കോവിഡ് നിയന്ത്രണങ്ങള്‍; കര്‍ശനമാക്കാന്‍ പൊലീസ്
text_fieldsകണ്ണൂര്‍: കോവിഡ് വ്യാപനം സങ്കീർണമാകുന്ന സാഹചര്യത്തിൽ പൊലീസിെൻറ നേതൃത്വത്തിൽ വെള്ളിയാഴ്ച മുതൽ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും.
നിരീക്ഷണവും നിയന്ത്രണവും കര്‍ശനമാക്കുന്നതിനായി കേന്ദ്രസർക്കാർ മാർഗനിർദേശങ്ങൾ ഏപ്രിൽ 30വരെ നീട്ടി. രോഗബാധിതരുടെ എണ്ണത്തിൽ ക്രമാനുഗതമായ വർധനവാണ് ഇപ്പോൾ കാണപ്പെടുന്നത്.
നിലവിലെ നിയന്ത്രണ ശ്രമങ്ങൾ ജനജീവിതത്തെ ബാധിക്കാതെ അടിയന്തര അധിക നിയന്ത്രണങ്ങൾ ആവശ്യമായി വന്ന സാഹചര്യമാണ്. അടച്ചിട്ട മുറികളില്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ പരമാവധി 100 പേർക്ക് മാത്രമേ ഒത്തുകൂടാൻ അനുവാദമുള്ളൂ. യോഗങ്ങൾ /പ്രോഗ്രാമുകൾ, പൊതുപരിപാടികളില്‍ പരമാവധി 200 പേർ മാത്രമേ പങ്കെടുക്കാവൂ. വിവാഹങ്ങൾ, സംസ്കാരങ്ങൾ, ഉത്സവങ്ങൾ, കായികം, കല, സാംസ്കാരിക പരിപാടികൾ തുടങ്ങിയവക്കും ബാധകമാണ്.
രണ്ടു മണിക്കൂറില്‍ കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കരുത്. എല്ലാ പരിപാടികളിലും കഴിയുന്നിടത്തോളം പാര്‍സല്‍ ഭക്ഷണം നൽകണമെന്നും പൊലീസ് നിർദേശമുണ്ട്. ഷോപ്പുകൾ/മാളുകള്‍/കച്ചവട സ്ഥാപനങ്ങള്‍ എന്നിവ രാത്രി ഒമ്പതിന് അടക്കണം. തിയറ്ററുകൾ, ഹോട്ടലുകൾ, റസ്റ്റാറൻറുകൾ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പാക്കും. ബസുകളിൽ നിൽക്കുന്ന യാത്രക്കാരെ അനുവദിക്കില്ല.
673 പേര്‍ക്ക് കോവിഡ്; 607 സമ്പര്‍ക്കം
കണ്ണൂർ: കണ്ണൂരിലെ കോവിഡ് വീണ്ടും 600ന് മുകളിൽതന്നെ. വെള്ളിയാഴ്ച 673 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ സമ്പര്‍ക്കത്തിലൂടെ 607 പേര്‍ക്കും ഇതര സംസ്ഥാനത്തുനിന്നെത്തിയ 47 പേര്‍ക്കും വിദേശത്തുനിന്നെത്തിയ അഞ്ചു പേര്‍ക്കും 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് പോസിറ്റിവ് കേസുകള്‍ 65,804 ആയി. ഇവരില്‍ 283 പേര് വെള്ളിയാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 59,043 ആയി. 359 പേര് കോവിഡ് മൂലം മരിച്ചു. ബാക്കി 6042 പേര് ചികിത്സയിലാണ്.
ജില്ലയില്‍ നിലവിലുള്ള കോവിഡ് പോസിറ്റിവ് കേസുകളില്‍ 5754 പേര് വീടുകളിലും ബാക്കി 288 പേര് വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. നിലവില്‍ നിരീക്ഷണത്തിലുള്ളത് 18,338 പേരാണ്. ഇതില്‍ 17,773 പേര് വീടുകളിലും 565 പേര് ആശുപത്രികളിലുമാണ് കഴിയുന്നത്.
