പോളിടെക്നിക് വിദ്യാർഥിയുടെ മരണം; പിതാവ് പരാതി നൽകി
text_fieldsകണ്ണൂർ: തോട്ടട ഗവ. പോളിടെക്നിക് വിദ്യാർഥി കോഴിക്കോട് നരയംകുളം സ്വദേശി അശ്വന്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് പിതാവ് തച്ചറോത്ത് ശശി എടക്കാട് പൊലീസിൽ പരാതി നൽകി. പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്നാം വര്‍ഷ ഇലക്ട്രോണിക്സ് വിദ്യാർഥിയായ അശ്വന്തിനെ ബുധനാഴ്ച രാവിലെയാണ് ഹോസ്റ്റലിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഒന്നാം വർഷ വിദ്യാർഥികൾക്കായി ഒഴിച്ചിട്ട മുറിയിലായിരുന്നു മൃതദേഹം.മരണകാരണം വ്യക്തമല്ല.
തലേന്ന് രാത്രി വൈകുവോളം ഓൺലൈനിലുണ്ടായിരുന്ന മകന് പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും ആത്മഹത്യ ചെയ്യാൻ സാധ്യതയില്ലെന്നും പരാതിയിൽ പറയുന്നു. മരണവിവരമറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും എത്തുേമ്പാഴേക്കും മൃതദേഹം അഴിച്ചുമാറ്റിയിരുന്നു. ആത്മഹത്യ ചെയ്യാൻ ഒരു കാരണവുമില്ലെന്നാണ് സഹപാഠികളും പറയുന്നതെന്നും പരാതിയിൽ പറയുന്നു.
അതേസമയം പോസ്റ്റുമോർട്ടത്തിൽ അസ്വഭാവികമായൊന്നും കണ്ടെത്തിയില്ലെന്നും സാധാരണ തൂങ്ങിമരണത്തിെൻറ തെളിവുകളാണ് ലഭിച്ചതെന്നും പൊലീസ് പറഞ്ഞു. ശരീരത്തിലെവിടെയും പരിക്കേറ്റിരുന്നില്ല. തലേദിവസം കോളജിൽ സംഘർഷം നടന്നതായി വിവരമില്ലെന്നും പൊലീസ് പറഞ്ഞു.

