തീക്കളിയരുത്; നൊമ്പരമായി വീട്ടമ്മയുടെ മരണം
text_fieldsകൊട്ടിയൂർ ചപ്പമലയിലുണ്ടായ അഗ്നിബാധയിൽ കത്തിനശിച്ച കൃഷിയിടം
കണ്ണൂർ: കുംഭമാസചൂട് ഉച്ചസ്ഥായിയിലെത്തുമ്പോൾ തീപിടിച്ചുള്ള അപകടങ്ങൾ വർധിക്കുകയാണ്. നേരിയ അശ്രദ്ധയിൽ ജീവൻ വരെ നഷ്ടമാകുന്ന നിലയിലേക്ക് കാര്യങ്ങൾ മാറുകയാണ്. കൊട്ടിയൂർ ചപ്പമലയിൽ വീട്ടമ്മപൊള്ളലേറ്റു മരിച്ചത് ഇത്തരത്തിലാണെന്നാണ് സംശയം.
ചപ്പമല പൊന്നമ്മ കുട്ടപ്പൻ (60) ആണ് മരിച്ചത്. വീടിനു സമീപത്തെ കശുമാവിൻ തോട്ടത്തിൽ തീയിട്ടത് ആളിപ്പടർന്നാണ് സംഭവം. കഴിഞ്ഞ അമ്പത് ദിവസത്തിനിടെ ഇത്തരത്തിൽ രണ്ടാമത്തെ മരണമാണ് പൊന്നമ്മയുടേതെന്ന കാര്യം സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ജനുവരി 17ന് മയ്യിൽ പഞ്ചായത്തിലെ പാവന്നൂരിൽ തീപിടിത്തത്തിൽ വീട്ടമ്മക്ക് ജീവൻ നഷ്ടമായിരുന്നു. ഇരുവാപ്പുഴ നമ്പ്രം ചീരാച്ചേരിയിലെ കലിക്കോട്ട് വളപ്പിൽ ഉഷയാണ്(52) വസ്ത്രത്തിലേക്ക് പടർന്നു മരിച്ചത്.
ഒരാഴ്ച ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. ഉഷയുടെ വീടിനും മുന്നിലെ റോഡിനും ഇടയിലെ ചെറിയ സ്ഥലത്തെ കരിയിലകൾ അടിച്ചുവാരിയ ശേഷം എന്നും ചെയ്യുന്നതുപോലെ കത്തിച്ചശേഷം മടങ്ങുമ്പോഴാണ് അപകടം.
കാറ്റിൽ വസ്ത്രത്തിൽ പടർന്ന തീ ശരീരത്തിന് ചൂടുപിടിച്ചപ്പോഴാണ് മനസ്സിലായത്. പ്രാണവേദനയിൽ ഓടിയ വീട്ടമ്മയെ സമീപ വീട്ടിലെ സഹോദരന്റെ ഭാര്യ വെള്ളമൊഴിച്ച് രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിജീവിക്കാനായില്ല. പഴകിയ കടലാസ് മാലിന്യങ്ങൾ കത്തിക്കുന്നതിനിടെ ചൊക്ലി സ്വദേശിനിയായ വീട്ടമ്മക്ക് തീ പൊള്ളലേറ്റത് കഴിഞ്ഞ വർഷമാണ്.
ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആഴ്ചകളോളം ആശുപത്രിവാസം ആവശ്യമായിവന്നു. മാലിന്യം കത്തിക്കുന്നതിനിടെ തീപൊള്ളലേറ്റ് പരിക്കേറ്റവർ നിരവധിയാണ്. കൃത്യമായ അവബോധമില്ലാത്തതും അശ്രദ്ധയുമാണ് ഇത്തരം അപകടങ്ങൾക്ക് കാരണം. തീപടർന്നാലുള്ള പരിഭ്രമത്താൽ ഓടാൻ ശ്രമിച്ചാൽ ആളിപ്പടരാൻ കാരണമാകും.
നടുക്കംമാറാതെ ഗ്രാമവാസികൾ
കേളകം: കൊട്ടിയൂര്‍ ചപ്പമലയിലെ തീപിടത്തത്തില്‍ വീട്ടമ്മ പൊള്ളലേറ്റു മരിച്ചതിൽ നടുക്കം മാറാതെ ഗ്രാമവാസികൾ. ജീവഹാനിക്കു പുറമെ പ്രദേശത്തെ ഏക്കർ കണക്കിന് കൃഷിയിടവും കത്തിനശിച്ചു. കൂടാതെ കൊട്ടിയൂർ വനമേഖലയിലേക്കും തീ പടർന്നു. ചപ്പമലയിൽ പൊന്നമ്മ കുട്ടപ്പൻ കരിമ്പനോലിൽ(60) ആണ് മരിച്ചത്.
കശുമാവ് തോട്ടത്തിൽ തീയിട്ടത് വീടിന് സമീപത്തേക്ക് പടരുന്നത് കണ്ടു ബോധരഹിതയായി വീഴുകയായിരുന്നുവെന്നും അവിടെ നിന്നും പൊള്ളലേറ്റ് സംഭവസ്ഥലത്ത് മരിക്കുകയായിരുന്നെന്നുമാണ് അധികൃതർ അറിയിച്ചത്.
കശുമാവ് തോട്ടത്തിൽ തീ പടർന്ന് ഒരാൾ മരിച്ചതായി വിവരത്തെ തുടർന്നാണ് പേരാവൂർ അഗ്നിരക്ഷാസേന സ്ഥലത്തെത്തിയത്. തീ പടർന്നശേഷം സ്ഥലത്ത് നിന്നും സ്ത്രീകളുടെ അലർച്ച കേട്ട് സമീപത്ത് മരം മുറിച്ചിരുന്നവർ ഓടിയെത്തി തീയണക്കാൻ ശ്രമം നടത്തുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ വീട്ടമ്മയെ മരിച്ചനിലയിൽ കണ്ടെത്തുകയുമായിരുന്നു.
തീ പടർന്ന് നിരവധി തോട്ടങ്ങളാണ് കത്തി നശിച്ചത്. കര്‍ഷകരായ നങ്ങിണിയില്‍ വില്‍സണ്‍, മക്കോളില്‍ കുര്യാക്കോസ്, കൈനിക്കല്‍ അപ്പച്ചന്, കാളിയാനിയില്‍ ബിജു എന്നിവരുടെ കൃഷിയിടത്തിനാണ് തീ പിടിച്ചത്. കശുമാവ് തോട്ടത്തില്‍ നിന്നും അതിവേഗം തീ വനത്തിലേക്ക് പടര്‍ന്നു.
കുന്നിന് പ്രദേശമായതിനാല്‍ തീ നിയന്ത്രിക്കാന്‍ പാടുപെട്ടു. ഉച്ച കഴിഞ്ഞ് രണ്ടോടെയാണ് തീ കെടുത്താന്‍ ആയത്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും കരിയിലകൾ കൂട്ടിയിട്ട് കത്തിച്ചതാകാം അഗ്നിബാധക്ക് കാരണമായി കരുതുന്നത്.
പേരാവൂർ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ തീവ്രശ്രമം നടത്തിയാണ് തീയണച്ചത്. പേരാവൂർ ഡിവൈ.എസ്.പി എ.വി. ജോൺ, എസ്.എച്ച്.ഒ. ജാൻസി മാത്യു, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പു ടാകം എന്നിവർ സ്ഥലത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

