Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകീമിൽ മിന്നി ജില്ല;...

കീമിൽ മിന്നി ജില്ല; രണ്ടും ഏഴും പത്തും പത്തൊമ്പതും റാങ്ക് ജില്ലക്ക്

text_fields
bookmark_border
കീമിൽ മിന്നി ജില്ല; രണ്ടും ഏഴും പത്തും പത്തൊമ്പതും റാങ്ക് ജില്ലക്ക്
cancel

കണ്ണൂർ: സംസ്ഥാനത്തെ എൻജിനീയറിങ് പ്രവേശനപരീക്ഷയുടെ ഫലം പ്രഖ്യാപിച്ചപ്പോൾ റാങ്കിൽ മിന്നിത്തിളങ്ങി ജില്ല. സംസ്ഥാനത്തുതന്നെ രണ്ടാം റാങ്ക് നേടിയത് കൂത്തുപറമ്പ് സ്വദേശി ധ്യാൻതേജാണ്. ഇത് ജില്ലക്കുള്ള വലിയ നേട്ടമായി. ആദ്യ ഇരുപത് റാങ്കിൽ ജില്ലയിൽനിന്ന് നാലുപേർ ഉണ്ടെന്നുള്ളതും ശ്രദ്ധേയമാണ്. സംസ്ഥാനതലത്തിൽ രണ്ടാമനും ജില്ലയിൽ ഒന്നാമനുമായ കൂത്തുപറമ്പ് സ്വദേശി ധ്യാൻതേജ്, ഏഴാം റാങ്ക് നേടിയ തലശ്ശേരിയിലെ തലാൽ ശിഹാബുദ്ദീൻ, പത്താം റാങ്കുകാരൻ മലയോരത്തിന് അഭിമാനമായി മാറിയ ഇരിട്ടി സ്വദേശി റിതിൻരാജ്, 19ാം റാങ്ക് നേടിയ പരിയാരം സ്വദേശി ഫാത്തിമത്തുൽ സൻഹ എന്നിവരാണ് ജില്ലക്ക് അഭിമാനമായി മാറി മിന്നുംവിജയം നേടിയത്. 5379 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ ആയിരം റാങ്കിൽ 87 പേരാണ് ജില്ലയിൽനിന്ന് നേട്ടം കൊയ്തത്. ഇതോടെ സംസ്ഥാനത്ത് ആറാമതായി കണ്ണൂർ.

റാങ്കിൽ ‘രണ്ടിൽ’ തിളങ്ങി ജില്ല

കണ്ണൂർ: സംസ്ഥാനത്ത് എൻജിനീയറിങ് ഫലം പ്രഖ്യാപിച്ചപ്പോൾ സംസ്ഥാനത്തുതന്നെ രണ്ടാം റാങ്ക് കൂത്തുപറമ്പ് സ്വദേശി ധ്യാൻതേജ് നേടിയപ്പോൾ 19ാം റാങ്കുകാരിയായ പരിയാരം സ്വദേശി ഫാത്തിമത്തുൽ സൻഹ സംസ്ഥാനത്തെ വനിതകളിൽ റാങ്കുനേടുന്ന രണ്ടാമത്തെയാളായി നേട്ടമുണ്ടാക്കി. ഇത് ജില്ലക്ക് ഇരട്ടിമധുരമായി.

കീം പരീക്ഷ: സംസ്ഥാനതലത്തിൽ രണ്ടാം റാങ്ക് നേടി കൂത്തുപറമ്പിലെ ധ്യാൻതേജ്

കൂത്തുപറമ്പ്: കേരള എൻജിനീയറിങ് മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ രണ്ടാം റാങ്ക് കൂത്തുപറമ്പ് ചെറുവാഞ്ചേരി പൂവത്തൂർ സ്വദേശി ധ്യാൻതേജ് മണപ്പാട്ടിക്ക്. കീം പരീക്ഷയിൽ സംസ്ഥാനതലത്തിൽ രണ്ടാം റാങ്ക് നേടാനായതിന്റെ ആഹ്ലാദത്തിലാണ് ധ്യാൻതേജിന്റെ കുടുംബവും നാട്ടുകാരും.

ആറാം ക്ലാസ് മുതൽ പ്ലസ് ടു വരെ ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പഠനം. എസ്.എസ്.എൽ.സിക്കും പ്ലസ് ടുവിനും ഫുൾ എ പ്ലസ് നേടിയിരുന്നു. പ്രവാസിയായിരുന്ന പൂവത്തൂരിലെ പ്രദീപൻ മണപ്പാട്ടി-അനിഷ ദമ്പതികളുടെ മകനാണ്. ജെ.ഇ.ഇ പരീക്ഷയിലും മികച്ച വിജയമാണ് ധ്യാൻതേജ് നേടിയത്.

