വിടപറഞ്ഞത് കണ്ണൂരിെൻറ സ്വന്തം കാരണവർ
text_fields
മുസ്ലിം ലീഗ് നേതാവ് വി.കെ. അബ്ദുൽ ഖാദർ മൗലവിയുടെ മൃതദേഹം കണ്ണൂർ താണയിലെ വീട്ടിൽ പൊതുദർശനത്തിനുെവച്ചപ്പോൾ കാണാന്‍ എത്തിയവരുടെ തിരക്ക്
കണ്ണൂർ: ശുഭ്രവസ്ത്രവും തൊപ്പിയും ധരിച്ചുള്ള ആ നേതാവിെൻറ പുഞ്ചിരി ഇനി കണ്ണൂർ രാഷ്ട്രീയത്തിലില്ല. മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ വി.കെ. അബ്ദുൽ ഖാദർ മൗലവിയുടെ നിര്യാണത്തിലൂടെ തലമുതിർന്ന രാഷ്ട്രീയ കാരണവരെയാണ് കണ്ണൂരിന് നഷ്ടമായത്. എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ചു കൊണ്ടുപോവുക എന്ന രാഷ്ട്രീയ കാഴ്ചപ്പാടാണ് സാമൂഹിക ഇടപെടലുകളിലൂടെ അദ്ദേഹം എന്നും ഉയർത്തിപ്പിടിച്ചത്. കോൺഗ്രസിനകത്തും ലീഗിലും ഏതുതരത്തിലുള്ള പ്രതിസന്ധി ഉടലെടുത്താലും അത് ചർച്ചയിലൂടെ പരിഹരിക്കാനുള്ള പ്രത്യേക കഴിവ് മൗലവിയുടെ രാഷ്ട്രീയ ജീവിതത്തിലെ മുതൽക്കൂട്ടായിരുന്നു. എതിർ രാഷ്ട്രീയക്കാരോടുപോലും സൗമ്യമായും സ്നേഹോഷ്മളവുമായ രീതിയിൽ മാത്രമായിരുന്നു പെരുമാറ്റം. ജില്ലയിലെ ലീഗ് രാഷ്ട്രീയത്തിൽ മാത്രമല്ല യു.ഡി.എഫ് സംവിധാനം ഐക്യത്തോടെയും ശക്തിയോടെയും മുന്നോട്ടുകൊണ്ടുപോകുന്നതിലും മൗലവി വഹിച്ച പങ്ക് നിസ്തുലമാണ്.
ഒ.കെ. മുഹമ്മദ് കുഞ്ഞി, കേയി സാഹിബ്, ഇ. അഹമ്മദ്, സി.പി. മഹമൂദ് ഹാജി, എൻ.എ. മമ്മുഹാജി തുടങ്ങിയ പഴയ ലീഗ് നേതാക്കൾക്കൊപ്പം പ്രവർത്തിച്ച അദ്ദേഹം തലമുതിർന്ന രാഷ്ട്രീയ നേതാക്കളിലൊരാളായിരുന്നു.
കൂടാെത ചടയൻ ഗോവിന്ദൻ, ഇ.കെ. നായനാർ, കെ. കരുണാകരൻ, എൻ. രാമകൃഷ്ണൻ, കെ.പി. നൂറുദ്ദീൻ അടക്കമുള്ള ജില്ലയിലെ മുതിർന്ന നേതാക്കളുമായി ഹൃദയബന്ധം സൂക്ഷിച്ച നേതാവ് കൂടിയായിരുന്നു. സംഘടനപരമായ ഏത് പ്രശ്നങ്ങള്‍ക്കും ഞൊടിയിടയില്‍ പരിഹാരം കാണാന്‍ ശേഷിയുള്ള രാഷ്ട്രീയ, മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു. രാഷ്ട്രീയത്തിലെ ഇളമുറക്കാർക്ക് ഉപദേശിയും മാർഗദർശിയുമൊക്കെയായി അദ്ദേഹം നിലകൊണ്ടു. ജില്ലയിൽ രാഷ്ട്രീയ സംഘർഷമുണ്ടായ കാലത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനും നിർണായകപങ്ക് വഹിച്ചിരുന്നു.
വേർപാടിൽ അനുശോചന പ്രവാഹം
കണ്ണൂർ: വി.കെ. അബ്ദുൽ ഖാദർ മൗലവിയുടെ നിര്യാണത്തിൽ സമൂഹത്തിലെ നാനാതുറകളിൽ നിന്നുള്ളവരുടെ അനുശോചന പ്രവാഹം. നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കണ്ണൂർ മേഖലയിൽ എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും സ്വീകാര്യനായ പൊതുപ്രവർത്തകനാണ് വിടവാങ്ങിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിനും ജാതിമത ചിന്തകള്‍ക്കും അതീതമായി വലിയൊരു സൗഹൃദവലയത്തിെൻറ ഉടമയായിരുന്നുവെന്നും ലീഗിെൻറയും യു.ഡി.എഫിെൻറയും വളര്‍ച്ചക്ക് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും മുൻമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുശോചന കുറിപ്പിൽ പറഞ്ഞു.
