കണ്ണൂർ -മംഗളൂരു റൂട്ടിലെ ട്രെയിൻ നിയന്ത്രണം രോഗികളെയടക്കം വലക്കുന്നു
text_fieldsകണ്ണൂർ: കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്നുള്ള ആയിരങ്ങളാണ് പ്രതിദിനം മംഗളൂരുവിലെ ആശുപത്രികളെ ചികിത്സക്കായി ആശ്രയിക്കുന്നത്. എന്നാൽ, കോവിഡ് നിയന്ത്രണവും ട്രെയിൻയാത്ര ദുരിതവും ഇത്തരക്കാരെ വലക്കുകയാണ്. കൂടാതെ കാസർകോട് ജില്ലയിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും യാത്രാദുരിതം കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ഈ മേഖലയിൽ ട്രെയിനിൽ സീസൺ ടിക്കറ്റ് അനുവദിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. റിസർവേഷൻ വേണ്ടാത്ത ഒറ്റ ട്രെയിൻ മാത്രമാണ് കണ്ണൂർ -മംഗളൂരു പാതയിലുള്ളത്. ഉടൻ ശരിയാകുമെന്ന് പറയുന്നതല്ലാതെ ഇന്നുവരെ റെയിൽവേ ഇക്കാര്യത്തിൽ ആശാവഹമായ തീരുമാനം എടുത്തിട്ടില്ല. ഇൗ റൂട്ടിൽ മിക്കവരും പാസഞ്ചർ ട്രെയിനുകളെയാണ് ആശ്രയിച്ചിരുന്നത്. കണ്ണൂർ -മംഗളൂരു സ്പെഷൽ പാസഞ്ചർ ട്രെയിനിൽ മാത്രമാണ് നിലവിൽ സീസൺ ടിക്കറ്റുകാർക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്.
സ്പെഷൽ ട്രെയിനുകളായി ഓടുന്നവയിൽ ജനറൽ കോച്ചുകൾ അനുവദിക്കാത്തതിനാൽ സീസൺ ടിക്കറ്റെടുത്തവർ ഇപ്പോഴും പടിക്കുപുറത്താണ്. കണ്ണൂർ -ചെറുവത്തൂർ പാസഞ്ചർ പുനഃസ്ഥാപിച്ച് സീസൺ ഏർപ്പെടുത്തിയാൽ മാത്രമേ യാത്രാദുരിതം ഒരുപരിധി വരെയെങ്കിലും പരിഹരിക്കാൻ കഴിയൂ. ട്രെയിൻ ഗതാഗതം സാധാരണ നിലയിലായിട്ടും യാത്രാദുരിതം അവസാനിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. മണിക്കൂറുകൾ ക്യൂ നിന്നാലും ടിക്കറ്റ് റിസർവ് ചെയ്യാനാവാതെ യാത്രക്കാർ വലയുകയാണ്. റെയിൽവേ സ്റ്റേഷനുകളിലെല്ലാം നിലവിൽ ഒരുകൗണ്ടർ മാത്രമാണ് പ്രവർത്തിക്കുന്നത്.
സീസൺ ടിക്കറ്റിന് അനുമതി നൽകുകയും പാസഞ്ചർ ട്രെയിനുകൾ സർവിസ് പുനരാരംഭിക്കുകയും ചെയ്താൽ മാത്രമേ യാത്രാദുരിതത്തിന് പരിഹാരമാകൂ. കണ്ണൂരിൽ നിന്നും മംഗളൂരു വരെയുള്ള മുഴുവൻ വണ്ടികളിലും സീസൺ, ജനറൽ ടിക്കറ്റുകൾ ഉടൻ അനുവദിക്കണമെന്നും പാസഞ്ചർ വണ്ടികൾ സർവിസ് ഉടൻ പുനരാരംഭിക്കണമെന്നും ഡിവിഷനൽ റെയിൽവേ കൺസൽട്ടേറ്റിവ് അംഗം അഡ്വ. റഷീദ് കവ്വായി ആവശ്യപ്പെട്ടു.
ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധം
യാത്രാദുരിതത്തിനുപുറമെ കണ്ണൂരിൽനിന്ന് മംഗളൂരുവിലെത്തുന്നവർക്ക് കോവിഡ് നിയന്ത്രണവും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. മുന്ന് ദിവസത്തിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് എടുത്തവരെ മാത്രമേ റെയിൽവേ സ്റ്റേഷനിൽനിന്ന് പുറത്തേക്ക് കടത്തിവിടുകയുള്ളൂ. രണ്ട് ഡോസ് വാക്സിൻ എടുത്തവരെപോലും പൊലീസ് കടത്തിവിടില്ല. ഇത് രോഗികൾക്കും വിദ്യാർഥികൾക്കുമടക്കം പ്രതിസന്ധി സൃഷ്ടിക്കുകയാണ്. കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്കാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ ഉയർന്ന രോഗവ്യാപന നിരക്കാണ് ഇതിന് കാരണമായി കർണാടക പൊലീസ് ചൂണ്ടിക്കാട്ടുന്നത്.
റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി -കെ. സുധാകരൻ എം.പി
കണ്ണൂർ ലോക്സഭ മണ്ഡലത്തിലെ ട്രെയിൻ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന് ഉടൻ നടപടി സ്വീകരിക്കണമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് ആവശ്യപ്പെട്ടു. കണ്ണൂർ -ചെറുവത്തൂർ പാസഞ്ചർ പുന:സ്ഥാപിക്കാനും എല്ലാ ട്രെയിനുകളിലും ജനറൽ കമ്പാർട്ട്മെൻറ് പുനഃസ്ഥാപിക്കാനും മുഴുവൻ വണ്ടികളിലും സീസൺ ടിക്കറ്റ് പ്രാബല്യത്തിൽ വരുത്താനും മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂർ -ഷൊർണൂർ മെമു ട്രെയിനിന് ധർമടം സ്റ്റേഷനിൽ സ്റ്റോപ് അനുവദിക്കാനും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

