ഫിസിക്കൽ എജുക്കേഷൻ കോഴ്‌സുകൾ നിർത്തലാക്കാനുള്ള തീരുമാനം വി.സിയുടെ ഒളിയജണ്ട -കെ.എസ്.യു
text_fieldsകണ്ണൂർ: സർവകലാശാലക്ക് കീഴിലെ ഫിസിക്കൽ എജുക്കേഷൻ കോഴ്‌സുകൾ നിർത്തലാക്കാനുള്ള നീക്കത്തിനുപിന്നിൽ വൈസ് ചാൻസലറുടെ ഒളിയജണ്ടയാണെന്നും വിദ്യാർഥി ദ്രോഹ നടപടിയാണ് വി.സി പിന്തുടരുന്നതെന്നും കെ.എസ്.യു ആരോപിച്ചു.
നിരവധി വിദ്യാർഥികൾക്ക് പ്രയോജനകരമാകുന്ന വലിയ തൊഴിൽ സാധ്യതകളുള്ള കോഴ്സുകൾ കേവലം മുടന്തൻ ന്യായങ്ങൾ നിരത്തിയാണ് ഇല്ലാതാക്കുന്നത്. സർവകലാശാലയുടെ പല കോഴ്സുകളുടെ കാര്യത്തിലും ഇത്തരം അജണ്ടകളുമായി വി.സി കഴിഞ്ഞ കാലങ്ങളിൽ രംഗത്തുവന്നിരുന്നു.
ആന്ത്രോപ്പോളജി കോഴ്സ് നിർത്തലാക്കാനുള്ള ശ്രമമുണ്ടായപ്പോൾ വലിയ വിദ്യാർഥി പ്രതിഷേധത്തിന്റെ ഫലമായാണ് വൈസ് ചാൻസലർ ആ തീരുമാനത്തിൽനിന്ന് പിന്മാറിയത്. വ്യക്തി താല്പര്യങ്ങളുടെ പേരിൽ ഫിസിക്കൽ എജുക്കേഷൻ കോഴ്‌സുകൾ നിർത്തലാക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നും ശക്തമായ പ്രതിഷേധ സമരത്തിലേക്ക് നീങ്ങുമെന്നും ജില്ല പ്രസിഡന്റ് പി. മുഹമ്മദ് പ്രസ്താവനയിൽ പറഞ്ഞു.