സി.പി.എം പ്രതിരോധജാഥ ജില്ലയിൽ
text_fieldsവർഗീയതക്കും കേന്ദ്രസർക്കാറിന്റെ തെറ്റായ നയങ്ങൾക്കുമെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ
നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് പയ്യന്നൂരിൽ നൽകിയ സ്വീകരണം. ജില്ല സെക്രട്ടറി എം.വി. ജയരാജൻ,
ജാഥ അംഗം ജയ്ക് സി. തോമസ് സമീപം
പയ്യന്നൂർ: വർഗീയതക്കും കേന്ദ്ര സർക്കാറിന്റെ തെറ്റായ നയങ്ങൾക്കുമെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് ജില്ലയിൽ ഉജ്ജ്വല വരവേൽപ്. ജില്ല അതിർത്തിയായ കാലിക്കടവിൽ വൻ വരവേൽപ്പാണ് ജാഥക്ക് നൽകിയത്.
ജാഥ ലീഡർ എം.വി. ഗോവിന്ദനെ പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി, ജില്ല സെക്രട്ടറി എം.വി. ജയരാജൻ, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി സരിൻ ശശി എന്നിവർ ഷാളണിയിച്ചു. പി. ജയരാജൻ, ടി.വി.രാജേഷ്, കെ.പി. സഹദേവൻ, എം. സുരേന്ദ്രൻ, ടി.ഐ. മധുസൂദനൻ എം.എൽ.എ, സി. കൃഷ്ണൻ, പി.ശശിധരൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. നൂറ് ബൈക്കുകളുടെയും 25 ചുവന്നകാറുകളുടെയും അകമ്പടിയോടെ ആദ്യ സ്വീകരണ കേന്ദ്രമായ പയ്യന്നൂരിലേക്ക് ജാഥയെ വരവേറ്റു.
പയ്യന്നൂർ കരിഞ്ചാമുണ്ഡി അറ പരിസരത്തുനിന്ന് ബാൻഡ് മേളത്തിന്റെയും മറ്റും അകമ്പടിയോടെ തുറന്ന വാഹനത്തിൽ ആയിരക്കണക്കിന് ആളുകൾ ചേർന്ന് സ്വീകരണ സമ്മേളന വേദിയായ പയ്യന്നൂർ ബോയ്സ് ഹൈസ്കൂൾ സ്റ്റേഡിയത്തിലേക്ക് ആനയിച്ചു.
സ്വീകരണ സമ്മേളനത്തിൽ ടി.ഐ. മധുസൂദനൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ ഏരിയ കമ്മിറ്റിക്കയി ടി.വി.രാജേഷ്, പെരിങ്ങോമിന് കെ.വി. ഗോവിന്ദൻ എന്നിവർ ജാഥ ലീഡറെ ഷാളണിയിച്ചു. വിവിധ ലോക്കൽ കമ്മിറ്റികൾക്ക് വേണ്ടിയും ഷാളണിയിച്ചു. സ്വീകരണ യോഗത്തിൽ ജാഥാ ലീഡർ എം.വി.ഗോവിന്ദനു പുറമെ അംഗങ്ങളായ എം.സ്വരാജ്, സി.എസ്.സുജാത എന്നിവരും സംസാരിച്ചു. പി.കെ. ബിജു, ജയ്ക് സി. തോമസ്,പി.കെ.ശ്രീമതി, എം.വി.ജയരാജൻ തുടങ്ങിയവരും സ്വീകരണ പരിപാടിയിൽ പങ്കെടുത്തു.വി. നാരായണൻ സ്വാഗതം പറഞ്ഞു.
പ്രതിരോധം ഹിന്ദു രാഷ്ട്രമാകാതിരിക്കാൻ -എം.വി. ഗോവിന്ദൻ
പയ്യന്നൂർ: 2024ൽ ബി.ജെ.പി അധികത്തിൽ വന്നാൽ ആർ.എസ്.എസിന് 100 വയസ്സു തികയുന്ന 2025ൽ ഇന്ത്യ ഹിന്ദു രാഷ്ട്രമാകുമെന്നും അത് പ്രതിരോധിക്കുക കൂടിയാണ് സി.പി.എം പ്രതിരോധ മാർച്ചിലൂടെ ലക്ഷ്യമിടുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പയ്യന്നൂരിൽ പ്രതിരോധ ജാഥക്ക് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘ്പരിവാർ ഇനി അധികാരത്തിൽ വന്നാൽ ജനാധിപത്യ, മതേതര ഇന്ത്യ ഇല്ലാതാവും. പകരം ഫാഷിസം യാഥാർഥ്യമാവും.
ഹിന്ദുരാഷ്ട്രമായാൽ ഹിന്ദുക്കൾ രക്ഷപ്പെടുമെന്ന് പ്രതീക്ഷിക്കണ്ട. കോർപറേറ്റുകൾക്കുവേണ്ടിയുള്ള ഭരണമായിരിക്കും ഉണ്ടാവുക. അതിനാണ് കപട ഹിന്ദുരാഷ്ട്രവാദവുമായി അവർ രംഗത്തുവരുന്നത്. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയനാണ്. ഏകസിവിൽ കോഡിന്റെ കാര്യത്തിലും ഇതായിരിക്കും സർക്കാർ നിലപാട്. തെറ്റായ പ്രചാരവേല പ്രതിരോധിക്കാനാണ് സി.പി.എം പ്രതിരോധ മാർച്ച് സംഘടിപ്പിക്കുന്നത്.
പ്രതിരോധം ജനങ്ങൾ ഏറ്റെടുത്തു എന്നതിനുള്ള തെളിവാണ് സ്വീകരണ കേന്ദ്രങ്ങളിലെ ജനകീയ പങ്കാളിത്തമെന്നും ഗോവിന്ദൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

