Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചുഴലിക്കാറ്റും മഴയും; വീടുകൾ തകർന്നു വൻ കൃഷിനാശം

text_fields
bookmark_border
വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി, ഇടിമിന്നലേറ്റ് അമ്മക്കും മകനും പരിക്ക്
ചുഴലിക്കാറ്റും മഴയും; വീടുകൾ തകർന്നു വൻ കൃഷിനാശം
cancel

ഇരിട്ടി: വേനൽമഴക്കൊപ്പമുണ്ടായ ചുഴലിക്കാറ്റിൽ മലയോര മേഖലയിൽ കനത്ത നാശനഷ്ടം. മരം വീണ് നിരവധി വീടുകൾ ഭാഗികമായി തകർന്നു. വൈദ്യുതി ബന്ധങ്ങൾ താറുമാറായി. റോഡിൽ മരം വീണ് മണിക്കൂറുകളോളം ഗതാഗതസ്തംഭനവും ഉണ്ടായി. അയ്യൻകുന്ന്, ഇരിട്ടി, മുഴക്കുന്ന്, പേരാവൂർ മേഖലയിലാണ് കനത്ത നാശനഷ്ടമുണ്ടായത്. വെള്ളിയാഴ്ച വൈകീട്ടാണ് മഴയും കാറ്റും ഉണ്ടായത്. മഴ മണിക്കൂറുകളോളം നീണ്ടുനിന്നു.

താഴ്ന്ന ഇടങ്ങളിൽ കടകളിലേക്കും വീടുകളിലേക്കും വെള്ളം കയറി. മഴ വെള്ളത്തിനൊപ്പം ഒഴുകിയെത്തിയ ചപ്പുചവറുകൾ നിറഞ്ഞ് ഓടകൾ അടഞ്ഞതോടെ പല സ്ഥലങ്ങളിലും വെള്ളം റോഡുകളിലേക്കും സ്ഥാപനങ്ങളിലേക്കും ഇരച്ചെത്തി. ഇരിട്ടി ടൗണിൽ പത്തോളം വ്യാപാര സ്ഥപനങ്ങളിൽ വെള്ളം കയറി.

അയ്യൻകുന്ന് പഞ്ചായത്തിലെ മൂന്നാംകുറ്റിയിലും അങ്ങാടിക്കടവ് മേഖലയിലും വീടുകൾക്കും കൃഷിക്കും നാശം നേരിട്ടു. മൂന്നാംകുറ്റിയിലെ ആയിഷ അങ്ങേത്ത്, ബിനീഷ് കുളങ്ങരമുറി എന്നിവരുടെ വീടിന് മുകളിലേക്ക് മരം വീണ് വീട് ഭാഗികമായി തകർന്നു. മേഖലയിൽ നിരവധി റബർമരങ്ങൾ ചുഴലിക്കാറ്റിൽ നിലംപൊത്തി. പല സ്ഥലങ്ങളിലും വൈദ്യുതി തൂണുകൾ പൊട്ടിവീണ് വൈദ്യുതിബന്ധം താറുമാറായി. അങ്ങാടിക്കടവ് ഡോൺ ബോസ്‌കോ കോളജിന് സമീപം റോഡിലേക്ക് മരം പൊട്ടി വീണു. നാട്ടുകാരും അഗ്നിരക്ഷാ സേനയും ഏറെ പണിപ്പെട്ടാണ് മരം മുറിച്ചുനീക്കിയത്. കടത്തുംകടവിൽ കമ്പിയിൽ തോമസിന്റെ വീടിന്റെ മേൽക്കൂര മരം വീണ് പൂർണമായും തകർന്നു.

