സൈബർ തട്ടിപ്പ് വീണ്ടും; നാലുപേർക്ക് പണം നഷ്ടമായി
text_fieldsകണ്ണൂർ: പാനൂർ സ്വദേശിക്ക് സൈബർ തട്ടിപ്പിലൂടെ നഷ്ടമായത് 30,000 രൂപ. ടെലഗ്രാം ആപ്പിലൂടെ പരിചയപ്പെട്ട് പണം ഇരട്ടിപ്പിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഡെപ്പോസിറ്റ് ചെയ്യിപ്പിച്ച് സൈബർ തട്ടിപ്പുകാർ പണം കൈക്കലാക്കുകയായിരുന്നു.
എസ്.ബി.ഐ യോനോ റിവാർഡ് പോയിന്റ് റഡീം ചെയ്യുന്നതിനായി ഫോണിൽ മെസേജ് വരികയും ലിങ്കിൽ ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകിയതിനെ തുടർന്ന് കണ്ണൂർ പള്ളിക്കുന്ന് സ്വദേശിയായ യുവതിക്ക് അക്കൗണ്ടിൽ നിന്ന് 25,000 രൂപ നഷ്ടപ്പെടുകയും ചെയ്തു
വ്യാജ വെബ്സൈറ്റ് വഴി പേഴ്സണൽ ലോണിനു അപേക്ഷിച്ച എളയാവൂർ സ്വദേശിയായ യുവാവിന് 8,450 രൂപ നഷ്ടപ്പെട്ടു. പ്രോസിസിങ് ഫീസ് എന്ന വ്യാജേനയാണ് തട്ടിപ്പുകാർ പണം തട്ടിയെടുത്തത്.
ടെലഗ്രാമിൽ വ്യാജ പരസ്യം കണ്ട് സാധനം വാങ്ങുന്നതിന് പണം നൽകിയ കൂത്തുപറമ്പ് സ്വദേശിക്ക് 3,500 രൂപ നഷ്ടപ്പെട്ടു. ആവശ്യപ്പെട്ട തുക ലഭിച്ചതിനു ശേഷം ഓർഡർ ചെയ്ത സാധനം നൽകാതെ കബളിപ്പിക്കുകയായിരുന്നു.
ഇൻസ്റ്റഗ്രാം, ടെലഗ്രാം, ഫേസ്ബുക്ക്, വാട്സ്ആപ് തുടങ്ങിയ ഓൺലൈൻ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. വ്യാജ വാഗ്ദാനങ്ങളിൽ വിശ്വസിച്ചു പണം നൽകുവാനോ ഫോണിലേക്ക് വരുന്ന മെസേജുകളുടെ ആധികാരികത ഉറപ്പുവരുത്താതെ ലിങ്കിൽ പ്രവേശിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകുവാനോ പാടില്ല.
ഓൺലൈൻ തട്ടിപ്പിൽ ഇരയാവുകയാണെങ്കിൽ ഉടൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് സൈബർ ക്രൈം ഹെൽപ് ലൈൻ നമ്പറായ 1930തിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്. അല്ലെകിൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള http://www.cybercrime.gov.in എന്ന പോര്‍ട്ടലിലൂടെയോ പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്. ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ പരാതി നൽകാൻ ശ്രമിക്കണമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

