ജില്ല ഉണരുന്നു; പാർട്ടി കോൺഗ്രസിലേക്ക്
text_fieldsസി.പി.എം 23ാം പാർട്ടി കോൺഗ്രസ് ലോഗോ കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ നാടക സംവിധായകൻ ഇബ്രാഹിം വെങ്ങരക്ക് നൽകി പ്രകാശനം ചെയ്യുന്നു
കണ്ണൂർ: കണ്ണൂരിന്റെ മണ്ണ് ചുവന്നമണ്ണെന്നാണ് അറിയപ്പെടുന്നത്. ചരിത്രത്തിൽ കമ്യൂണിസ്റ്റ് പാർട്ടിക്കുള്ള സ്വാധീനം തന്നെയാണ് ജില്ലയെ ചുവപ്പിന്റെ കോട്ടയായി അറിയപ്പെടാൻ ഇടയാക്കിയത്. കമ്യൂണിസ്റ്റ് പ്രസ്ഥാനം പിറവിയെടുത്ത പാറപ്രം ഉൾപ്പെടുന്ന കണ്ണൂരിനെ കൂടുതൽ ചുവപ്പിക്കാൻ ഒരുങ്ങുകയാണ് സി.പി.എമ്മും നേതൃത്വവും.
രാജ്യത്തുതന്നെ സി.പി.എമ്മിന്റെ പ്രധാന ജില്ലയാണ് കണ്ണൂർ. ഈ മണ്ണിൽ ആദ്യമായെത്തുന്ന 23ാം പാർട്ടി കോൺഗ്രസിനെ വരവേൽക്കാൻ താഴേത്തട്ടിൽ നിന്നുള്ള ഒരുക്കം സി.പി.എം തുടങ്ങി. ഇതിന്റെ ഭാഗമായി ബ്രാഞ്ച് തലം മുതൽ ജില്ല കമ്മിറ്റി വരെ യോഗം ചേർന്ന് സമ്മേളനം വിജയിപ്പിക്കാൻ സജ്ജമാകാൻ അണികൾക്ക് നിർദേശം നൽകിക്കഴിഞ്ഞു.
സമ്മേളനം വിജയിപ്പിക്കുന്നതിന് ജില്ലതല സംഘാടക സമിതി രൂപവത്കരിച്ചത് കഴിഞ്ഞ ദിവസമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ചെയർമാനും കോടിയേരി ബാലകൃഷ്ണൻ ജനറൽ കൺവീനറും എം.വി. ജയരാജൻ ട്രഷററുമായ സംഘാടക സമിതിയാണ് പാർട്ടി കോൺഗ്രസ് വിജയിപ്പിക്കുന്നതിന് നേതൃത്വം നൽകുക. ബുധനാഴ്ച ജില്ലതല സംഘാടക സമിതി ഓഫിസ് ഉദ്ഘാടനവും നടന്നു.23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ വിജയത്തിന് വേണ്ടിയുള്ള ഏരിയതല സംഘാടക സമിതി രൂപവത്കരണ യോഗങ്ങൾ പുരോഗമിച്ചുവരുകയാണ്.
എരിയതല സംഘാടക സമിതി കഴിഞ്ഞാൽ അതിനും താഴേത്തട്ടിലേക്കു കടക്കും. ഏപ്രിൽ ആറുമുതൽ 10 വരെയാണ് കണ്ണൂരിൽ പാർട്ടി കോൺഗ്രസ് നടക്കുന്നത്. പ്രധാന കേന്ദ്രങ്ങളിലെല്ലാം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രവും ഐതിഹാസിക പ്രക്ഷോഭങ്ങളും ആലേഖനം ചെയ്യുന്ന ചുമർചിത്രങ്ങളുൾപ്പെടെയുള്ള ചുമരെഴുത്തുകളുമായി വിവിധങ്ങളായ പ്രചാരണങ്ങളൊരുക്കാൻ പ്രവർത്തകർ രംഗത്തിറങ്ങിയിട്ടുണ്ട്.
ലോഗോ പ്രകാശനം ചെയ്തു
കണ്ണൂർ: ഏപ്രിൽ ആറുമുതൽ 10 വരെ കണ്ണൂരിൽ നടക്കുന്ന സി.പി.എം 23ാം പാർട്ടി കോൺഗ്രസ് ലോഗോ പ്രകാശനം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ നിർവഹിച്ചു. നാടക സംവിധായകൻ ഇബ്രാഹിം വെങ്ങര ഏറ്റുവാങ്ങി. സി.പി.എമ്മിന്റെ സവിശേഷത കൊണ്ടാണ് മാധ്യമങ്ങൾ പാർട്ടി കോൺഗ്രസിന് വലിയ പ്രാധാന്യം നൽകുന്നതെന്ന് ഇ.പി. ജയരാജൻ പറഞ്ഞു. മാധ്യമങ്ങൾ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ ചില പിശകുകളും പ്രചരിപ്പിക്കുന്നുണ്ട്. ജനങ്ങൾക്കുവേണ്ടി മാധ്യമങ്ങൾ മുന്നോട്ടുവെക്കുന്ന ഏത് നിർദേശവും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മലപ്പുറത്തെ മനു കള്ളിക്കാടാണ് ലോഗോ തയാറാക്കിയത്. കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടേറിയറ്റ് അംഗം പി.വി. ഗോപിനാഥ് സ്വാഗതവും ജില്ല കമ്മിറ്റി അംഗം എം. ഷാജർ നന്ദിയും പറഞ്ഞു. ജില്ല സെക്രട്ടറി എം.വി. ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. ജയരാജൻ, ടി.വി. രാജേഷ്, എ.എൻ. ഷംസീർ, ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ എം. പ്രകാശൻ, വത്സൻ പനോളി, എൻ. ചന്ദ്രൻ, ടി.കെ. ഗോവിന്ദൻ തുടങ്ങിയവർ പങ്കെടുത്തു.