കോവിഡ് മരണം: തലശ്ശേരി അതിരൂപതയില്‍ ആദ്യത്തെ ദഹിപ്പിക്കല്‍
text_fieldsകണ്ണൂര്‍: കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഞായറാഴ്ച മരിച്ച നെല്ലിക്കാംപൊയില്‍ സ്വദേശിനി ഏലിക്കുട്ടി (അമ്മിണി-71)യുടെ മൃതദേഹം ദഹിപ്പിച്ചത് തലശ്ശേരി അതിരൂപതയില്‍ ആദ്യ സംഭവം. ക്രൈസ്തവ സമൂഹത്തിെൻറ വിശ്വാസപ്രകാരം മൃതദേഹം ദഹിപ്പിക്കുന്ന പതിവില്ല. സെമിത്തേരിയില്‍ അടക്കംചെയ്യുകയാണ് പതിവ്.
എന്നാല്‍, കോവിഡ് മരണങ്ങള് പത്തടി താഴ്ചയില്‍ കുഴിയെടുത്തുവേണം അടക്കം ചെയ്യേണ്ടത്. അതിനുള്ള സൗകര്യം സെമിത്തേരിയില്‍ വേണ്ടത്ര ഇല്ലാത്തതാണ് മൃതദേഹം ദഹിപ്പിക്കാനുണ്ടായ സാഹചര്യം. നെല്ലിക്കാംപൊയില്‍ സെൻറ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ ഞായറാഴ്ച വൈകീട്ട് അേഞ്ചാടെ ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു സംസ്കാരം.
മരിച്ച ഏലിക്കുട്ടിയുടെ ഭര്‍ത്താവ്, മകന്, മകള്‍, പള്ളി വികാരി ഫാ. ജോസഫ് കാവനാടി, പള്ളി കൈക്കാരന് ആേൻറാ കോയിക്കാരന്‍ എന്നിവര്‍ക്കു മാത്രമാണ് പള്ളി സെമിത്തേരിയില്‍ പ്രവേശനം അനുവദിച്ചത്. കോവിഡ് ബാധിച്ച് പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവിനെയും മകനെയും ആംബുലന്‍സിലാണ് എത്തിച്ചത്. മകള്‍ നേരിട്ടും എത്തുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സംസ്കാര ചടങ്ങുകള്‍ നടത്തിയത്.