പാർട്ടി കോൺഗ്രസും സർക്കാർ വാർഷികാഘോഷവും; കണ്ണൂർ കളറാകും
text_fieldsപാർട്ടി കോൺഗ്രസിന്‍റെ ഭാഗമായി കണ്ണൂർ ടൗൺ സ്ക്വയറിൽ നടക്കുന്ന ചരിത്ര- ചിത്ര-ശിൽപ പ്രദർശനം കഥാകൃത്ത് ടി. പത്മനാഭൻ സന്ദർശിക്കുന്നു
കണ്ണൂർ: സംസ്ഥാന സർക്കാറിന്‍റെ ഒന്നാം വാർഷികാഘോഷത്തിനും സി.പി.എം പാർട്ടി കോൺഗ്രസിനും ഒരേ സമയം വേദിയാകുന്ന കണ്ണൂർ ഇനി ഉത്സവാന്തരീക്ഷത്തിലേക്ക്. സർക്കാറിന്റെ വാർഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ പൊലീസ് മൈതാനിയിൽ ഞായറാഴ്ച വൈകീട്ട് ആറിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുക.
ഏപ്രിൽ ആറുമുതൽ പത്തുവരെയാണ് കണ്ണൂർ ബർണശ്ശേരി നായനാർ അക്കാദമിയിൽ പാർട്ടി കോൺഗ്രസ് നടക്കുക. സർക്കാറിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി 'എന്റെ കേരളം' മെഗാ എക്‌സിബിഷനും നിരവധി കലാസാംസ്കാരിക പരിപാടികൾക്കും കണ്ണൂർ നഗരം വേദിയാകും. മേയ് 20നാണ് വാർഷിക ദിനം. അതുവരെ നീളുന്ന വാർഷികാഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ജില്ലകളിൽ അതിവിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
ഉദ്ഘാടന ചടങ്ങിനുശേഷം ചലച്ചിത്ര പിന്നണി ഗായകൻ മിഥുൻ ജയരാജ് അവതരിപ്പിക്കുന്ന 'ശ്രുതിമധുരം' മിഥുൻ ജയരാജ് ഷോ അരങ്ങേറും.
ഏപ്രിൽ 14 വരെ ഡാൻസ് ഷോ, ഗാനമേള, ഫോക്ലോർ മേള, ചിത്രപ്രദർശനം, ശാസ്ത്രമേള തുടങ്ങിയ നിരവധി കലാ സാംസ്കാരിക പരിപാടികൾ പൊലീസ് മൈതാനിയിൽ സർക്കാറിന്‍റെ വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കും. 'എന്റെ കേരളം' തീം പവലിയൻ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്റ്റാർട്ടപ് സംരംഭങ്ങളുടെയും സ്റ്റാളുകൾ അടങ്ങിയ ടെക്‌നോളജി പവലിയൻ, കൃഷി, മൃഗസംരക്ഷണം, ഫിഷറീസ് വകുപ്പുകളുടെ തുറന്ന പവലിയൻ, കിഫ്ബി സ്റ്റാൾ എന്നിവ എക്‌സിബിഷന്റെ ആകർഷണമാവും. കൈത്തറി ഉൽപന്നങ്ങളുമായി ഹാൻടെക്‌സും ഹാൻവീവും കൈത്തറി സൊസൈറ്റികളും മേളയിൽ അണിനിരക്കും. കുടുംബശ്രീ മിഷൻ, കെ.ടി.ഡി.സി, കണ്ണൂർ സെൻട്രൽ ജയിൽ, സാഫ്, മിൽമ, ദിനേശ് ഫുഡ്‌സ്, ഇന്ത്യൻ കോഫി ഹൗസ് എന്നിവയുടെ ഫുഡ് കോർട്ടുകളുണ്ടാവും.
സർക്കാറിന്റെ വിവിധ സേവനങ്ങൾ പൊതുജനങ്ങൾക്കായി ഒരു കുടക്കീഴിൽ അണിനിരത്തുന്നതിനൊപ്പം ഉൽപന്നങ്ങൾ പരിചയപ്പെടുത്തുകയും വിപണനം നടത്തുകയും ചെയ്യും. പാർട്ടി കോൺഗ്രസിന്‍റെ ഭാഗമായി വിപുലമായ പരിപാടികളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്നത്.
