ഇരിക്കൂര്‍ മണ്ഡലം ബ്ലോക്ക് പ്രസിഡന്റുമാരെ ചൊല്ലിയും എ ഗ്രൂപ്പില്‍ ഭിന്നത
text_fieldsശ്രീകണ്ഠപുരം: നടുവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെച്ചൊല്ലി എ ഗ്രൂപ്പിലുണ്ടായ ഭിന്നതക്കുപുറമെ ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ ബ്ലോക്ക് പ്രസിഡന്റുമാരെ ചൊല്ലിയും ഭിന്നത രൂക്ഷം.
വർഷങ്ങളായി എ ഗ്രൂപ്പിന്റെ കുത്തകയായിരുന്ന ഇരിക്കൂർ എം.എൽ.എ സ്ഥാനം നഷ്ടമായതിനു പിന്നാലെ പല സ്ഥാനങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന തുറന്നുപറച്ചിലാണ് എ ഗ്രൂപ് നേതാക്കൾ നടത്തുന്നത്.
നിലവിൽ മൂന്നാം ഗ്രൂപ്പാണ് മണ്ഡലത്തിൽ പിടിമുറുക്കുന്നത്. കെ.സി. ജോസഫ് മാറി സജീവ് ജോസഫ് എം.എൽ.എ ആയതോടെയാണ് എ ഗ്രൂപ്പിൽ ഭിന്നിപ്പും സ്ഥാനനഷ്ടവും ഉണ്ടായിട്ടുള്ളതെന്ന് പലരും നേതൃത്വത്തെ അറിയിച്ചിരുന്നു.
നിലവിൽ ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ മൂന്ന് ബ്ലോക്ക് പ്രസിഡന്റുമാരാണുള്ളത്. ഇരിക്കൂര്‍, ആലക്കോട്, ശ്രീകണ്ഠപുരം എന്നിവയാണ് അവ. അതില്‍ ഇരിക്കൂര്‍ സുധാകരന് ഗ്രൂപ്പിന്റെയും ആലക്കോടും ശ്രീകണ്ഠപുരവും എ ഗ്രൂപ്പിന്റെയും കൈവശമാണുള്ളത്. എന്നാല്‍, ആലക്കോട് ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് സജീവ് ജോസഫ് എം.എൽ.എ തന്റെ അനുയായിക്കുവേണ്ടി അവകാശവാദം ഉന്നയിച്ച് രംഗത്തുവന്നിരിക്കുകയാണ്.
ജോസ് വട്ടമലയെ പ്രസിഡന്റാക്കണമെന്നാണ് സജീവ് ജോസഫിന്റെ ആവശ്യം. നേരത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇരിക്കൂര്‍ സീറ്റ് എ ഗ്രൂപ്പില്‍ നിന്ന് കടുത്ത എതിര്‍പ്പ് ഉയര്‍ന്നിട്ടും സജീവ് ജോസഫ് നേടിയെടുത്തിരുന്നു. അതുപോലെ ആലക്കോട് ബ്ലോക്ക് പ്രസിഡന്റ് സ്ഥാനവും സജീവ് ജോസഫ് തട്ടിയെടുക്കുമോയെന്ന ഭീതി എ ഗ്രൂപ്പില്‍ ഉയര്‍ന്നിട്ടുണ്ട്. എ ഗ്രൂപ്പില്‍നിന്ന് ബിജു ഓരത്തേലിനെ പ്രസിഡന്റാക്കണമെന്ന ആവശ്യമാണ് കെ.പി.സി.സി ജന. സെക്രട്ടറി സോണി സെബാസ്റ്റ്യന്‍ ഉള്‍പ്പെടെ മുന്നോട്ടുവെച്ചത്.
എന്നാല്‍, പുതിയ സാഹചര്യത്തില്‍ പ്രസിഡന്റ് സ്ഥാനം കൈവിട്ടുപോകുമെന്ന ഭീതി എ ഗ്രൂപ്പിലെ ചില നേതാക്കള്‍ക്കുണ്ട്. ഇത് താഴെ തലങ്ങളിലടക്കം ചർച്ചക്കിടയായിട്ടും ജില്ല -സംസ്ഥാന നേതാക്കൾ ഇടപെട്ടിട്ടില്ലെന്നതും എ ഗ്രൂപ്പിലെ ഭിന്നത മറനീക്കാനിടയാക്കിയിട്ടുണ്ട്. നടുവില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കൈവിട്ടുപോയതില്‍ എ ഗ്രൂപ് നേതൃത്വത്തിലെ പലര്‍ക്കും കടുത്ത അമര്‍ഷമുണ്ട്.
സുധാകരന് ഗ്രൂപ്പിലെ ബേബി ഓടംപള്ളിയെ പ്രസിഡന്റാക്കുന്നതിനെ എതിര്‍ത്തതിനെ തുടര്‍ന്നാണ് ബേബി കോണ്‍ഗ്രസില്‍ നിന്ന് മൂന്ന് അംഗങ്ങളെയും ഒരു വിമതയെയും അടര്‍ത്തിയെടുത്ത് സി.പി.എമ്മിന്റെ പിന്തുണയോടെ നേരത്തെ പ്രസിഡന്റായത്. അതിനുശേഷം വീണ്ടും ബേബിയെത്തന്നെ പ്രസിഡന്റാക്കിയ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ നടപടി എ ഗ്രൂപ്പിന് കനത്ത തിരിച്ചടിയാണ്.
ഈ അമര്‍ഷം പുകഞ്ഞുകൊണ്ടിരിക്കെയാണ് എ ഗ്രൂപ്പിന്റെ കൈവശമുള്ള ബ്ലോക്ക് പ്രസിഡന്റ് സ്ഥാനവും നഷ്ടപ്പെട്ടുപോകുമോയെന്ന ഭീതി ഉയര്‍ന്നിട്ടുള്ളത്.