വകുപ്പുതല പരീക്ഷകൾ: ഭാഷ തിരെഞ്ഞടുക്കാൻ സൗകര്യം നൽകണം –മനുഷ്യാവകാശ കമീഷൻ
text_fieldsകണ്ണൂർ: സർക്കാർ നടത്തുന്ന പി.എസ്.സി വകുപ്പുതല പരീക്ഷകൾക്കുള്ള ഭാഷ തിരെഞ്ഞടുക്കാനുള്ള സൗകര്യം ഉദ്യോഗസ്ഥർക്ക് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. പരീക്ഷകൾക്കുള്ള എല്ലാ പ്രസിദ്ധീകരണങ്ങളും ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിക്കും പി.എസ്.സി സെക്രട്ടറിക്കുമാണ് കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് നിർദേശം നൽകിയത്. സർക്കാറിെൻറ ഭരണനടപടികൾ മലയാളത്തിലാക്കിയിട്ടും വകുപ്പുതല പരീക്ഷകൾ മലയാളത്തിൽ നടത്താത്തതിനെതിരെ കണ്ണൂരിലെ കേളകം സ്വദേശി കെ.പി. നാരായണ കുമാർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
നിലവിൽ വകുപ്പുതല പരീക്ഷകൾക്കുള്ള പുസ്തകങ്ങൾ ഇംഗ്ലീഷിലാണ് പ്രസിദ്ധീകരിക്കുന്നതെന്ന് പി.എസ്.സി സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. അവ മലയാളത്തിൽ പ്രസിദ്ധീകരിക്കുന്ന വേളയിൽ പരീക്ഷകൾ മലയാളത്തിലാക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. മാനുവൽ ഓഫിസ് പ്രൊസീജ്യർ, കേരള സർവിസ് റൂൾസ്, അക്കൗണ്ട് ടെക്സ്, ഫിനാൻസ് കോഡ്, ലേബർ ടെസ്റ്റ് എന്നിവയെല്ലാം ഇംഗ്ലീഷിലാണ് നടത്തുന്നത്. ഇവക്കുള്ള പ്രസിദ്ധീകരണങ്ങളെല്ലാം ഇംഗ്ലീഷിലാണ് പുറത്തിറങ്ങുന്നതും.
ശ്രേഷ്ഠ ഭാഷ മലയാളം എന്ന മുദ്രാവാക്യം സർക്കാർ മുന്നോട്ടുവെക്കുന്ന സാഹചര്യത്തിൽ വകുപ്പുതല പരീക്ഷകൾ മലയാളത്തിൽ എഴുതണമെങ്കിൽ അത് തിരഞ്ഞടുക്കാനുള്ള സൗകര്യം ഉദ്യോഗസ്ഥർക്ക് നൽകണമെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു.