സി.പി.എം ജില്ല സമ്മേളനം എരിപുരത്ത്
text_fieldsകണ്ണൂര്‍: സി.പി.എം 23ാം പാര്‍ട്ടി കോണ്‍ഗ്രസ് 2022 ഏപ്രിലിൽ കണ്ണൂരില്‍ നടത്തുന്നതിെൻറ മുന്നോടിയായി ജില്ല സമ്മേളനം ഡിസംബര്‍ മധ്യത്തില്‍ മാടായി ഏരിയയിലെ എരിപുരത്ത് നടത്താന്‍ ജില്ല കമ്മിറ്റി യോഗം തീരുമാനിച്ചു. പി. ജയരാജന് അധ്യക്ഷത വഹിച്ചു. കേന്ദ്ര-സംസ്ഥാന കമ്മിറ്റി തീരുമാനങ്ങള്‍ പി.ബി അംഗം കോടിയേരി ബാലകൃഷ്ണന് വിശദീകരിച്ചു. ജില്ലയിലെ പ്രവര്‍ത്തനങ്ങളും ഭാവി പരിപാടികളും ജില്ല സെക്രട്ടറി എം.വി. ജയരാജന് വിശദമാക്കി.
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജന്, എം.വി. ഗോവിന്ദന് മാസ്റ്റര്‍, പി.കെ. ശ്രീമതി ടീച്ചര്‍, കെ.കെ. ശൈലജ ടീച്ചര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ബ്രാഞ്ച് സമ്മേളനങ്ങള്‍ െസപ്റ്റംബര്‍ 10 മുതല്‍ 30 വരെയുള്ള തീയതികള്ക്കുള്ളിലും ലോക്കല്‍ സമ്മേളനങ്ങള്‍ ഒക്ടോബര്‍ മാസവും ഏരിയ സമ്മേളനങ്ങള്‍ നവംബര്‍ മാസവും നടക്കും. 3970 ബ്രാഞ്ച് സമ്മേളനങ്ങളോടനുബന്ധിച്ച് ചുരുങ്ങിയത് ഒരു കേന്ദ്രത്തിലെങ്കിലും ശുചീകരണപ്രവര്‍ത്തനം നടത്തും. പ്രദേശങ്ങളെ അടിസ്ഥാനമാക്കിയുള്ള 225 ലോക്കല്‍ സമ്മേളനങ്ങളോടനുബന്ധിച്ച് സ്വാതന്ത്ര്യസമരവും കമ്യൂണിസ്റ്റുകാരും എന്ന വിഷയത്തെക്കുറിച്ചുള്ള പ്രഭാഷണവും പൊതുയോഗവും ഓണ്‍ലൈനായി സംഘടിപ്പിക്കും. നവംബറില്‍ 18 ഏരിയ സമ്മേളനങ്ങള്‍ രണ്ട് ദിവസങ്ങളിലായാണ് നടത്തുക.