മുളകുപൊടി വിതറി എട്ട് ലക്ഷം രൂപ കവർന്ന കേസ്: പ്രതി നിഹാലിനെ വീട്ടിലെത്തിച്ച് തെളിവെടുത്തു
text_fieldsതലശ്ശേരി: ധർമടം സ്വദേശി റഹീസിെൻറ മുഖത്ത് മുളകുപൊടി വിതറി എട്ട് ലക്ഷം രൂപ കവർന്ന കേസിലെ മുഖ്യപ്രതി വടക്കുമ്പാട് മഠത്തുംഭാഗം റസിയാസിൽ നിഹാലിനെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കേസിൽ പിടികിട്ടാനുള്ള മറ്റ് പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്ന് പൊലീസ് പറഞ്ഞു.
നവംബർ 16 നായിരുന്നു സംഭവം. പഴയ ബസ് സ്റ്റാൻഡ് എം.ജി റോഡിലെ സഹകരണ ബാങ്കിൽ പണയം വെച്ച സ്വർണാഭരണങ്ങൾ തിരിച്ചെടുക്കാനുള്ള പണവുമായി എത്തിയതായിരുന്നു റഹീസ്. കവർച്ചസംഘത്തിലെ മുഖ്യപ്രതിയാണ് നിഹാലെന്ന് പൊലീസ് പറഞ്ഞു. റിമാൻഡിൽ കഴിയുകയായിരുന്ന നിഹാലിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യലിന് വിധേയമാക്കിയ ശേഷം വെള്ളിയാഴ്ച ഉച്ചയോടെയാണ് മഠത്തുംഭാഗത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്്.
തലശ്ശേരി പൊലീസ് ഇൻസ്പെക്ടർ കെ. സനൽകുമാർ, എസ്.ഐ രാജേഷ് എലിയാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ഈ കേസിലെ മറ്റൊരു പ്രതിയായ കണ്ണൂർ വാരം വലിയന്നൂർ സ്വദേശി റുഖിയ മൻസിലിൽ അഫ്സലിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കവർച്ചസംഘം രക്ഷപ്പെട്ട മാരുതികാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ണൂർ സ്വദേശി നൂർ തങ്ങൾ ഉൾപ്പെടെ അഞ്ച് പേരടങ്ങുന്ന സംഘമാണ് കവർച്ച നടത്തിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം.
മറ്റ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും വൈകാതെ അവരുടെ അറസ്റ്റ് ഉണ്ടാകുമെന്നും തലശ്ശേരി പ്രിൻസിപ്പൽ എസ്.ഐ രാജേഷ് എലിയാൻ പറഞ്ഞു.