പയഞ്ചേരിമുക്കിൽ പത്തോളം വീടുകളിൽ വെള്ളം കയറി. കൈരാതി കിരാത ക്ഷേത്രത്തിന് പിറകിലുള്ള വീടുകളിലാണ് വെള്ളം കയറിയത്. ഇവിടങ്ങളിൽ കിണറുകളിലേക്കും മലിനജലമെത്തി വെള്ളം ഉപയോഗ ശൂന്യമായി. കീഴൂർക്കുന്നിൽ നിർമാണത്തിലിരിക്കുന്ന റസ്‌റ്റാറന്റിൽ നിർമിക്കുന്ന കുട്ടികളുടെ പാർക്കിന്റെ മേൽക്കൂര കാറ്റിൽ പാറിപ്പോയി. വിളക്കോട് മരം വീണ് നിരവധി വൈദ്യുതി തൂണുകൾ തകർന്നതിനാൽ മേഖലയിൽ വൈദ്യുതിബന്ധം മണിക്കൂറുകളോളം തടസ്സപ്പെട്ടു.

പേരാവൂർ പഞ്ചായത്തിൽ മരം വീണ് നിരവധി ഇടങ്ങളിൽ ഗതാഗതസ്തംഭനമുണ്ടായി. ജിമ്മി ജോർജ് റോഡ്, പുതുശ്ശേരി റോഡ്, പുതുശ്ശേരി-കാഞ്ഞിരപ്പുഴ ഇ.എം.എസ്‌ റോഡ്, തൊണ്ടിയിൽ-കുനിത്തലമുക്ക് റോഡ് എന്നിവിടങ്ങളിലാണ് ഗതാഗതം തടസ്സപ്പെട്ടത്. തൂണുകളും കമ്പികളും പൊട്ടിവീണ് വൈദ്യുതി വിതരണവും മുടങ്ങി. മുള്ളേരിക്കലിലെ എടച്ചേരി ഷൈജു, ബിന്ദു തുരുത്തിക്കാട്ടിൽ, ചെല്ലമ്മ വേണളം കുടിയിൽ എന്നിവരുടെ വീടുകളുടെ മേൽക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റുകൾ നശിച്ചു. പുതുശ്ശേരി ഇ.എം.എസ് റോഡിലെ എടപ്പാറ സൈനബയുടെ വീടിനു മുകളിൽ മരം വീണ് നാശമുണ്ടായി. പുതുശ്ശേരിയിലെ വെള്ളാംവള്ളി കൗസല്യയുടെ വിറകുപുര മരം വീണ് തകർന്നു. ലക്ഷംവീട്ടിലെ അധികാരത്തിൽ മാത്യു, ചക്ക്യത്ത് രവി എന്നിവരുടെ വീടുകൾക്ക് മുകളിലും മരം വീണ് നാശമുണ്ടായി. ലക്ഷംവീട്ടിലെ കളത്തിൽ സന്തോഷ്, സിന്ധു എന്നിവരുടെ വീടുകളുടെ മേൽക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റുകളും നശിച്ചു. ചക്ക്യത്ത് കൃഷ്ണന്റെ 200ഓളം വാഴകൾ കാറ്റിൽ നിലം പൊത്തി.

ഇടിമിന്നലേറ്റ് അമ്മക്കും മകനും പരിക്ക്

ആലക്കോട്: വേനല്‍മഴക്കൊപ്പമുണ്ടായ ഇടിമിന്നലേറ്റ് അമ്മക്കും മകനും പരിക്കേറ്റു. എരുവാട്ടിയിലെ വനജ രാജീവന്‍ (50), മകന്‍ ഷാരോണ്‍ (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകീട്ട് വീട്ടില്‍ വെച്ചാണ് മിന്നലേറ്റത്. ഇരുവര്‍ക്കും ആലക്കോട് സഹകരണ ആശുപത്രിയില്‍ ചികിത്സ നല്‍കി. തുടര്‍ന്ന് ഷാരോണിനെ വിദഗ്ധ ചികിത്സക്കായി പരിയാരം മെഡി. കോളജില്‍ പ്രവേശിപ്പിച്ചു. ഇവരുടെ വീട്ടുമുറ്റത്തെ തെങ്ങിനും ഇടിമിന്നലേറ്റു. എരുവാട്ടി മേഖലയില്‍ നിരവധി വീടുകളിലെ വയറിങ് ഇടിമിന്നലേറ്റ് കത്തിനശിച്ചിട്ടുമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cyclone and rain; Houses destroyed, extensive crop damage
Next Story