ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഭീതി വിതച്ച് ഡീസൽ കന്നാസുകൾ
text_fieldsതലശ്ശേരി: ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇന്ധനം സൂക്ഷിക്കുന്നത് അപായ ഭീതി ഉണർത്തുന്നു. പുതിയ ബസ് സ്റ്റാൻഡിലെ ടൗൺ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ യാത്രക്കാർ ഇരിക്കുന്ന സ്ഥലത്താണ് അലക്ഷ്യമായി ഇന്ധനം സൂക്ഷിക്കുന്നത്. ഒരു തീപ്പൊരി വീണാൽ പരിസരം മുഴുവൻ കത്തിച്ചാമ്പലാകാൻ നിമിഷ നേരം മതി.
പിണറായി, മമ്പറം, അഞ്ചരക്കണ്ടി, കായലോട്, അണ്ടല്ലൂർ, മേലൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സ്ത്രീകളും കുട്ടികളുമടക്കുള്ള യാത്രക്കാർ ബസ് കാത്തിരിക്കുന്നത് ഇവിടെയാണ്. സ്കൂൾ കോളജ് വിദ്യാർഥികളും ബസ് വരുന്നതുവരെ വിശ്രമിക്കുന്നതും ഇവിടെ പതിവാണ്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി കാണുന്ന അതീവ ഗുരുതര അപകടക്കാഴ്ചയാണിത്. എളുപ്പം തീപിടിക്കാൻ സാധ്യതയുള്ള ഡീസൽ ഇന്ധനമാണ് ഒട്ടേറെ കന്നാസുകളിൽ നിറച്ച് ബസ് കാത്തിരിക്കുന്ന യാത്രക്കാരുടെ കാൽക്കീഴിൽ നിരത്തിവെച്ചിട്ടുള്ളത്. തൊട്ടുമുന്നിൽ ഓട്ടോ സ്റ്റാൻഡുമുണ്ട്.പൊതുസ്ഥലങ്ങളിൽ പുകവലി നിരോധനമുണ്ടെങ്കിലും ഷെൽട്ടറിലിരുന്ന് ആളുകൾ പുകവലിക്കുന്നതും ഇവിടെ പതിവാണ്.
പുകവലിച്ചശേഷം ബീഡി, സിഗരറ്റ് കുറ്റികൾ ഇത്തരക്കാർ സമീപത്ത് അലക്ഷ്യമായി വലിച്ചെറിയും. പുകയുന്ന കുറ്റികൾ ഡീസൽ കാനിനു മുന്നിൽ വീണാൽ തീപിടിത്തവും പൊട്ടിത്തെറിയും ഉറപ്പാണ്.
മാഹിയിൽനിന്ന് വിലക്കുറവിൽ കന്നാസുകളിൽ ശേഖരിക്കുന്ന ഡീസൽ അനധികൃതമായി കടത്തിക്കൊണ്ടുവരുന്ന ചിലരാണ് ആവശ്യക്കാർക്ക് മറിച്ചു വിൽക്കാൻ ഇവ അലക്ഷ്യമായി ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ സൂക്ഷിക്കുന്നത്. പൊലീസും നഗരസഭ ആരോഗ്യ വിഭാഗവും ഇക്കാര്യത്തിൽ നടപടിയെടുക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

