വോട്ടുചോർച്ചയിൽ സി.പി.എം ജില്ല കമ്മിറ്റി യോഗം നാളെ
text_fieldsകണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുകോട്ടയായ കണ്ണൂരിലെ തിരിച്ചടി ചർച്ചചെയ്യാൻ സി.പി.എമ്മിന്റെ ജില്ല കമ്മിറ്റി യോഗം ശനിയാഴ്ച ചേരും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള കേന്ദ്ര-സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.
സംസ്ഥാനത്താകമാനമുണ്ടായ തിരിച്ചടിക്ക് സമാനമായ രീതിയില്‍ കണ്ണൂരിലും ചിലയിടങ്ങളില്‍ പാര്‍ട്ടിക്ക് ക്ഷീണം സംഭവിച്ചിട്ടുണ്ട്. പാര്‍ട്ടി നിരവധി തവണ ചര്‍ച്ച ചെയ്താണ് ജില്ലയിലെ പഞ്ചായത്ത്, നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത് വാര്‍ഡുകള്‍ പുനര്‍വിഭജിച്ചത്. പുതിയ വാര്‍ഡ് വിഭജനത്തിലൂടെ മഹാഭൂരിപക്ഷ വാര്‍ഡുകളും പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് നേതൃത്വം കരുതിയത്.
തെരഞ്ഞെടുപ്പിന് ശേഷം വാര്‍ഡ് കമ്മിറ്റികള്‍ നല്‍കിയ കണക്കുകളിലും വന്‍ വിജയമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ പല തദ്ദേശ സ്ഥാപനങ്ങളിലും പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ കഴിഞ്ഞില്ല. കുത്തകയായിരുന്ന തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തടക്കം നഷ്ടമായി. ജില്ല പഞ്ചായത്തില്‍ യു.ഡി.എഫിന് സീറ്റ് വര്‍ധനയുണ്ടായി.
കണ്ണൂര്‍ കോര്‍പറേഷനില്‍ അതിദയനീയ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. ഇതൊക്കെ വിലയിരുത്തുമ്പോള്‍ നേതൃത്വത്തിനും സംസ്ഥാന ഭരണത്തിനുമെതിരെ വിമര്‍ശനം ഉയരാൻ സാധ്യതയുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങളില്‍ നിലവില്‍ യു.ഡി.എഫിന് മേല്‍ക്കൈ നേടാന്‍ കഴിഞ്ഞതും ഇരിക്കൂര്‍, പേരാവൂര്‍ മണ്ഡലങ്ങളില്‍ ലീഡ് ഉയര്‍ത്താന്‍ പറ്റിയതും നേതൃത്വത്തെ ഇരുത്തി ചിന്തിപ്പിക്കും.
ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടായത് തിരിച്ചടിയുടെ ആക്കം കൂട്ടിയതായാണ് വിലയിരുത്തല്‍. നേരത്തെ പിണറായി വിജയന്‍ വര്‍ഗീയവാദിയെന്ന് പരസ്യമായി വിളിച്ച വെള്ളാപ്പള്ളിയെ ന്യായീകരിക്കാന്‍ നടത്തിയ ശ്രമം തിരിച്ചടിയായെന്ന അഭിപ്രായം ഭൂരിപക്ഷ പാര്‍ട്ടി അണികള്‍ക്കുമുണ്ട്. ശബരിമല വിഷയത്തില്‍ മുന്‍ പ്രസിഡന്റ് പത്മകുമാറിനെതിരെ നടപടിയെടുക്കാതിരുന്നതെന്തെന്ന ചോദ്യം ബാക്കിയാണ്.
ഈ കാര്യങ്ങളൊക്കെ ശനിയാഴ്ച ചേരുന്ന ജില്ല കമ്മിറ്റിയോഗം ചര്‍ച്ച ചെയ്യും. ചില പ്രാദേശിക നേതാക്കളുടെയും പാർട്ടി ഭരിച്ച തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും ജനങ്ങളുമായുള്ള ബന്ധത്തിലുണ്ടായ താളപ്പിഴകളും പരിശോധിക്കും.
തുടര്‍ദിവസങ്ങളില്‍ ഏരിയ-ലോക്കല്‍-ബ്രാഞ്ച് കമ്മിറ്റികള്‍ ചേരാനും താഴെത്തട്ടിൽ വോട്ടുകൾ ചോർന്നതിന്റെ കാരണങ്ങൾ പഠിക്കാനും തീരുമാനിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ 11ന് കണ്ണൂരിലാണ് യോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

