അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുമാറ്റി
text_fieldsതലശ്ശേരി മെയിൻ റോഡ് വാധ്യാർപീടിക പരിസരത്തെ കെട്ടിടത്തിന്റെ മുകൾഭാഗം പൊളിച്ചപ്പോൾ
തലശ്ശേരി: നഗരത്തിൽ അപകടഭീതിയുയർത്തിയ കെട്ടിടം പൊളിച്ചു. മെയിൻ റോഡ് വാധ്യാർപീടിക പരിസരത്ത് നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകൾ ഭാഗമാണ് ബുധനാഴ്ച പൊളിച്ചുനീക്കിയത്.
ഏതാനും ദിവസംമുമ്പ് ശക്തമായ കാറ്റിലും മഴയിലും കെട്ടിടത്തിന്റെ മുകളിലെ ഒരുഭാഗം ഇടിഞ്ഞുവീണിരുന്നു. ഇതോടെ കെട്ടിടത്തിന്റെ അവശേഷിക്കുന്ന ഭാഗം അപകടാവസ്ഥയിലായി. സദാസമയവും തിരക്കുള്ള തലശ്ശേരി-മാഹി ദേശീയപാതയിലെ പ്രധാന കവലയാണിത്.
കെട്ടിടത്തിന്റെ അപകടാവസ്ഥയെക്കുറിച്ച് ചൊവ്വാഴ്ച 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. നഗരത്തിലെ തിരക്കേറിയ മറ്റു റോഡുകളിലും കാലപ്പഴക്കമേറെയുള്ള നിരവധി കെട്ടിടങ്ങളുണ്ട്. അറ്റകുറ്റപ്പണികൾ പോലും നടത്താത്തതാണ് ഇതിൽ ഭൂരിഭാഗവും.കാലവർഷം കനത്തതോടെ മനുഷ്യജീവനുതന്നെ ഭീഷണിയായി മാറുകയാണ് ഇത്തരം കെട്ടിടങ്ങൾ. മഴക്കാലത്ത് ചോർച്ചയും വിള്ളലും ഉണ്ടാകുമ്പോൾ മാത്രമാണ് കെട്ടിടങ്ങളുടെ അപകടാവസ്ഥ പുറത്ത് കാണുന്നത്. അപകടഭീതിയിലുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയില്ലെങ്കിൽ നഗരം വലിയ ദുരന്തത്തിന് സാക്ഷിയാവും. ദേശീയപാതയിലാണ് പഴകിയ കെട്ടിടങ്ങൾ ഏറെയും.