കണ്ണൂരിൽ ഇക്കുറി സി.പി.െഎക്ക് സീറ്റില്ല
text_fieldsകണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിൽ സി.പി.െഎക്ക് ഇക്കുറി കണ്ണൂർ ജില്ലയിൽ സീറ്റില്ല. സി.പി.െഎക്ക് നീക്കിവെക്കാറുള്ള ഇരിക്കൂർ സീറ്റ് ഇത്തവണ എൽ.ഡി.എഫിലെ പുതിയ ഘടകകക്ഷിയായ കേരള കോൺഗ്രസ് എമ്മിന് (ജോസ് കെ. മാണി വിഭാഗം) വിട്ടുനൽകാൻ ശനിയാഴ്ച ചേർന്ന സി.പി.എം ജില്ല സെക്രേട്ടറിയറ്റിൽ ധാരണയായി.
ഇതിനുപകരം സി.പി.െഎക്ക് മറ്റൊരു മണ്ഡലം നൽകാനുള്ള സാധ്യതയില്ല. ഇരിക്കൂറിന് പകരം സി.പി.െഎക്ക് പേരാവൂർ നൽകുമെന്ന അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, പേരാവൂരിൽ സി.പി.എം സ്ഥാനാർഥികൾതന്നെ മത്സരിച്ചേക്കും.
സി.പി.എം ഇരിട്ടി ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ, സംസ്ഥാന സമിതിയംഗം വി. ശിവദാസൻ എന്നിവരുടെ പേരാണ് ഇപ്പോൾ പേരാവൂരിൽ ഉയർന്നുകേൾക്കുന്നത്.
ഇതോടെ സി.പി.െഎക്ക് മത്സരിക്കാൻ കണ്ണൂരിൽ മണ്ഡലമില്ല എന്ന് ഏതാണ്ടുറപ്പായി. 2011, 2016 തെരഞ്ഞെടുപ്പുകളിൽ ഇരിക്കൂറിൽ സി.പി.െഎ സ്ഥാനാർഥികളാണ് മത്സരിച്ചത്. 2011ൽ സി.പി.െഎ ജില്ല സെക്രട്ടറി പി. സന്തോഷ് കുമാർ, 2016ൽ അസി. സെക്രട്ടറി കെ.ടി. ജോസ് എന്നിവരാണ് യു.ഡി.എഫിലെ കെ.സി. ജോസഫിനെതിരെ ഇവിടെ ജനവിധി തേടിയത്.
കണ്ണൂർ ജില്ലയിലെ ക്രിസ്ത്യൻ കുടിയേറ്റമേഖലയായ തളിപ്പറമ്പ് താലൂക്കിലെ ഇരിക്കൂർ, ആലക്കോട്, ഉദയഗിരി, നടുവിൽ, ഏരുവേശ്ശി, പയ്യാവൂർ, പടിയൂർ -കല്യാട്, ശ്രീകണ്ഠപുരം, മലപ്പട്ടം എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് ഇരിക്കൂർ നിയമസഭമണ്ഡലം. അതിനാലാണ് ഇക്കുറി കേരള കോൺഗ്രസ് എം സ്ഥാനാർഥിക്ക് മത്സരിക്കാൻ മണ്ഡലം വിട്ടുനൽകിയത്. കേരള കോൺഗ്രസ് എം ജില്ല പ്രസിഡൻറ് സജി കുറ്റ്യാനിമറ്റം, മുതിർന്ന നേതാവായ അഡ്വ. ജോർജ് മേച്ചേരി എന്നിവരിൽ ആരെങ്കിലുമാണ് ഇവിടെനിന്ന് ജനവിധിതേടാൻ സാധ്യത.
യു.ഡി.എഫിെൻറ ഉറച്ച േകാട്ടയായ ഇരിക്കൂറിൽ കോൺഗ്രസ് സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടാവുക.
കോൺഗ്രസിൽ അഡ്വ. സജീവ് ജോസഫ്, സോണി സെബാസ്റ്റ്യൻ എന്നിവരിലൊരാളാണ് ഇവിടെ ജനവിധിതേടുക.