കോവിഡ് വാക്സിൻ രണ്ടാം ഡോസ് മാറിനൽകി
text_fieldsകണ്ണൂർ: കോവാക്സിൻ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തയാൾക്ക് രണ്ടാം ഡോസ് മാറിനൽകി. കാനത്തുംചിറ ശങ്കരൻകണ്ടി സുനിൽ കുമാറിനാണ് (50) കോട്ടയം മലബാർ പി.എച്ച്.സിയിൽനിന്ന് രണ്ടാം ഡോസായി കോവിഷീൽഡ് മാറി നൽകിയത്. ജൂലൈ മൂന്നിനാണ് സംഭവം. മേയ് 17നാണ് ഇതേ സെൻററിൽനിന്ന് ആദ്യഡോസായി കോവാക്സിൻ സ്വീകരിച്ചത്.
രണ്ടാം ഡോസ് സ്പോട്ട് രജിസ്ട്രേഷനായാണ് രജിസ്റ്റർ ചെയ്തത്. കുത്തിവെപ്പ് എടുത്തശേഷം വീട്ടിലെത്തിയപ്പോഴാണ് വാക്സിൻ മാറിയതായി മനസ്സിലായത്. ഇതുസംബന്ധിച്ച് സുനിൽ കുമാർ കണ്ണൂർ ഡി.എം.ഒക്ക് പരാതി നൽകി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യ വകുപ്പ് നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സുനിൽ കുമാറിന് നിലവിൽ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. അതേസമയം, ആദ്യഡോസ് സ്വീകരിക്കുേമ്പാൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ മാറിയാണ് രണ്ടാംതവണ വെരിഫിക്കേഷൻ കൗണ്ടറുകളിൽ നൽകിയതെന്നും ഒന്നാം ഡോസ് വാക്സിനേഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ കുത്തിവെപ്പ് സമയത്ത് പങ്കുവെച്ചില്ലെന്നും മെഡിക്കൽ ഓഫിസർ ഡോ. വിനീത പറഞ്ഞു.