കണ്ണൂരിലെ കള്ളനോട്ട്; പിന്നിൽ അന്തർസംസ്ഥാന സംഘം
text_fieldsകണ്ണൂർ: കണ്ണൂരിൽ കള്ളനോട്ട് പിടികൂടിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. കേസിൽ അറസ്റ്റിലായവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇടപാടിൽ അന്തർസംസ്ഥാന കണ്ണികളുണ്ടെന്ന് കണ്ടെത്തിയതോടെ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചാണ് അന്വേഷണം.
സിറ്റി പൊലീസ് കമീഷണർ അജിത്ത് കുമാറിന്റെ മേൽനോട്ടത്തിൽ 10 അംഗ പ്രത്യേക സംഘം രൂപവത്കരിച്ചു. കണ്ണൂർ എ.സി.പി സിബി ടോം, ടൗൺ പൊലീസ് ഇൻസ്പെക്ടർ കെ.സി. സുഭാഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
കള്ളനോട്ട് ഇടപാടിൽ കാസർകോട്, കർണാടക സംഘത്തിന് ബന്ധമുള്ളതായി തെളിഞ്ഞിട്ടുണ്ട്. ഇവരെ പൂട്ടാനുള്ള നീക്കത്തിലാണ് പൊലീസ്. പ്രതികൾ രക്ഷപ്പെടാൻ ഇടയാകുന്നതിനാൽ പഴുതടച്ച അന്വേഷണമാണ് നടക്കുന്നത്. കണ്ണികളിലൂടെ കള്ളനോട്ടിന്റെ സ്രോതസ്സിലെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
കണ്ണൂരിലെ ബാറിൽ ബില്ലടക്കാൻ കള്ളനോട്ട് നൽകിയതോടെ പയ്യന്നൂർ കണ്ടോത്ത് സ്വദേശിയും പ്രവാസിയുമായ എം.എ. ഷിജു കഴിഞ്ഞയാഴ്ച അറസ്റ്റിലായതോടെയാണ് തട്ടിപ്പ് പുറത്താവുന്നത്. ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പാടിയോട്ടുചാല്‍ ഏച്ചിലാംപാറയിലെ ശോഭയെ കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ്ചെയ്തു.
പാടിയോട്ടുചാലിലെ പെട്രോൾ പമ്പിൽനിന്നും വാഹനത്തിൽ ഇന്ധനം നിറച്ച ശേഷം 500 രൂപ കള്ളനോട്ട് നൽകിയ കേസിലും ശോഭ പ്രതിയാണ്.
കണ്ണൂര്‍ ടൗണ്‍, ചീമേനി, ചെറുപുഴ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ ശോഭയുടെ വീട്ടില്‍ നടത്തിയ പരിശോധനയിൽ പ്രിന്റിങ് മെഷീന്, ലാപ്ടോപ്, നിരോധിച്ച ആയിരത്തിന്റെ നോട്ടുകൾ, പിന്‍വലിച്ച രണ്ടായിരത്തിന്റെ നോട്ടുകൾ, അഞ്ഞൂറിന്റെയും പത്തിന്റെയും നോട്ടുകെട്ടുകൾ, നിരവധി സീലുകൾ എന്നിവ കണ്ടെടുത്തു. ഇവരെ കൂടുതലായി ചോദ്യം ചെയ്യാനായി കോടതിയിൽ പൊലീസ് അപേക്ഷ നൽകിയിട്ടുണ്ട്.
കൂടുതൽപേർക്ക് പങ്കുണ്ടെന്ന വിവരം ലഭിച്ചതോടെ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികളുമായി ബന്ധപ്പെട്ടവരെയടക്കം ചോദ്യം ചെയ്തു.
കാസർകോട്, മംഗളൂരു കേന്ദ്രീകരിച്ച് അടുത്ത ദിവസങ്ങളിൽ അന്വേഷണവും പരിശോധനകളും നടക്കും. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ കണ്ണികളായ കൂടുതൽ പേരിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