ഇതുവരെ 7,65,820 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 7,65,343 എണ്ണത്തിെൻറ ഫലം വന്നു. 477 എണ്ണത്തിെൻറ ഫലം ലഭിക്കാനുണ്ട്.
ആരാധനാലയങ്ങളിൽ കോവിഡിനെ അകറ്റാം
കണ്ണൂർ: ജില്ലയില്‍ കോവിഡ് വ്യാപനം ശക്തിയാര്‍ജിക്കുന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങളിലും അവയോടനുബന്ധിച്ച് നടക്കുന്ന പരിപാടികളിലും കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പൂര്‍ണമായും പാലിക്കാന്‍ എ.ഡി.എം ഇ.പി. മേഴ്സിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന വിവിധ മതസംഘടന പ്രതിനിധികളുടെ യോഗം ആഹ്വാനം ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ഭരണകൂടം മുന്നോട്ടുെവക്കുന്ന എല്ലാ നിർദേശങ്ങളും പാലിക്കാന്‍ എല്ലാവരും തയാറാവണം. മാസ്ക് ധാരണം, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കുന്നതില്‍ വൈറസിെൻറ ആദ്യതരംഗത്തില്‍ പ്രകടിപ്പിച്ച സഹകരണം അതിെൻറ രണ്ടാംവരവിലും കാണിക്കണം. ഇതിെൻറ ഭാഗമായി പള്ളികളിലെയും മറ്റും ഇഫ്താര്‍ വിരുന്നുകള്‍ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. പ്രായമായവരും കുട്ടികളും പ്രാര്‍ഥനക്കെത്തുന്നത് പരമാവധി നിരുത്സാഹപ്പെടുത്തണം. പ്രാര്‍ഥനകള്‍, ഉത്സവങ്ങള്‍ തുടങ്ങിയ ചടങ്ങുകളില്‍ കെട്ടിടങ്ങള്‍ക്കകത്ത് പരമാവധി 75 പേരും ഔട്ട്ഡോറില് 150 പേരുമാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. ഇവിടെയും കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കണം. ആരാധനാലയങ്ങളുടെ വലുപ്പത്തിനനുസരിച്ച് ആളുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതും വെള്ളിയാഴ്ച ജുമുഅ പ്രാര്‍ഥന ഒന്നിലധികം തവണ നടത്തുന്നതും കൂടുതല്‍ ഫലപ്രദമാവുമെന്നും ഇക്കാര്യം പരിഗണിക്കണമെന്നും യോഗത്തില്‍ സംസാരിച്ച പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
രോഗപ്രതിരോധത്തിെൻറ ഭാഗമായി 45 വയസ്സിന് മുകളിലുള്ള എല്ലാവരും വാക്സിന് കുത്തിവെക്കണമെന്നും യോഗം ആഹ്വാനം ചെയ്തു. വാക്സിനേഷന് കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.വാക്സിനെടുത്തവര്‍ക്ക് അപൂര്‍വമായി രോഗം വരാമെങ്കിലും അവരില്‍ കാര്യമായ എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും വാക്സിന് ന്യൂട്രീഷന്‍ അല്ലാത്തതിനാലും പേശിയില്‍ കുത്തിവെക്കുന്നതിനാലും നോമ്പുകാലത്ത് വാക്സിനെടുക്കുന്നതിന് തടസ്സമില്ലെന്നും യോഗത്തിൽ വിദഗ്ധർ അറിയിച്ചു.യോഗത്തിൽ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എം. പ്രീത, ഡോ. ഉസ്മാന് കുട്ടി, സ്പെഷല്‍ ബ്രാഞ്ച് എ.സി.പി എം.വി. അനില്‍കുമാര്‍, ഡോ. സുല്‍ഫിക്കര്‍ അലി, എ.കെ. അബ്ദുൽ ബാഖി, കെ. മുഹമ്മദ് ഷരീഫ് ബാഖവി, അബ്ദുൽ ലത്തീഫ് സഅദി, കെ.വി. സലീം, ഹാമിദ്, സ്വാമി ആത്മചൈതന്യ, ഫാ. തോമസ് തെങ്ങുംപള്ളില്‍, ഫാ. തങ്കച്ചന് ജോര്‍ജ്, മുഹമ്മദ് സാജിദ്, നിസാര്‍ അതിരകം, ഷഹീര്‍ പാപ്പിനിശ്ശേരി, കനകരാജ്, മഹേഷ് ചന്ദ്ര ബാലിഗ, സഹല്‍ വാഫി, മുഹമ്മദ് ഷമീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പാനൂരിൽ ഇന്നുമുതൽ കർശന നിയന്ത്രണങ്ങൾ
