കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽനിന്ന് രക്ഷപ്പെട്ട പ്രതി പിടിയിൽ
text_fieldsകൂത്തുപറമ്പ്: കോഴിക്കോട്ടെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽനിന്ന് രക്ഷപ്പെട്ട പ്രതി കൂത്തുപറമ്പിൽ പിടിയിലായി. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ്റഹ്മാൻ (45) ആണ് കൂത്തുപറമ്പിനടുത്ത മംഗലോട്ടുചാലിൽനിന്ന് നടക്കാവ് പൊലീസ് പിടികൂടിയത്. മുക്കം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഹോട്ടൽ ജീവനക്കാരിയായ വയോധികയെ പീഡിപ്പിക്കുകയും ആഭരണങ്ങള്‍ കവരുകയും ചെയ്തതടക്കം കോഴിക്കോട്, മലപ്പുറം ജില്ലകളിലായി എട്ടോളം കേസിൽ പ്രതിയാണ് ഇയാൾ.
ജയിൽ വകുപ്പിെൻറ കോഴിക്കോട് വെസ്റ്റ് ഹില്ലിലെ കോവിഡ് ചികിത്സ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ 20നാണ് തടവുചാടിയത്. മംഗലോട്ടുചാലിലെ ഭാര്യവീടിനു സമീപത്തെ ആളൊഴിഞ്ഞ കാടുപിടിച്ചുകിടന്ന പറമ്പിൽനിന്നാണ് പിടിയിലായത്. തടവ് ചാടിയ ശേഷം ബൈക്ക് മോഷ്ടിച്ചാണ് ഇയാൾ കടന്നത്. ബൈക്ക് മട്ടന്നൂരിൽ ഉപേക്ഷിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നടക്കാവ് എസ്.ഐ എസ്.ബി. കൈലാസ് നാഥ്, കസബ എസ്.ഐ വി. സിജിത്ത്, സിവിൽ പൊലീസ് ഓഫിസർമാരായ സഹീർ, ഷാഫി, സുമേഷ്, ശ്രീജിത്ത്, പ്രശാന്ത് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.