79,717 വിദ്യാർഥികൾ എൻജിനീയറിങ് പ്രവേശനയോഗ്യത നേടിയ കീം പരീക്ഷയിൽ കൂത്തുപറമ്പ് മേഖലയിൽനിന്ന് ആദ്യമായാണ് ഒരാൾ സംസ്ഥാനതലത്തിൽ രണ്ടാം റാങ്ക് നേടുന്നത്. റാങ്ക് വിവരമറിഞ്ഞ് നിരവധിപേരാണ് ധ്യാൻതേജിന്റെ പൂവത്തൂരിലെ വീട്ടിൽ അഭിനന്ദിക്കാനെത്തിയത്. പി.കെ. പ്രവീൺ എം.എൽ.എ ഉൾപ്പെടെയുള്ളവർ അഭിനന്ദിക്കാനെത്തി.

മകന് മികച്ച വിജയം നേടാനായതിൽ വളരെ സന്തോഷമുണ്ടെന്ന് പിതാവ് പ്രദീപൻ മണപ്പാട്ടി പറഞ്ഞു. ജൂലൈ എട്ടിന് ആദ്യ അലോട്മെന്റ് നടക്കും.

കീമില്‍ തിളങ്ങി തലാല്‍ ഷിഹാബുദ്ദീന്‍

തലശ്ശേരി: സംസ്ഥാന എന്‍ജിനീയറിങ് പ്രവേശനപരീക്ഷയില്‍ (കീം) ഏഴാം റാങ്ക് കരസ്ഥമാക്കി തലശ്ശേരി സ്വദേശി തലാല്‍ ഷിഹാബുദ്ദീന്‍. എട്ടാം ക്ലാസ് വരെ മസ്‌കത്തിലെ ഇന്ത്യന്‍ സ്‌കൂള്‍ സീബിലായിരുന്നു തലാലിന്റെ പഠനം. തുടര്‍ന്ന് നാട്ടിലെത്തിയ തലാല്‍ ഒമ്പതാം ക്ലാസ് മുതല്‍ പ്ലസ് ടുവരെ പഠിച്ചത് തലശ്ശേരി മുബാറക് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലായിരുന്നു. തലാല്‍ കഴിഞ്ഞ ഒരുവര്‍ഷമായി പാല ബ്രില്യന്റ് സ്റ്റഡി സെന്ററില്‍ പരിശീലനം നടത്തിവരുകയായിരുന്നു.

എസ്.എസ്.എല്‍.സിക്കും പ്ലസ് ടുവിനും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയിരുന്നു. ഡല്‍ഹി ഐ.ഐ.ടിയില്‍ കമ്പ്യൂട്ടേഷന്‍ എന്‍ജിനീയറിങ്ങിന് അഡ്മിഷന്‍ നേടിയാണ് തലാല്‍ തന്റെ എന്‍ജിനീയറിങ് സ്വപ്‌നങ്ങള്‍ക്ക് തുടക്കംകുറിക്കുന്നത്.

പഠനത്തെ ഒരു വിനോദമായി കാണുന്ന പ്രകൃതമാണ് തലാലിന്റേത്. ഗണിതശാസ്ത്രത്തില്‍ അതിതാല്‍പര്യമുള്ള ഈ മിടുക്കന്‍ വെറും 11 സെക്കന്‍ഡിലാണ് റൂബിക്‌സ്‌ക്യൂബ് പൂര്‍ത്തിയാക്കുന്നത്. നിരന്തരമായ പ്രയത്‌നവും പഠനത്തോടുള്ള അടങ്ങാത്ത ഇഷ്ടവുമാണ് റാങ്കുനേട്ടത്തിന് പിന്നില്‍.

തലശ്ശേരി ചിറക്കര കെ.ടി.പി മുക്കിലെ മുനവ്വറാസില്‍ ഷിഹാബുദ്ദീൻ ജലാലുദ്ദീന്റെയും റസ്‍ലയുടെയും മകനാണ് തലാല്‍. മസ്‌കത്തില്‍ ബിസിനസുകാരനാണ് പിതാവ് ഷിഹാബുദ്ദീന്‍. മാതാവ് റസ്‍ല വീട്ടമ്മയാണ്. സഹോദരങ്ങള്‍: സൈനുല്‍ ആബിദ്, സാറ മറിയം, ഇമാന്‍ ഫാത്തിമ, ഖലീല്‍.

ബി.ഫാമിൽ ആയിരം റാങ്കിൽ 60 പേർ ജില്ലക്കാർ; 11ാം റാങ്ക് നേടി ഹൈഫ നൗഫൽ

കണ്ണൂർ: കീം പരീക്ഷഫലം ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം. ജോൺ പ്രഖ്യാപിച്ചപ്പോൾ ജില്ലയിൽനിന്ന് മികച്ച നേട്ടംകൊയ്ത് ഹൈഫ നൗഫൽ. സംസ്ഥാനത്ത് 11ാം റാങ്ക് നേടിയാണ് ജില്ലക്ക് അഭിമാനമായി ഹൈഫ മാറിയത്. ബി.ഫാമിൽ ജില്ലയിൽനിന്ന് ആയിരം റാങ്കിനുള്ളിൽ 60 പേരാണ് ഉൾപ്പെട്ടത്. സംസ്ഥാനത്ത് 2101 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽനിന്നാണ് ഇത്രയും വിദ്യാർഥികൾ റാങ്ക് കരസ്ഥമാക്കിയിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsKannur NewsKeem
News Summary - district ranks second, seventh, tenth and nineteenth in Keem
Next Story