒരുക്കത്തിലാണ്. അരമണിക്കൂർ ഇടവേളകളിലാണ് സർവിസ് നടത്തുക. അവധിക്കാലമായതിനാൽ ഇത്തരം ഉല്ലാസയാത്ര വിജയകരമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 20 രൂപക്ക് അര മണിക്കൂർ ഉല്ലാസയാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കും. വളപട്ടണം റെയിൽവേ പാലത്തിന് ഉയരം കുറവായതിനാലാണ് മേൽക്കൂരയില്ലാത്ത ബോട്ട് തയാറാക്കിയതെന്നാണ് അധികൃതർ പറയുന്നത്. പറശ്ശിനിക്കടവ്-വളപട്ടണം റൂട്ടിൽ സർവിസ് നടത്തുന്നതിന് ജലഗതാഗതവകുപ്പിന്റെ വേഗ സീരീസിലുള്ള ബോട്ടിന്റെ നിർമാണം സർക്കാറിന്റെ അനുമതി ലഭിച്ചാൽ ഉടൻ ആരംഭിക്കും.
120 പേർക്ക് യാത്ര ചെയ്യാൻ പാകത്തിലാണ് നിർമിക്കുക. ഇതിൽ 40 പേർക്കിരിക്കാനുള്ള ഭാഗം ശീതികരിച്ചതായിരിക്കും. കൂടാതെ 80 പേർക്കുകൂടി ഇരുന്ന് യാത്ര ചെയ്യാനുള്ള സൗകര്യവും ഒരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

