വലവിരിച്ച് സൈബർ തട്ടിപ്പുകാർ
text_fieldsകണ്ണൂർ: കണ്ടാലും കൊണ്ടാലും പഠിക്കാതെ സൈബർ തട്ടിപ്പുവലയിൽ കുരുങ്ങാൻ മലയാളികൾ. കണ്ണൂർ ജില്ലയിൽ രണ്ടാഴ്ചക്കിടെ 40.5 ലക്ഷം രൂപയുടെ തട്ടിപ്പാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇത്തരം സംഭവങ്ങളിൽ പൊലീസിൽ പരാതി നൽകുന്നതും കേസാവുന്നതും മാത്രമാണ് പുറത്തറിയുന്നത്. ആരുമറിയാതെ ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പുകൾക്ക് ദിവസേന ആളുകൾ ഇരയാവുന്നതായി സൈബർ പൊലീസ് അധികൃതർ പറയുന്നു. എടക്കാട് സ്വദേശിക്ക് നാലു ലക്ഷം രൂപ നഷ്ടമായ തട്ടിപ്പാണ് ഏറ്റവുമൊടുവിൽ കണ്ണൂർ സൈബർ പൊലീസ് രജിസ്റ്റർ ചെയ്തത്. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും പലവിധ ഓൺലൈൻ തട്ടിപ്പുകേസുകളാണ് ദിവസേനയെന്നോണം രജിസ്റ്റർ ചെയ്യപ്പെടുന്നത്.
ഓൺലൈൻ ട്രേഡിങ് ചെയ്ത് പണം സമ്പാദിക്കാം എന്ന് വിശ്വസിപ്പിച്ച് മട്ടന്നൂർ വെളിയമ്പ്ര സ്വദേശിയിൽ നിന്ന് 9,63,300 രൂപ തട്ടിയത് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മൊബൈൽ ഫോണിലേക്ക് തുടർച്ചയായി വിളിച്ച് ലാഭക്കണക്കുകൾ പറഞ്ഞാണ് ഇദ്ദേഹത്തെ വലയിലകപ്പെടുത്തിയത്. കോയിൻ ഡി.സി.എക്സ് എന്ന ട്രേഡിങ് മാർക്കറ്റ് എന്ന സ്ഥാപനത്തിന്റെ വെബ് സൈറ്റ് വഴി പണം നിക്ഷേപിച്ചാൽ കൂടുതൽ പണം സമ്പാദിക്കാമെന്നായിരുന്നു വാഗ്ദാനം. തുടർന്ന് പലതവണകളായി തട്ടിപ്പുകാർ നൽകിയ വിവിധ അക്കൗണ്ടിലേക്ക് പണം അയച്ചു. പിന്നീടാണ് ഇത് സ്ഥാപനത്തിന്റെ വ്യാജ വെബ്സൈറ്റ് ആണെന്ന് മനസ്സിലായത്. മട്ടന്നൂർ പൊലീസ് വ്യാഴാഴ്ച കേസെടുത്തു. യോനോ ആപ്പിന്റെ പേരിൽ വ്യാജ മെസേജ് അയച്ച് പണം തട്ടിയ സംഭവത്തിൽ വ്യാഴാഴ്ച എടക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
മാവിലായി സ്വദേശിയുടെ മൊബൈൽ നമ്പറിലേക്ക് യോനോ റിവാർഡ് ലഭിച്ചിട്ടുണ്ടെന്നും ഇന്നു തന്നെ പിൻവലിക്കണമെന്നും വ്യാജ മെസേജ് അയക്കുകയായിരുന്നു. തുടർന്ന് ഫോണിലേക്ക് വന്ന ഒ.ടി.പി പറഞ്ഞുകൊടുക്കാൻ ആവശ്യപ്പെട്ടു. ഒ.ടി.പി നൽകിയതോടെ പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്നും 49,875 രൂപ തട്ടിയെടുത്തു. ഷെയർ ട്രേഡിങ് വഴി കൂടുതൽ പണം സമ്പാദിക്കാമെന്ന പരസ്യം വിശ്വസിച്ച് പണം നിക്ഷേപിച്ച എളയാവൂർ സ്വദേശിക്ക് 2,665,963 രൂപ നഷ്ടമായത് രണ്ടാഴ്ച മുമ്പാണ്. ഫേസ്ബുക്കിൽ കണ്ട പരസ്യത്തിൽ ക്ലിക്ക് ചെയ്ത ഉടനെ ഒരു കമ്പനിയുടെ വ്യാജ വാട്സ് ആപ് ഗ്രൂപ്പിലെത്തി. ഗ്രൂപ്പിൽ നിന്നുള്ള നിർദേശപ്രകാരം പല തവണകളായി പണം അയച്ചുനൽകുകയും ചെയ്തത് 72 വയസ്സുകാരനാണ്. കണ്ണൂർ സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടക്കുകയാണ്.
ജാഗ്രത പാലിക്കാൻ പറഞ്ഞു മടുത്തു...
ഓരോ തട്ടിപ്പുകൾ സംഭവിക്കുമ്പോഴും മുന്നറിയിപ്പ് നൽകി മടുത്തിരിക്കുകയാണ് പൊലീസ്. ഓരോ കേസെടുക്കുമ്പോഴും ജാഗ്രത പുലർത്തണമെന്ന സന്ദേശവും പരാതി നൽകാനുള്ള ഹെൽപ് ലൈൻ നമ്പറും പൊലീസ് പരസ്യപ്പെടുത്താറുണ്ട്.
വാട്ട്സ്ആപ്, ടെലഗ്രാം, ഇൻസ്റ്റഗ്രാം തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തണം. പരിചയമില്ലാത്ത ഫോൺ നമ്പറുകളിൽ നിന്ന് മെസേജുകളോ വിളികളോ ലിങ്കുകളോ ലഭിച്ചാൽ തിരിച്ച് സന്ദേശമയക്കുകയോ അതേക്കുറിച്ച് ചോദിക്കുകയോ ചെയ്യരുത്. സന്ദേശങ്ങളുടെ ആധികാരികത ഉറപ്പു വരുത്തി, വിവേകത്തോടെ മാത്രം പ്രതികരിക്കുക.
സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാവുകയാണെങ്കിൽ ഉടൻ 1930 എന്ന പൊലീസ് സൈബർ ഹെൽപ് ലൈനിൽ ബന്ധപ്പെടണം. അല്ലെങ്കിൽ www.cybercrime.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് പരാതിപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

