പാപ്പിനിശ്ശേരി മേൽപാലത്തിൽ വിള്ളൽ
text_fieldsപാപ്പിനിശ്ശേരി മേൽപാലത്തിന്റെ ഉപരിതലത്തിൽ ആദ്യ മഴയോടെ രൂപപ്പെട്ട വിള്ളലുകൾ. റെയിൽവേ ലൈനിനു മുകളിൽ ഇരുവശത്തുമുള്ള വിള്ളൽ
പാപ്പിനിശ്ശേരി: രണ്ടുമാസം പാലം അടച്ച് ഉപരിതലത്തിലെ അപാകതകൾ പരിഹരിച്ച് തുറന്ന പാപ്പിനിശ്ശേരി മേൽപാലത്തിൽ വീണ്ടും കുഴികൾ രൂപപ്പെടുന്നു. ആദ്യ മഴക്കുതന്നെ വീണ്ടും കുഴികളുണ്ടാകാൻ പാകത്തിൽ മെക്കാടം ടാറിങ്ങിൽ വിള്ളൽ നേരിട്ട തരത്തിൽ പൊട്ടാൻ തുടങ്ങി. നവീകരിച്ച പാലത്തിൽ ഇത്തരം അപാകതകൾ കണ്ടതിൽ പ്രദേശവാസികൾ കടുത്ത ആശങ്ക അറിയിച്ചു. റെയിൽവേ ലൈനിനു മുകളിലെ സ്പാനുകളുടെ ഇടതുവശത്തും വലതുവശത്തുമായി രണ്ടിടത്തായാണ് ഇത്തരം അപാകതകൾ രൂപപ്പെട്ടത്. ഇത്രയും പെട്ടെന്ന് ഇങ്ങനെ സംഭവിക്കുമെന്ന് ജനം കരുതിയിരുന്നില്ല. ഇപ്പോൾ നേരിയ തരത്തിൽ കണ്ടെത്തിയ അപാകതകൾ ഉടൻ പരിഹരിച്ചാൽ വൻ കുഴികൾ രൂപപ്പെടാനുള്ള സാധ്യത ഒഴിവാക്കാനാകുമെന്നാണ് ജനങ്ങൾ പറയുന്നത്. അതിനിടെ കടുത്ത വർഷകാലം വന്നാൽ വലിയ കുഴികളുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
പാലം മെക്കാടം ടാറിങ്ങ് നടത്തി നവീകരിചെങ്കിലും പൂർണ്ണമായും പരിഹരിച്ചതായി അധികൃതർ പോലും അംഗീകരിച്ചിട്ടില്ല. പാലം തുറന്നു കൊടുത്തപ്പോൾ തന്നെ പാലത്തിനടിവശത്ത് അപാകതകൾ തലപൊക്കിയിരുന്നു.
ഇതും പ്രദേശത്തെ ജനങ്ങളിൽ കടുത്ത ആശങ്ക ഉളവാക്കുന്നു. ഉപരിതലത്തിലെ എക്സ്പാൻഷൻ ജോയൻറുകൾ ബലപ്പെടുത്തിയതിന്റെ അടിവശത്തെ കോൺക്രീറ്റ് പാളികൾ പൊട്ടി സിമൻറ് കട്ടകൾ താഴേക്കുവീഴാൻ തുടങ്ങി. അടിപ്പാതക്ക് സമീപത്തെ പാലത്തിന്റെ അടിവശത്താണ് സംഭവം. ഇത് പ്രദേശത്തുകാർക്കും കാൽ നടക്കാർക്കും വൻ ഭീഷണിയും ആശങ്കയുമാണ്. വലിയ സിമന്റ്കട്ടകളാണ് താഴെ വീഴുന്നത്. ഇടതടവില്ലാതെ ജനസഞ്ചാരമുള്ള കീഴ്ഭാഗത്തുകൂടി പോകുന്നവരുടെ തലയിലേക്ക് വീഴാത്തത് വലിയ ഭാഗ്യമായെന്നാണ് അന്ന് പലരും പറഞ്ഞത്.
പാലത്തിന്റെ പ്രവൃത്തി നടന്നതിന്റെ ഭാഗമായി എക്സ്പാൻഷൻ ജോയൻറുകൾ പൊളിക്കുന്നതിനും ബലപ്പെടുത്തുന്നതിനുമായി ശക്തിയായി മുട്ടിഅമർത്തിയതിന്റെ കാരണമാകാം പാലത്തിന് അടിവശം വിള്ളലുണ്ടാകാനും സിമൻറ് അടർന്നു വീഴാനും കാരണമാകുന്നതെന്നാണ് വ്യാപാരികളും നാട്ടുകാരും പറയുന്നത്. നാലുഭാഗത്തായാണ് ഇപ്പോൾ അപാകതകൾ ശ്രദ്ധയിൽപെട്ടത്. നവീകരിച്ച് തുറന്നുകൊടുത്ത പാപ്പിനിശ്ശേരി മേൽപാലത്തിൽ, കുഴികളുണ്ടാകാൻ സാധ്യതയുള്ള ഭാഗം വലിയ കുഴികളുണ്ടാകുന്നതിനു മുമ്പേ അധികൃതർ പ്രദേശത്ത് പരിശോധനകൾ നടത്തി ജനങ്ങളുടെ ആശങ്കയകറ്റാൻ നടപടിസ്വീകരിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

