കോവിഡ്: ജില്ലയിൽ അഞ്ച് കേസുകൾ, ജാഗ്രത നിർദേശം
text_fieldsകണ്ണൂർ: സംസ്ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും ഉയർന്നതോടെ ജില്ലയിലും ജാഗ്രത നിർദേശം. ജില്ലയിൽ നിലവിൽ അഞ്ച് കോവിഡ് കേസുകൾ മാത്രമാണ് ജില്ലയിലുള്ളത്. ആക്ടിവ് കേസുകൾ കുറവെങ്കിലും ജാഗ്രത നിർദേശവും ബോധവത്കരണവും ശക്തിപ്പെടുത്തിയതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ. പിയൂഷ് എം. നമ്പൂതിരിപ്പാട് അറിയിച്ചു.
കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ എല്ലാ ദിവസവും യോഗം ചേർന്ന് അവലോകനം നടത്തുന്നതായും അദ്ദേഹം പറഞ്ഞു. ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവിസ് പുറത്തിറക്കിയ മാർഗനിർദേശങ്ങൾ ജില്ലയിലും നടപ്പാക്കും.
കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ എത്തുന്നവർ നിർബന്ധമായും കോവിഡ് പരിശോധന നടത്താൻ മെഡിക്കൽ ഓഫിസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ പൊതുയിടങ്ങളിൽ മാസ്ക് ധരിക്കാനും നിർദേശമുണ്ട്.
നിലവിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനയില്ലെങ്കിലും ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. കോവിഡ് പരിശോധന നടത്തി പോരുന്ന ജില്ലയിലെ സ്വകാര്യ ആശുപത്രികളും ലാബുകളും, റാപിഡ് ആന്റിജൻ, ആർ.ടി.പി.സി.ആർ, ട്രൂ നാറ്റ് പരിശോധന ഫലം ഔദ്യോഗിക പോര്‍ട്ടലായ https://labsys.health.kerala.gov.in ല്‍ അപ് ലോഡ് ചെയ്യണമെന്ന് ഡി.എം.ഒ അറിയിച്ചു. നെഗറ്റിവ് ടെസ്റ്റ് ഫലം ഉള്‍പ്പെടെ ഈ ഔദ്യോഗിക പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യണം.
പോര്‍ട്ടലിന്റെ യൂസർ ഐ.ഡി, പാസ് വേഡ് എന്നിവ ലഭ്യമല്ലാത്തവര്‍ 9846056161, 0497-2709494 എന്നീ നമ്പറിലോ idspkannur@gmail.com എന്ന ഇമെയിൽ ഐ.ഡിയിലോ വിവരം അറിയിക്കണം. ഈ നിര്‍ദേശം പാലിക്കാത്തവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