പാനൂർ: പാനൂരിൽ കോവിഡ് നിയന്ത്രണങ്ങൾ ഇന്നുമുതൽ ശക്തമാക്കുമെന്ന് സി.ഐ റിയാസ് ചാക്കീരി അറിയിച്ചു. സ്റ്റേഷൻ പരിധിയിലെ വിവിധ മേഖലകളിൽ വാഹന അനൗൺസ്മെൻറ് നടത്തി. സ്റ്റേഷനിലെ പകുതി പൊലീസുകാരെ കോവിഡ്നിയന്ത്രണങ്ങൾക്കായി നിയോഗിച്ചു. മേഖലയിലെ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും കർശന നിർദേശങ്ങൾ നൽകി. സ്ഥാപനങ്ങളിൽ സാനിറ്റൈസർ നിർബന്ധമായും സ്ഥാപിക്കേണ്ടതും സ്ഥാപനത്തിൽ വരുന്നവർ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.
സ്ഥാപനത്തിലുള്ള ജീവനക്കാർ നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണ്. അല്ലാത്തപക്ഷം സ്ഥാപനത്തിനെതിരെയും കുറ്റം ചെയ്തയാൾക്കെതിരെയും 5000 രൂപയിൽ കുറയാത്ത പിഴ ഈടാക്കുന്നതായിരിക്കും. സ്ഥാപനങ്ങളിൽ വരുന്നവരുടെ പേരുവിവരങ്ങളും ഫോൺ നമ്പറും രജിസ്റ്ററിൽ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്. സ്ഥാപനത്തിൽ ഒരുസമയം പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണം സ്ഥാപനത്തിന് മുൻവശം പ്രദർശിപ്പിക്കേണ്ടതും കൂടുതലായി വരുന്ന ആളുകൾക്ക് ടോക്കൻ നൽകേണ്ടതും ക്യൂ നിൽക്കുന്നതിന് അകലം മാർക്ക് ചെയ്തുകൊടുക്കേണ്ടതുമാണ്.
കച്ചവട സ്ഥാപനങ്ങൾ ടേക്ക് എവേ, ഹോം ഡെലിവറി സംവി ധാനം ഏർപ്പെടുത്തേണ്ടതാണ്. സർക്കാർ നിർദേശ പ്രകാരം സ്ഥാപനങ്ങൾ കർശനമായും രാത്രി ഒമ്പതിന് അടക്കേണ്ടതാണ്. അല്ലാത്ത പക്ഷം സ്ഥാപനങ്ങൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുന്നതാണ്.
ഇന്ന് 40 കേന്ദ്രങ്ങളില്‍ കുത്തിവെപ്പ്
കണ്ണൂർ: ജില്ലയില്‍ ശനിയാഴ്ച സര്‍ക്കാര്‍ മേഖലയില്‍ 18 ആരോഗ്യ കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിന് നല്‍കും. കൂടാതെ കണ്ണൂര്‍ ജൂബിലി ഹാള്‍, കൂത്തുപറമ്പ് മുനിസിപ്പല്‍ സ്റ്റേഡിയം പവലിയന്, പയ്യന്നൂര്‍ ബോയ്സ് സ്കൂള്‍ എന്നിവ കോവിഡ് മെഗാ വാക്സിനേഷന് കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും.
ഈ കേന്ദ്രങ്ങളില്‍ കോവാക്സിനാണ് നല്‍കുക. മെഗാ വാക്സിനേഷന് ക്യാമ്പുകളില്‍ 500-1000 പേര്‍ക്കുള്ള വാക്സിനേഷന് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ കേന്ദ്രങ്ങളില്‍ 45 വയസ്സിന് മുകളിലുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്നണിപ്പോരാളികള്‍ എന്നിവര്‍ക്കാണ് വാക്സിനേഷന് നല്‍കുന്നത്.
