ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് വീണ്ടും; വയോധികന്റെ 15 ലക്ഷം തട്ടി
text_fieldsകണ്ണൂർ: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരാണെന്നും ഡിജിറ്റൽ അറസ്റ്റുണ്ടെന്നും ഭീഷണിപ്പെടുത്തി വയോധികന്റെ 15 ലക്ഷം തട്ടിയെടുത്തു. കണ്ണൂർ തളാപ്പ് സ്വദേശി യു.ഡി കമലേഷ് കുമാറിന്റെ തുകയാണ് നഷ്ടപ്പെട്ടത്. ഇദ്ദേഹത്തിന്റെ പരാതിയിൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കഴിഞ്ഞ ഡിസംബർ 10നാണ് സംഭവം. വാട്സ്ആപ് വഴി ഇ.ഡി ഉദ്യോഗസ്ഥരാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പിന്റെ തുടക്കം. നരേഷ് ഗോയൽ മണി ലോൺട്രിങ് കേസിൽ പരാതിക്കാരന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ട് ഉൾപ്പെട്ടിട്ടുണ്ടെന്നും ഡിസംബർ 10 മുതൽ 11 വരെ ഡിജിറ്റൽ അറസ്റ്റു ചെയ്തിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തിയുമായിരുന്നു തട്ടിപ്പ്. ബാങ്ക് അക്കൗണ്ട് പരിശോധിക്കാനെന്ന വ്യാജേന പരാതിക്കാരന്റെ സ്ഥിരനിക്ഷേപ തുകയായ 15 ലക്ഷം രൂപ പ്രതികൾ നിർദേശിച്ച അക്കൗണ്ടിലേക്ക് അയപ്പിച്ചു കൈക്കലാക്കിയെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.
ഡേറ്റ പ്രൊട്ടക്ഷൻ ബോർഡ് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥൻ എന്ന വ്യാജേന റിട്ട. ബാങ്ക് മാനേജറെ ഡിജിറ്റൽ അറസ്റ്റ് ചെയ്ത് പണം തട്ടാനുള്ള നീക്കം കഴിഞ്ഞ ദിവസം സൈബർ പൊലീസ് പൊളിച്ചതിനു പിന്നാലെയാണ് പുതിയ സംഭവം. തോട്ടട സ്വദേശിയായ റിട്ട. ബാങ്ക് മാനേജർ പ്രമോദ് മഠത്തിലിന്‍റെ ജാഗ്രതയിലാണ് തട്ടിപ്പ് തടയാനായത്. മുംബൈയിലെ കാനറ ബാങ്കിൽ പ്രമോദിന്റെ പേരിൽ ഒരു അക്കൗണ്ടും സിം കാർഡും എടുത്തിട്ടുണ്ടെന്നും നിരോധിച്ച സംഘടനയായ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തകനെ എൻ.ഐ.എ അറസ്റ്റ് ചെയ്തപ്പോൾ പിടിച്ചെടുത്ത രേഖകളിൽ പ്രമോദിന്റെ പേരിലുള്ള ക്രെഡിറ്റ് കാർഡും ഉൾപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു തട്ടിപ്പുകാർ വിശ്വസിപ്പിച്ചത്. കാര്യങ്ങൾ മനസ്സിലാക്കിയ പ്രമോദും ഭാര്യയും ഉടൻ തന്നെ കണ്ണൂർ സിറ്റി സൈബർ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്നാണ് പണം നഷ്ടപ്പെടാതെ പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

