ചരക്കു ഗതാഗതം സുഗമമാകും; അഴീക്കലിൽ കസ്റ്റംസ് ഓഫിസ് ഒരുങ്ങി
text_fieldsഅഴീക്കൽ തുറമുഖത്ത് കസ്റ്റംസ് ഓഫിസിന്റെ ഒരുക്കം കസ്റ്റംസ് അധികൃതരും കെ.വി. സുമേഷ് എം.എൽ.എയും
പരിശോധിക്കാനെത്തിയപ്പോൾ
കണ്ണൂർ: അഴീക്കലിൽനിന്ന് രാജ്യാന്തര ചരക്കു നീക്കം സുഗമമാക്കുന്നതിന്റെ ഭാഗമായുള്ള കസ്റ്റംസിന്റെ ഇ.ഡി.ഐ (ഇലക്ട്രോണിക് ഡാറ്റ ഇന്റർ ചേഞ്ച്) സംവിധാനം 15ഓടെ പ്രവർത്തനം തുടങ്ങും. ഇതിന്റെ ഭാഗമായി കസ്റ്റംസ് ഓഫിസ് ഒരുക്കം പൂർത്തിയാക്കി. ഇ.ഡി.ഐ സംവിധാനം ഉദ്ഘാടനം ചെയ്യുന്നതോടെ അഴീക്കൽ തുറമുഖം വഴിയുള്ള ചരക്ക് കയറ്റുമതിയും ഇറക്കുമതിയും സുഗമമാകും. കസ്റ്റംസ് ക്ലിയറൻസ് സംവിധാനം ഇല്ലാത്തത് പ്രധാന തടസ്സമായിരുന്നു. ഈ സംവിധാനം തുടങ്ങുന്നതോടെ ചരക്കു കപ്പലുകളും വിദേശ കപ്പലുകളും വരുന്നതിന് കൂടുതൽ സൗകര്യമൊരുങ്ങും.
നേരിട്ടുള്ള കയറ്റുമതിയും ഇറക്കുമതിയും സുഗമമാകും. താൽക്കാലികമായി കുഴിക്കുന്നിലെ കസ്റ്റംസ് ഓഫിസിലാണ് നടപടി ക്രമങ്ങൾ നടത്തിവരുന്നത്. തുറമുഖത്ത് കസ്റ്റംസിന്റെ ഓഫിസ് പ്രവർത്തനം തുടങ്ങുന്നതോടെ കയറ്റുമതി, ഇറക്കുമതി സംബന്ധിച്ച നടപടികൾ വേഗത്തിലാക്കാൻ കഴിയും. അഴീക്കൽ പോർട്ട് ഓഫിസിന്റെ ഒന്നാം നിലയിലെ മുറിയാണ് കസ്റ്റംസ് ഓഫിസിനായി നൽകിയിട്ടുള്ളത്. ബ്രോഡ്ബാൻഡ് ഇന്റർനെറ്റ്, കമ്പ്യൂട്ടർ സംവിധാനങ്ങളും സജ്ജമാക്കി. കസ്റ്റംസ് ഓഫിസ് സംവിധാനങ്ങളുടെ ഒരുക്കം കഴിഞ്ഞ ദിവസം കസ്റ്റംസ് അധികൃതരും കെ.വി. സുമേഷ് എം.എൽ.എയും പരിശോധിച്ച് വിലയിരുത്തി.
തുറമുഖത്തു തന്നെ മറ്റൊരു കെട്ടിടത്തിൽ എമിഗ്രേഷൻ സംവിധാനം ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിച്ചുവരുന്നുണ്ട്. തൊഴിലാളികൾക്ക് വേണ്ടിയുണ്ടാക്കിയ കെട്ടിടമാണ് എമിഗ്രേഷൻ സംവിധാനം ഒരുക്കാൻ വിട്ടുനൽകിയത്. 40 വർഷത്തിലേറെയായി മുടങ്ങിക്കിടന്ന ചരക്കു കപ്പൽ ഗതാഗതം കഴിഞ്ഞ ജൂലൈയിലാണ് അഴീക്കൽ തുറമുഖത്ത് പുനരാരംഭിച്ചത്.
