പാചക വാതകം ഇനി പൈപ്പ് വഴി
text_fieldsകണ്ണൂർ: വീടുകളിൽ പൈപ്പ് ലൈനിലൂടെ ഗ്യാസ് എത്തിക്കുന്ന പദ്ധതി ജില്ലയിൽ യാഥാർഥ്യമാകുന്നു. കൊച്ചി-മംഗളൂരു ഗെയിൽ പൈപ്പ് ലൈൻ പദ്ധതി യാഥാർഥ്യമായതോടെ കൂടാളിയിലും മുണ്ടേരിയിലും പരീക്ഷണാടിസ്ഥാനത്തിൽ ഈ മാസം അവസാനത്തോടെ വീടുകളിൽ പൈപ്പ് ലൈനിലൂടെ പാചക വാതകം എത്തും. ഈ പഞ്ചായത്തുകളിൽ അടുത്ത വർഷം മാർച്ചിൽ 1000 കണക്ഷനുകൾ നൽകാനാണ് ലക്ഷ്യമിടുന്നത്.
ആദ്യഘട്ടത്തിൽ 25 വീടുകളിൽ രണ്ടാഴ്ചക്കകം കണക്ഷൻ നൽകും. ഇതിന്‍റെ ജോലികൾ അവസാന ഘട്ടത്തിലാണ്. കൂടാളിയിലെ സിറ്റി ഗ്യാസ് സ്‌റ്റേഷന് സമീപമുള്ള വീട്ടുകാർക്കാണ് ആദ്യം കണക്ഷൻ നൽകുക. വീടുകളിലേക്കുള്ള കണക്ഷന് ഒരിഞ്ച്, അരയിഞ്ച് പോളിത്തീൻ പൈപ്പാണിടുന്നത്. മഴ കാരണമാണ് ഇതിന്റെ പ്രവൃത്തി നീണ്ടുപോയത്. ഇതിനൊപ്പം ചാലോട്-മേലെ ചൊവ്വ മെയിൻ പൈപ്പ് ലൈനിന്റെ പണിയും ആരംഭിക്കും.
ജില്ലയിലെ 53 വില്ലേജുകളിലെ 82 കിലോമീറ്റർ പ്രദേശത്തിലൂടെയാണ് കൊച്ചി-മംഗളൂരു ഗെയിൽ മേജർ പൈപ്പ് ലൈൻ കടന്നുപോകുന്നത്. ഘട്ടംഘട്ടമായി തലശ്ശേരി-മാഹി മെയിൻ പൈപ്പ് ലൈനിന്റെയും തളിപ്പറമ്പിലേക്കുള്ള ലൈനിന്റെയും പണി തുടങ്ങും.
വീടുകളിൽ ഗ്യാസ് എത്തിക്കുന്നതിനുള്ള സിറ്റി ഗ്യാസ് ഡിഡ്ട്രിബ്യൂഷൻ പദ്ധതി ഇന്ത്യൻ ഓയിൽ കോർപറേഷനും അദാനി ഗ്രൂപ്പുമാണ് ഏറ്റെടുത്തിട്ടുള്ളത്. പൈപ്പഡ് നാച്ചുറൽ ഗ്യാസിന് (പി.എൻ.ജി) പുറമെ മോട്ടോർ വാഹനങ്ങൾക്ക് കംപ്രസ്ഡ് നാച്ചുറൽ ഗ്യാസും (സി.എൻ.ജി) വിതരണം ചെയ്യാൻ പദ്ധതിയുണ്ട്.
വാഹനങ്ങൾക്ക് വാതകം നിറക്കാനുള്ള സി.എൻ.ജി സ്റ്റേഷനുകൾ ജില്ലയിൽ കൂടുതൽ തുടങ്ങുന്നുണ്ട്. പരിയാരം, കമ്പിൽ എന്നിവിടങ്ങളിലെ സി.എൻ.ജി സ്റ്റേഷനുകളുടെ പണി അവസാന ഘട്ടത്തിലാണ്. ഇതിനു പുറമെ മാഹി, പയ്യന്നൂർ, കൂത്തുപറമ്പ് എന്നിവിടങ്ങളിലും സി.എൻ.ജി സ്റ്റേഷൻ വൈകാതെ തുടങ്ങും. കണ്ണൂരിൽ 16 കിലോമീറ്റർ ഇടവിട്ടാണ് സ്‌റ്റേഷനുകൾ ഒരുക്കുക. 100 കിലോമീറ്റർ പരിധിക്കുള്ളിൽ ഒരു മേജർ സ്‌റ്റേഷനുമുണ്ടാകും.
ഉപയോഗിച്ച ഗ്യാസിന് മാത്രം പണം
ജില്ലയിലെ സ്റ്റേഷനിൽനിന്ന് മർദം കുറച്ചാണ് വീടുകളിലേക്ക് പാചകവാതകം നൽകുക. പൊതുപൈപ്പിൽനിന്ന് വീടുകളിലേക്കുള്ള കണക്ഷൻ 15 മീറ്റർ വരെ സൗജന്യമാണ്.
ഉപയോഗിക്കുന്നതിനു മാത്രം വില നൽകിയാൽ മതി. 24 മണിക്കൂറും ലഭ്യമാകും. എൽ.പി.ജി പാചകവാതകത്തേക്കാൾ 30 ശതമാനം വില കുറച്ചാണ് ഗാർഹിക ഉപഭോക്താക്കൾക്ക് ഗ്യാസ് വിതരണം ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

