തൊഴിലുറപ്പിൽ പെരിങ്ങോം-വയക്കര സൂപ്പറാണ്..
text_fieldsപെരിങ്ങോം -വയക്കര ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ വയക്കര വയലിൽ നിർമിച്ച കുളം
കണ്ണൂർ: തൊഴിലുറപ്പിന്റെ പെരിങ്ങോം -വയക്കര മാതൃക, മികവിന്റെ മഹാത്മ പുരസ്കാരത്തിൽ. 2020 -21 വർഷ തൊഴിലുറപ്പ് പദ്ധതിയിലെ മികവിനുള്ള ജില്ലതല പുരസ്കാരമാണ് പെരിങ്ങോം -വയക്കര ഗ്രാമപഞ്ചായത്തിന് ലഭിച്ചത്. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ മികച്ച രീതിയിൽ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയ പഞ്ചായത്താണ് പെരിങ്ങോം-വയക്കര.
കഴിഞ്ഞ വർഷം 100 തൊഴിൽ ദിനങ്ങൾ 1,000 പേർക്കാണ് നൽകിയത്. വൈവിധ്യങ്ങളായ മണ്ണ്, ജല സംരക്ഷണ പ്രവർത്തനങ്ങളാണ് തൊഴിലുറപ്പ് പദ്ധതിയിലൂടെ പഞ്ചായത്തിൽ നടപ്പാക്കിയത്.
അരവഞ്ചാൽ കണ്ണങ്കൈ പ്രദേശവാസികളുടെ ദീർഘനാളത്തെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമായി അരവഞ്ചാലിൽ നിർമിച്ച ഡാമും കലുങ്കും ഉദ്ഘാടനത്തിനൊരുങ്ങി.
വേനലിൽ ഒഴുക്ക് നിലക്കുന്ന കണ്ണങ്കൈ പുഴയിൽ രണ്ട് മീറ്റർ ഉയരത്തിൽ നാല് ഷട്ടറുകൾ ഉപയോഗിച്ച് വെള്ളം സംഭരിക്കുന്ന രീതിയിലാണ് കലുങ്കിന്റെ നിർമാണം. ഇതോടെ 1000 ഘന അടി വെള്ളം സംഭരിക്കാൻ കഴിയും. ആറ് മീറ്റർ സ്പാനിലും മൂന്ന് മീറ്റർ വീതിയിലുമുള്ള ട്രാക്ടർ വേയും പുഴക്കുകുറുകെ നിർമിച്ചു.19.9 ലക്ഷം രൂപ ചെലവിലാണ് നിർമാണം.
16ാം വാർഡിൽ വയക്കര വയലിൽ എട്ടുലക്ഷം രൂപ ചെലവിൽ കുളം നിർമിച്ചു. ഇതോടെ കാർഷികാവശ്യത്തിനും കുടിവെള്ള ക്ഷാമത്തിനും പരിഹാരമായി. മണ്ണ്, ജല സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ണങ്കൈയിൽ വൃക്ഷത്തൈ നഴ്സറിയും നിർമിച്ചു.
മാതളം, കൂവളം, നെല്ലി, വീട്ടി, സപ്പോട്ട, കുടംപുളി തുടങ്ങി അര ലക്ഷത്തോളം വൃക്ഷത്തൈകളാണ് ഇവിടെയുള്ളത്. തവിടിശ്ശേരി സ്കൂളിന് സമീപത്തെ 50 സെന്റ് ഭൂമിയിൽ ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളും യഥേഷ്ടമുണ്ട്. ഇവയെ കാക്കാൻ ജൈവവേലിയും ഒരുക്കി.ശോച്യാവസ്ഥയിലായിരുന്ന കുണ്ടുവാടി അംഗൻവാടി കെട്ടിടം നവീകരിച്ചതും ശ്രദ്ധേയ പ്രവർത്തനമായിരുന്നു. തൊഴിലുറപ്പ് പദ്ധതി ഫണ്ടിനുപുറമെ പഞ്ചായത്ത്, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത്, ശിശുക്ഷേമ വകുപ്പ് എന്നിവയുടെ തുകകൾ സംയോജിപ്പിച്ച് 17 ലക്ഷത്തിലധികം രൂപ ചെലവിലാണ് ഗ്രാമീണ അംഗൻവാടിയുടെ മുഖച്ഛായ മാറ്റിയെടുത്തത്.
ഈ വർഷവും മികച്ച തൊഴിൽ ദിനങ്ങൾ ഉറപ്പുവരുത്തി ഒന്നാം സ്ഥാനം നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് പ്രസിഡന്റ് വി.എം. ഉണ്ണികൃഷ്ണനും ഭരണസമിതിയും.