സി.പി.എം പ്രവർത്തകന്റെ വാഹനങ്ങൾ കത്തിച്ച സംഭവം: മുഖ്യപ്രതി പിടിയിൽ
text_fieldsകണ്ണൂർ: രാമതെരുവിൽ സി.പി.എം പുഴാതി ലോക്കൽ കമ്മിറ്റി അംഗം പാല വിജുവിന്റെ സ്കൂട്ടറും ഓട്ടോറിക്ഷയും സൈക്കിളും തീവെച്ച് നശിപ്പിച്ചത് ലഹരി മാഫിയ സംഘം. മുഖ്യപ്രതി രാമതെരു ഗണപതി മണ്ഡപത്തിനു സമീപത്തെ സുമേഷിനെ (32) കണ്ണൂർ ടൗൺ എസ്.എച്ച്.ഒ ശ്രീജിത്ത് കൊടേരി അറസ്റ്റുചെയ്തു.
ഫെബ്രുവരി ഏഴിന് പുലർച്ചയാണ് രാമതെരു ഗണപതി മണ്ഡപത്തിനു സമീപത്തെ വിജുവിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ആക്ടിവ സ്കൂട്ടറിനും ഓട്ടോറിക്ഷക്കും സൈക്കിളിനും തീവെച്ചത്. ശബ്ദം കേട്ട് വീട്ടുകാർ ഉണരുമ്പോഴേക്കും സ്കൂട്ടറും സൈക്കിളും കത്തിനശിച്ചിരുന്നു. ഇവിടത്തെ ആൾത്താമസമില്ലാത്ത വീട് കേന്ദ്രീകരിച്ച് പ്രദേശത്ത് ലഹരി മാഫിയ ശല്യം രൂക്ഷമാണ്. സി.പി.എം പ്രവർത്തകർ ഇത് ചോദ്യംചെയ്തതിലെ
വിദ്വേഷത്തിലാണ് വാഹനം കത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളും ഫോൺകാളുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സുമേഷ് പിടിയിലായത്.
സംഘത്തിലുണ്ടായിരുന്ന മറ്റ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. പ്രതിയെ റിമാൻഡുചെയ്തു. എസ്.ഐ അരുൺ നാരായണൻ, എ.എസ്.ഐമാരായ എം. അജയൻ, സി. രഞ്‌ജിത്ത്, സി.പി.ഒ നാസർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.