മേഖല തുറമുഖമായി ഉയർത്തൽ വൈകരുത്
അഴീക്കൽ തുറമുഖത്തിനെ മേഖല തുറമുഖമായി ഉയർത്തുമെന്ന സർക്കാർ പ്രഖ്യാപനം ഇനിയും യാഥാർഥ്യമാകാനുണ്ട്. വകുപ്പു മന്ത്രി നിയമസഭയിൽ ഇക്കാര്യം പറഞ്ഞിട്ട് മാസങ്ങളായി. അഴീക്കലിന് ഒപ്പം തന്നെ മേഖല തുറമുഖമാക്കുമെന്ന് പ്രഖ്യാപിച്ച വിഴിഞ്ഞം ആ നിലയിലേക്ക് ഉയർത്തിക്കഴിഞ്ഞു. അഴീക്കലിൽ തീരുമാനം വേഗത്തിൽ നടപ്പാക്കിയാൽ തുറമുഖത്തിന്റെ വികസനത്തിനു വേഗം വർധിപ്പിക്കും. നിലവിൽ തുറമുഖത്തിന്റെ ആവശ്യത്തിന് തുക ചെലവഴിക്കാൻ പോർട്ട് ഓഫിസർക്ക് അധികാരമില്ല. റീജനൽ തുറമുഖമായി ഉയർത്തിയാൽ അടിയന്തര ആവശ്യത്തിന് ഒരുലക്ഷം രൂപവരെ ചെലവഴിക്കാൻ പോർട്ട് ഓഫിസർക്ക് അധികാരമുണ്ടാകും.
കൂടുതൽ കപ്പലുകളെ പ്രതീക്ഷിക്കുന്നു -കെ.വി. സുമേഷ് എം.എൽ.എ
കസ്റ്റംസ് ക്ലിയറൻസ് സംവിധാനം ഇല്ലാത്തതാണ് അഴീക്കൽ തുറമുഖത്തേക്ക് കപ്പൽ വരുന്നതിന് പലരും മടിക്കുന്നതെന്നും ഈ സംവിധാനം വരുന്നതോടെ വ്യാപാര സമൂഹത്തിന് നല്ല വിശ്വാസ്യത വരുമെന്നും കെ.വി. സുമേഷ് എം.എൽ.എ പറഞ്ഞു. കൂടുതൽ കപ്പലുകൾ തുറമുഖത്തെത്തണമെങ്കിൽ കസ്റ്റംസ് ക്ലിയറൻസ് സംവിധാനം വേണം. പുതിയ സാഹചര്യത്തിൽ കൂടുതൽ കപ്പലുകൾ തുറമുഖത്ത് എത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡ്രഡ്ജിങ് വൈകില്ല
കപ്പൽ ചാലിന്റെ ആഴം ഏഴുമീറ്ററാക്കുന്നതിനായി 22 ക്യൂബിക് മീറ്റർ മണ്ണ് നീക്കണമെന്നാണ് ഹൈഡ്രോഗ്രാഫിക് സർവേ പ്രകാരം കണക്കാക്കിയിരിക്കുന്നത്. നേരത്തെ നീക്കിയ മണ്ണ് കൂട്ടിയിട്ട സ്ഥലത്തുനിന്ന് നീക്കം ചെയ്യാനുമുണ്ട്. ഇവ നീക്കം ചെയ്താൽ അവിടെ കണ്ടെയ്നറുകൾ സൂക്ഷിക്കാനുള്ള നിർമാണ പ്രവർത്തനം നടക്കും. അതിനുശേഷം ഡ്രഡ്ജിങ് പ്രവർത്തനങ്ങളും തുടങ്ങും.