മുന്‍ഗണന വിഭാഗങ്ങളിലുള്ള എല്ലാവര്ക്കും വാക്സിന് വിതരണം അതിവേഗം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് കൂടുതല്‍ സ്ഥലങ്ങളില്‍ വാക്സിനേഷന് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ വാക്സിനേഷന് കേന്ദ്രങ്ങള്‍ കൂടാതെ 19 സ്വകാര്യ ആശുപത്രികളും വാക്സിനേഷന് കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. ഈ കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡാണ് നല്‍കുക.
സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ഈ വാക്സിനേഷന് സൗജന്യമാണ്. സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കായ 250 രൂപ നല്‍കണം.
സ്വകാര്യ ആശുപത്രികള്‍
പയ്യന്നൂര്‍ അനാമയ, പയ്യന്നൂര്‍ സബാ, പയ്യന്നൂര്‍ സഹകരണാശുപത്രി, പയ്യന്നൂര്‍ ഐ ഫൗണ്ടേഷന്, പഴയങ്ങാടി ഡോ. ബീബിസ്, പാപ്പിനിശ്ശേരി എം.എം, തളിപ്പറമ്പ ലൂര്‍ദ്, കണ്ണൂര്‍ മദര്‍ ആൻഡ് ചൈല്‍ഡ്, കണ്ണൂര്‍ മാധവറാവു സിന്ധ്യ, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്, കണ്ണൂര്‍ ജിം കെയര്‍, കണ്ണൂര്‍ ധനലക്ഷ്മി, കണ്ണൂര്‍ മെഡിക്കല്‍ കോളജ് അഞ്ചരക്കണ്ടി, തലശ്ശേരി സഹകരണാശുപത്രി, ഇരിട്ടി അമല, ഇരിട്ടി സ്കൈ സൂപ്പര്‍ സ്പെഷ്യാലിറ്റി, ശ്രീകണ്ഠപുരം രാജീവ് ഗാന്ധി സഹകരണാശുപത്രി, തലശ്ശേരി മിഷന്, തലശ്ശേരി ജോസ്ഗിരി. വാക്സിനേഷന് കേന്ദ്രത്തില്‍ പോകുമ്പോള്‍ ആധാര്‍ കാര്‍ഡോ, അംഗീകൃത ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡോ കരുതണം. 45നും 59നും ഇടയിലുള്ളവര്‍ ഒരു രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷനര്‍ ഒപ്പിട്ട കോമോര്ബിഡിറ്റി സര്‍ട്ടിഫിക്കറ്റ് വാക്സിനേഷന് കേന്ദ്രത്തില്‍ സമര്‍പ്പിക്കേണ്ടതാണ്.
കൂത്തുപറമ്പിൽ നടപടി ശക്തമാക്കി
കൂത്തുപറമ്പ്: കോവിഡ് നിയമലംഘനങ്ങൾക്കെതിരെ കൂത്തുപറമ്പ് ടൗണിൽ നടപടി ശക്തമാക്കി. എ.സി.പി കെ.ജി. സുരേഷിെൻറ നേതൃത്വത്തിലാണ് ശക്തമായ നടപടി ആരംഭിച്ചിട്ടുള്ളത്. കോവിഡ് പ്രോട്ടോകോൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എ.സി.പി പറഞ്ഞു. ആദ്യഘട്ടത്തിൽ പൊലീസ് സംഘം വ്യാപാര സ്ഥാപനങ്ങളിലും മറ്റും കയറി മുന്നറിയിപ്പ് നൽകി. മാസ്ക്കും രജിസ്റ്ററും നിർബന്ധമാക്കുന്നതോടൊപ്പം സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കട ഉടമകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂത്തുപറമ്പ് എസ്.െഎ സന്ദീപും എ.സി.പിയോടൊപ്പം ഉണ്ടായിരുന്നു.