ബ്ലോക്ക്, ബ്ലോക്ക്, സർവത്ര ബ്ലോക്ക്...പരിഹാരമില്ലാതെ ജില്ല ഭരണകൂടം
text_fieldsവളപട്ടണം പാലത്തിൽ ശനിയാഴ്ച മൂന്നു മണിക്ക് ഉണ്ടായ വാഹനക്കുരുക്ക്
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ചുങ്കം മുതൽ പുതിയതെരു വരെയും കനത്ത ബ്ലോക്ക്. വാഹനങ്ങൾ തലങ്ങും വിലങ്ങുമായി എല്ലാ വിധ ട്രാഫിക്ക് നിയമങ്ങളും ലംഘിച്ചാണ് വാഹനങ്ങൾ മറികടക്കുന്നത്. പുതിയതെരു വരെ ട്രാഫിക് കുരുക്ക് കാരണം വളപട്ടണം മന്നയിൽ നിന്നും നേരെ കളരി വാതിക്കൽ ക്ഷേത്രം റോഡ് വഴി വാഹനങ്ങൾ പോകുന്നതിനാൽ പഴയ ടോൾ ജങ്ഷനിലും കടുത്ത കുരുക്ക് അനുഭവപ്പെടുന്നു.
ചുങ്കം മുതൽ മിക്ക കവലയിലും പൊലീസ് വാഹനങ്ങളെ നിയന്ത്രിക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വലിയ വാഹനങ്ങളുൾപ്പെടെ ആരെയും നിയന്ത്രിക്കാനോ വിലക്കാനോ പൊലീസിന് സാധിക്കുന്നില്ല. അത്രമാത്രം വാഹനപ്പെരുപ്പവും തിരക്കുമാണ് റോഡിൽ അനുഭവപ്പെടുന്നത്. കഴിഞ്ഞ ജൂലൈയിൽ കുരുക്ക് ഒഴിവാക്കാനുള്ള ശ്രമവുമായി കെ.വി. സുമേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരും നാഷനൽ ഹൈവേ ഉദ്യോഗസ്ഥരും ഉൾപ്പെടെ വളപട്ടണം പാലം ഭാഗം സന്ദർശിച്ചു.
പാപ്പിനിശ്ശേരിമുതൽ വളവട്ടണം പാലംവരെയുള്ള ഭാഗത്ത് ഗതാഗതക്കുരുക്ക് വർധിക്കുന്നതിന്റെ പ്രധാന കാരണം നിയന്ത്രണങ്ങൾ മറികടന്ന് വാഹനം ഇടയിൽ കയറുന്നതാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. വളപട്ടണം പാലത്തിൽ കുഴികൾ രൂപപ്പെട്ടതിനാൽ വാഹനങ്ങൾ പതുക്കെ പോകുന്നതും കുരുക്കുണ്ടാക്കുന്നു.
മഴ കുറയുന്ന സമയത്ത് അടിയന്തരമായി കുഴികൾ അടക്കാനും മഴ മാറിയിൽ ഉടൻതന്നെ പാലത്തിൽ ഓവർലേ ടാറിങ് ചെയ്യണമെന്നും യോഗം നിർദേശിച്ചുവെങ്കിലും ഒന്നര മാസം പിന്നിട്ടിട്ടും റോഡിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല.ശനിയാഴ്ച രാവിലെ മുതൽ തുടങ്ങിയ വാഹനക്കുരുക്ക് ഒമ്പത് മണി വരെ നീണ്ടു.പാപ്പിനിശ്ശേരി മേൽപാലം കടന്ന് കണ്ണൂരിലേക്ക് പോകേണ്ട വാഹനങ്ങളെല്ലാം ചുങ്കം കവല വഴി ദേശീയ പാതയിലേക്ക് കയറുമ്പോൾ ചുങ്കം കവലയിൽ പലപ്പോഴും വൻ കുരുക്കാണ് അനുഭവപ്പെടുന്നത്.പരാതി കൂടുന്നതല്ലാതെ പരിഹാരം കാണുന്നതിൽ അധികാരികളുടെ പരാജയമാണ് കണ്ടുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

