ജില്ല വികസന സമിതി യോഗം; കുട്ടികൾ വഴി തെറ്റാതിരിക്കാൻ കർശന നിരീക്ഷണം
text_fieldsകണ്ണൂർ: സ്കൂളുകൾ തുറക്കുമ്പോൾ പഠനലോകത്തേക്ക് എത്തുന്ന കുഞ്ഞുമനസ്സുകളുടെ വഴിതെറ്റാതിരിക്കാൻ കർശന നിരീക്ഷണവുമായി പൊലീസും എക്സൈസും. ജില്ലയിൽ ഹോട്ട്സ്പോട്ടുകളായി കണ്ടെത്തിയ വിദ്യാലയങ്ങളിൽ പ്രത്യേക നിരീക്ഷണം നടത്തും. കുട്ടികൾ കൂട്ടമായെത്തുന്ന റോഡുകളിലും ബസ് സ്റ്റാൻഡുകളിലും നിരീക്ഷണമുണ്ടാവും.
പുകയിലയും ലഹരി പദാർഥങ്ങളും വിൽക്കുന്ന കടകൾ കണ്ടെത്തിയാൽ തദ്ദേശ സ്ഥാപനങ്ങളും എക്സൈസും പൊലീസും പരിശോധന നടത്തി ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നിയമ നടപടികൾ സ്വീകരിക്കും. ലഹരിക്കെതിരായ നടപടികൾക്ക് വിദ്യാർഥികളിൽനിന്ന് വിവരം ശേഖരിക്കും. എല്ലാ വിദ്യാലയങ്ങളിലും സ്കൂൾ തുറന്ന് ഒരാഴ്ചക്കകം ജാഗ്രത സമിതികൾ ചേരാൻ ജില്ല വികസന സമിതിയോഗം തീരുമാനിച്ചു.
വിദ്യാലയങ്ങളിൽ രാസലഹരി ഉൾപ്പെടെ എല്ലാ വിധത്തിലുമുള്ള ലഹരികൾക്കും മയക്കുമരുന്നിനുമെതിരെ കർക്കശ പരിശോധനയും നടപടിയും സ്വീകരിക്കാനും യോഗം തീരുമാനിച്ചു. കെ.വി. സുമേഷ് എം.എൽ.എയാണ് യോഗത്തിൽ വിഷയം ഉന്നയിച്ചത്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി കണ്ണൂർ കലക്ടറേറ്റ് വളപ്പിൽ 30 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന സൗഹൃദ കേന്ദ്രം പ്രവൃത്തി ജൂൺ 10ന് തുടങ്ങും.
ദേശീയപാത: കൃഷിനാശത്തിന് നടപടി വേണം
ദേശീയപാത വികസനത്തിന്റെ ഭാഗമായി ഉണ്ടായ കൃഷി നാശത്തിന് അടിയന്തര നടപടിയെടുക്കാൻ ദേശീയപാത പ്രോജക്റ്റ് ഓഫിസർക്ക് കലക്ടർ നിർദേശം നൽകി. കാലവർഷത്തിൽ ഉണ്ടാകുന്ന വിളനാശത്തിന് ധനസഹായം നൽകുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് കൃഷിവകുപ്പിനെ കലക്ടർ അറിയിച്ചു.
ഉളിക്കൽ മുതൽ കോളിത്തട്ട് വരെയുള്ള ഭാഗത്ത് കണിയാർ വയൽ ഉളിക്കൽ റോഡിൽ മഞ്ചക്കരി -മണ്ണേരി ഭാഗത്ത് ജൽ ജീവൻ മിഷൻ പൈപ്പുകൾ സ്ഥാപിക്കുന്നതിനായി എടുത്ത കുഴികൾ അടച്ചുവെന്നും ഇത്തരം പ്രവൃത്തികൾ എല്ലാവിധ മുൻകരുതലും എടുത്തശേഷമാണ് ചെയ്യാറുള്ളതെന്നും ജലവിഭവ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
കൂത്തുപറമ്പ് മണ്ഡലത്തിലെ രണ്ട് നഗരസഭകളിലും അഞ്ച് പഞ്ചായത്തുകളിലും കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി തദ്ദേശ വകുപ്പ് ജോയന്റ് ഡയറക്ടറും പാനൂർ നഗരസഭ സെക്രട്ടറിയും അറിയിച്ചു. തൃപ്പങ്ങോട്ടൂർ, പാട്യം പഞ്ചായത്തുകളിൽ അനുവദിച്ച അംബേദ്കർ സെറ്റിൽമെന്റ് പദ്ധതിയിൽ ഉൾപ്പെട്ട പാട്യം പഞ്ചായത്തിലെ കടവിൽ മുണ്ടയാട് നഗർ പ്രവൃത്തികൾക്ക് പഞ്ചായത്ത് ഡി.പി.ആർ ലഭ്യമാക്കിയിട്ടുണ്ടന്ന് ഐ.ടി.ഡി.പി.സി പ്രോജക്ട് ഓഫിസർ അറിയിച്ചു.
എന്നാൽ, നരിക്കോട്ട് മല നഗർ പ്രവൃത്തിക്ക് ജൂൺ 15ന് മുമ്പ് ഡി.പി.ആർ ലഭ്യമാക്കണമെന്ന് കലക്ടർ നിർദേശിച്ചു. നടാൽ പാലം നിർമാണവുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്ക് പദ്ധതി പ്രദേശത്ത് ട്രൈബൽ സെറ്റിൽമെന്റ് ഇല്ലെന്നുള്ള സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് നടപടികളെടുക്കാൻ ഐ.ടി.ഡി.പിക്ക് കലക്ടർ നിർദേശം നൽകി.
എം.എൽ.എ ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തികൾക്ക് സമയബന്ധിതമായി എസ്റ്റിമേറ്റ് നൽകുന്നതിന് നിർവഹണ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി എൽ.എസ്.ജി.ഡി ജോയന്റ് ഡയറക്ടർ അറിയിച്ചു. കലക്ടർ അരുൺ കെ. വിജയൻ അധ്യക്ഷനായ യോഗത്തിൽ എം.എൽ.എമാരായ കെ.പി. മോഹനൻ, കെ.വി. സുമേഷ് എന്നിവർ സംസാരിച്ചു. സബ് കലക്ടർ കാർത്തിക് പാണിഗ്രഹി, അസി. കലക്ടർ എഹ്തെദ മുഫാസിർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