ജ്യേഷ്ഠസഹോദര തുല്യനായിരുന്ന ഇദ്ദേഹം തനിക്ക് വഴികാട്ടിയും മാര്‍ഗദര്‍ശിയും ആയിരുന്നുവെന്ന് കെ. സുധാകരൻ അനുശോചന സന്ദേശത്തിൽ കുറിച്ചു.
ധവളിമയുടെയും പാരമ്പര്യത്തിെൻറയും പര്യായമായിരുന്നു വിടപറഞ്ഞ നേതാവെന്ന് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. വേർപാട് ജനാധിപത്യ പ്രസ്ഥാനങ്ങൾക്ക് വലിയ വിടവായി എല്ലാകാലത്തും ഉണ്ടാവുമെന്ന് മേയർ ടി.ഒ. മോഹനൻ പറഞ്ഞു.
കണ്ണൂർ രാഷ്ട്രീയത്തിൽ സൗമ്യതയുടെ മുഖമാണ് മൗലവിയുടെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടിവ് യോഗം അഭിപ്രായപ്പെട്ടു. യോഗത്തിൽ ജില്ല പ്രസിഡൻറ് സാദിഖ് ഉളിയിൽ അധ്യക്ഷത വഹിച്ചു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, രാജ്മോഹന്‍ ഉണ്ണിത്താന് എം.പി, അഡ്വ. സണ്ണി ജോസഫ് എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് അഡ്വ. മാർട്ടിൻ ജോർജ്, മുൻ ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, രാമചന്ദ്രന് കടന്നപ്പള്ളി എം.എല്‍.എ, കോണ്‍ഗ്രസ് എസ് സംസ്ഥാന ജന. സെക്രട്ടറി ഇ.പി.ആര്. വേശാല, എസ്.ടി.യു സംസ്ഥാന പ്രസിഡൻറ് അഡ്വ. എം. റഹ്മത്തുല്ല, കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ ജില്ല കമ്മിറ്റി, എസ്.ജി.ഒ.യു സംസ്ഥാന സെക്രട്ടറി കെ.വി. ഫാറൂഖ്, ജില്ല പ്രസിഡൻറ് റഹിം ബാണത്തുങ്കണ്ടി, എസ്.ഇ.യു ജില്ല പ്രസിഡൻറ് കെ. മൊയ്തീൻ, ജന. സെക്രട്ടറി പി.സി. റഫീഖ്, യു.ഡി.എഫ് ജില്ല കമ്മിറ്റി, മുൻ എം.എൽ.എ കെ.സി. ജോസഫ്, െഎ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, പത്രപ്രവർത്തക ജില്ല കമ്മിറ്റി എന്നിവരും അനുശോചിച്ചു.
രാഷ്ട്രീയത്തിലെ സൗഹൃദങ്ങൾക്ക് ഏറെ വിലകൽപിച്ച നേതാവാണ് വി.കെ. അബ്ദുൽ ഖാദർ മൗലവിയെന്ന് ജമാഅത്തെ ഇസ്ലാമി ജില്ല സെക്രേട്ടറിയറ്റ് പ്രസ്താവനയിൽ അനുസ്മരിച്ചു. സാധാരണക്കാരുമായുള്ള ആത്മബന്ധവും മതവിശ്വാസം മുറുകെപ്പിടിച്ചുകൊണ്ടുള്ള സജീവ രാഷ്ട്രീയത്തിലെ കണിശ നിലപാടുകളും അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നു.
മുസ്ലിം സംഘടനകളുടെ ഐക്യവേദികൾ കെട്ടിപ്പടുക്കാനും പ്രകോപനപരമാവുന്ന സാഹചര്യങ്ങൾ സൂക്ഷ്മതകൊണ്ട് നേരിടാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് മികച്ചതാണെന്നും വേർപാട് ലീഗിന് മാത്രമല്ല, മുസ്ലിം സമുദായത്തിനും സാമൂഹിക പ്രവർത്തന മേഖലക്കാകെയും കനത്ത നഷ്ടമാണെന്നും അനുസ്മരിച്ചു. മേഖല നാസിം യു.പി. സിദ്ദീഖ് മാസ്റ്റർ, ജില്ല പ്രസിഡൻറ് പി.കെ. മുഹമ്മദ് സാജിദ് നദ്വി, ജില്ല സെക്രട്ടറി സി.കെ.എ. ജബ്ബാർ, വൈസ് പ്രസിഡൻറ് സി.പി. ഹാരിസ് എന്നിവർ അന്തിമോപചാരം അർപ്പിച്ചു.