കഴിഞ്ഞ ആറു മാസത്തിനുള്ളിൽ സൈബർ പൊലീസ് കണ്ടെത്തിയത് 300 ഫോണുകൾ
text_fieldsകണ്ണൂർ സിറ്റി സൈബർ സെൽ കണ്ടെത്തിയ ഫോണുകൾ സിറ്റി പൊലീസ് കമീഷണർ പി. നിധിൻരാജ് ഉടമസ്ഥർക്ക് കൈമാറുന്നു
കണ്ണൂർ: മറ്റൊരാളുടെ മൊബൈൽ ഫോൺ മോഷ്ടിച്ചാലോ കളഞ്ഞു കിട്ടിയാലോ ഇനി ഉപയോഗിക്കാനാവില്ല. മാത്രമല്ല പൊലീസിന്റെ പിടിയിലുമാവും. കേന്ദ്ര സർക്കാറിനു കീഴിലുള്ള സി.ഐ.ആര് പോർട്ടലാണ് ഫോൺ മോഷ്ടാക്കളെ കുടുക്കുക. 2023ന് ശേഷം നഷ്ടപ്പെട്ട 300 ഓളം മൊബൈൽ ഫോണുകളാണ് ഇതുവഴി കണ്ണൂർ സിറ്റി സൈബർ സെൽ കണ്ടെത്തിയത്. അന്യ സംസ്ഥാനങ്ങളിലടക്കം ചെന്നാണ് ഫോണുകൾ കണ്ടെടുത്തത്.
നഷ്ടപ്പെട്ട വിലകൂടിയ ഫോണുകൾ വർഷങ്ങൾക്കും മാസങ്ങൾക്കും ശേഷം കൈയിലെത്തിയപ്പോൾ ഉടമസ്ഥർക്ക് വലിയ ആഹ്ലാദം. പൊലീസിന് നന്ദിയും. കണ്ടെത്തിയ 33 മൊബൈൽ ഫോണുകളാണ് തിങ്കളാഴ്ച മാത്രം ഉടമസ്ഥർക്ക് കൈമാറിയത്.
നഷ്ടപ്പെട്ടതും മോഷണം പോയതുമായ മൊബൈൽ ഫോണുകളാണിവ. സംസ്ഥാനത്തെ വിവിധ ജില്ലകൾക്ക് പുറമെ തമിഴ്നാട്, ഉത്തർപ്രദേശ്, ഡൽഹി, കർണാടക തുടങ്ങിയ ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് ഇവയെല്ലാം കണ്ടെത്തിയത്. വീണ്ടെടുത്ത ഫോണുകൾ സിറ്റി പൊലീസ് കമീഷണർ പി. നിധിൻരാജ് ഉടമസ്ഥർക്ക് കൈമാറി. സൈബർ സെൽ എ.എസ്.ഐ എം. ശ്രീജിത്ത് സി.പി.ഒ പി.കെ. ദിജിൻ രാജ് എന്നിവർ ചേർന്നാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്.
മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടാൽ
മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടാൽ സിം കാർഡ് ഡ്യൂപ്ലിക്കേറ്റ് എടുത്ത് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ശേഷം പരാതി രശീത് ഉപയോഗിച്ച് സി.ഇ.ഐ.ആർ പോർട്ടൽ (https://www.ceir.gov.in) വഴി ഫോണിലുള്ള മുഴുവൻ ഐ.എം.ഇ.ഐ നമ്പറുകളുടെ വിവരങ്ങളും നൽകിയാൽ ഫോൺ ബ്ലോക്ക് ആവുകയും ബ്ലോക്ക് ആയ ഫോണിൽ ആരെങ്കിലും സിം കാർഡ് ഇടുകയാണെങ്കിൽ ഫോൺ കണ്ടെത്താനാവുകയും ചെയ്യും. ശേഷം ഫോൺ വീണ്ടെടുക്കുന്നതിനുള്ള നടപടികൾ പൊലീസ് സ്വീകരിക്കും. സെക്കൻഡ് ഹാൻഡ് മൊബൈൽ ഫോണുകൾ വാങ്ങിക്കുമ്പോൾ അത് മോഷ്ടിച്ചതാണോയെന്ന് അറിയാൻ സഞ്ചാർസാത്തി (https://sancharsaathi.gov.in) എന്ന വെബ്സൈറ്റിലെ Know Genuineness of Your Mobile Handset എന്ന ഓപ്ഷൻ വഴി ഐ.എം.ഇ.ഐ നമ്പർ നൽകിയാൽ മതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