സെമിനാറുകൾ, ശാസ്ത്ര -ചരിത്ര പ്രദർശനം, ഓൺലൈൻ ചലച്ചിത്രോത്സവം, ഫ്ലാഗ് ഡേ അടക്കമുള്ള വൈവിധ്യമാർന്ന പരിപാടികൾ എന്നിവ ഇതിനകം ആരംഭിച്ചു. സി.പി.എം അഖിലേന്ത്യ സമ്മേളനത്തിന് ആദ്യമായി വേദിയാകുന്ന കണ്ണൂർ നഗരം കൊടിതോരണങ്ങളാൽ ചുവപ്പണിഞ്ഞിരിക്കുകയാണ്. പാർട്ടി കോൺഗ്രസിന് വേദിയാകുന്ന ബർണശ്ശേരിയിലെ നായനാർ അക്കാദമിയിൽ 200ഓളം തൊഴിലാളികളുടെ നേതൃത്വത്തിൽ സ്റ്റേജ്-പന്തൽ നിർമാണം പുരോഗമിക്കുകയാണ്.
അന്താരാഷ്ട്ര പുസ്തകോത്സവം തുടങ്ങി
സി.പി.എം പാർട്ടി കോൺഗ്രസിന്‍റെ ഭാഗമായി കലക്ടറേറ്റ് മൈതാനിയിലെ നിരുപം സെൻ നഗറിൽ അന്താരാഷ്ട്ര പുസ്തകോത്സവം കഥാകൃത്ത് ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്യുന്നു
കണ്ണൂര്‍: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി കലക്ടറേറ്റ് മൈതാനിയില്‍ അന്താരാഷ്ട്ര പുസ്തകോത്സവം ആരംഭിച്ചു. ചരിത്രം രചിച്ച മഹാന്മാരുടെ ആത്മകഥകളും, മലയാളി രുചിയോടെ വായിച്ചുതീര്‍ത്ത സാഹിത്യ കൃതികളും ചരിത്ര പുസ്തകങ്ങളും പുസ്തകോത്സവത്തെ പ്രൗഢമാക്കുന്നു.
പുസ്തകോത്സവം കഥാകാരന്‍ ടി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. വായന ഒരു സമ്പൂര്‍ണ മനുഷ്യനെ സൃഷ്ടിക്കുന്നു. വായനയുടെ വലിയ പ്രാധാന്യം പരിശോധിച്ചാല്‍, സോക്രട്ടീസും ഭഗത്സിങ്ങുമെല്ലാം ജീവന്‍ നഷ്ടമാവാന്‍ നില്‍ക്കുന്ന നിമിഷത്തിലും വായനയില്‍ മുഴുകിയത് ചരിത്രമാണ്. അതെല്ലാം വായനയുടെ വലിയ പ്രാധാന്യം വ്യക്തമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കെ.പി. സഹദേവന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി എം.വി. ഗോവിന്ദന്‍, ഇ.പി. ജയരാജന്‍, എം.വി. ജയരാജന്‍, എബി എന്‍. ജോസഫ്, ബിഷപ് അലക്‌സ് വടക്കുംതല എന്നിവർ സംസാരിച്ചു. ഡോ. പി.ജെ. വിന്‍സെന്റ്, എം.കെ. സൈബുന്നിസ, കെ.കെ. രമേഷ്, മുകുന്ദന്‍ മഠത്തില്‍, ഡോ. ഇ.വി. സുധീര്‍, കെ.വി. രതീഷ് എന്നിവര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ഡോ. ശ്രീകല മുല്ലശ്ശേരി പ്രഭാഷണം നടത്തി. മനു തോമസ് സ്വാഗതവും എം.കെ. മനോഹരന്‍ നന്ദിയും പറഞ്ഞു.
ക്യാമ്പ് ചെയ്യുന്നത് മന്ത്രിമാരും സംസ്ഥാന-ദേശീയ നേതാക്കളും
പാർട്ടി കോൺഗ്രസ്, സർക്കാർ വാർഷികാഘോഷം എന്നിവയുടെ ഭാഗമായി മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരും സംസ്ഥാന -ദേശീയ നേതാക്കളും ജില്ലയിൽ ഏതാണ്ട് പത്തുദിവസത്തോളം ക്യാമ്പ് ചെയ്യും. പാർട്ടി കോൺഗ്രസിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 800 പ്രതിനിധികളും സൗഹാർദ പ്രതിനിധികളുമടക്കം ആയിരത്തിലധികം പേർ പങ്കാളികളാകും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സമ്മേളന നഗരിയിലെത്തുമെന്നാണ് വിവരം.
സർക്കാർ വാർഷികാഘോഷത്തിന്‍റെ വിവിധ ചടങ്ങുകളിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനടക്കം എതാണ്ട് മിക്ക മന്ത്രിമാരും ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇതിനുപുറമെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.പിമാർ, എം.എൽ.എമാർ, ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ, തദ്ദേശ സ്ഥാപന പ്രതിനിധികൾ, സാമൂഹിക -സാംസ്‌കാരിക മേഖലയിലുള്ളവർ എന്നിവരും വിവിധ പരിപാടികളിൽ പങ്കാളികളാകും.