ഗോവിന്ദനും കുഞ്ഞികൃഷ്ണനും ഭരിച്ച സ്ഥാപനങ്ങളിൽ സി.പി.എം അന്വേഷണം
text_fieldsടി.കെ. ഗോവിന്ദൻ, വി. കുഞ്ഞികൃഷ്ണൻ
കണ്ണൂർ: കോൺഗ്രസ് പാളയത്തിൽ ചേക്കേറി തെരഞ്ഞെടുപ്പിൽ മത്സരിച്ച ജില്ലയിലെ രണ്ട് സി.പി.എം മുൻ ജില്ല നേതാക്കൾക്കെതിരെ പാർട്ടി അന്വേഷണം വരുന്നു.
തളിപ്പറമ്പിലെ യു.ഡി.എഫ് സ്വതന്ത്രനും മുൻ സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗവുമായ ടി.കെ. ഗോവിന്ദൻ, പയ്യന്നൂരിലെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി മുൻ സി.പി.എം ജില്ല കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണൻ എന്നിവർ ഭരണമേൽനോട്ടം വഹിച്ച പാർട്ടി നിയന്ത്രണ സ്ഥാപനങ്ങളിലാണ് രഹസ്യാന്വേഷണം നടത്തുക. ഇരുവരും ഭരണം നടത്തിയ കാലയളവിൽ സ്ഥാപനങ്ങളിൽ നടത്തിയ ഇടപാടുകൾ സുതാര്യമായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളാണ് പാർട്ടി പരിശോധിക്കുക. ടി.കെ. ഗോവിന്ദൻ ഏറെക്കാലം സി.പി.എം ശ്രീകണ്ഠപുരം, മയ്യിൽ എന്നീ ഏരിയകളുടെ സെക്രട്ടറിയായിരുന്നു.
ശ്രീകണ്ഠപുരത്ത് സഹകരണ ആശുപത്രി സ്ഥാപിക്കാൻ രംഗത്തിറങ്ങുകയും തുടങ്ങി അതിവേഗം ആശുപത്രി അടച്ചു പൂട്ടുകയുംചെയ്തിരുന്നു. പല കാലങ്ങളിലായി അദ്ദേഹം മലപ്പട്ടം സഹകരണ ബാങ്ക് പ്രസിഡന്റ്, കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ്, പരിയാരം മെഡിക്കൽ കോളജ് ചെയർമാൻ, ഹാൻഡ് ലൂം കോർപറേഷൻ ചെയർമാൻ, കേരള ക്ലേ ആൻഡ് സെറാമിക്സ് ചെയർമാൻ തുടങ്ങിയ നിരവധി സ്ഥാനങ്ങൾ വഹിക്കുകയുംചെയ്തു.
വി. കുഞ്ഞികൃഷ്ണൻ പയ്യന്നൂർ ഏരിയ കമ്മിറ്റിയംഗം, ജില്ല കമ്മിറ്റിയംഗം, വെള്ളൂർ സഹകരണ ബാങ്ക് പ്രസിഡന്റ്, പയ്യന്നൂർ റൂറൽ സഹകരണ ബാങ്ക് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഒടുവിലാണ് എം.എൽ.എയായിരുന്ന ടി.ഐ. മധുസൂദനനെതിരെ സാമ്പത്തിക തിരിമറി ഉന്നയിച്ച് തെളിവുകൾ പുറത്തുവിട്ട് പാർട്ടി നേതൃത്വത്തെ വെട്ടിലാക്കി പുറത്ത് പോയത്. പിന്നാലെ കുഞ്ഞികൃഷ്ണനും യു.ഡി.എഫ് പിന്തുണയിൽ മത്സരിക്കുകയായിരുന്നു. രണ്ട് വർഗ വഞ്ചകർക്കും പാർട്ടിയിലെ ചിലർ രഹസ്യ പിന്തുണ നൽകുന്നതായും നേതൃത്വത്തിന് വിവരമുണ്ട്.
അത്തരക്കാരെയും പാർട്ടി നിരീക്ഷിക്കുന്നുണ്ട്. അതിനിടെയാണ് പാർട്ടിയെ ചതിച്ചവർക്ക് പണി കൊടുക്കാൻ ആലോചന ഉണ്ടായത്. ഇവർ ഭരണം നിയന്ത്രിച്ച സ്ഥാപനങ്ങളിലെ അക്കാലയളവിൽ നടന്ന മുഴുവൻ ഇടപാടുകളും നടപടികളും രഹസ്യമായി അന്വേഷണം നടത്താനും എന്തെങ്കിലും ക്രമക്കേടുകൾ കണ്ടെത്തിയാൽ അത് പരസ്യമാക്കാനുമാണ് പാർട്ടി തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

