കരാറുകാരന് വെട്ടേറ്റ സംഭവം; ക്വട്ടേഷൻ സംഘം റിമാൻഡിൽ
text_fieldsrepresentational image
പയ്യന്നൂർ: പരിയാരം അതിയടത്തെ കോൺട്രാക്ടർ സുരേഷ് ബാബുവിനെ വെട്ടിയ കേസിൽ പിടിയിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ 14 ദിവസം റിമാൻഡു ചെയ്തത്. ക്വട്ടേഷൻ സംഘം തുക വിനിയോഗിച്ചത് സുഖജീവിതത്തിന്. ലഭിച്ച മൂന്നു ലക്ഷം രൂപ നാലുപേരും കൂടി ഒന്നിച്ച് പങ്കിടുകയായിരുന്നു.
കൃത്യം നടന്ന ഏപ്രിൽ 18ന് രണ്ടുദിവസം കഴിഞ്ഞാണ് കേരള ബാങ്ക് ജീവനക്കാരിയായ സ്ത്രീയിൽനിന്ന് ക്വട്ടേഷൻ ടീം മൂന്നുലക്ഷം രൂപ കൈക്കലാക്കിയത്. നീലേശ്വരം പള്ളിക്കരയിൽ നിന്നെത്തിയ സുധീഷിന് ഒരു ലക്ഷം രൂപ നൽകി. കൃത്യം നടത്തുന്നതിനുവേണ്ടി വാടകക്കെടുത്ത ഇന്നോവ കാർ അപകടത്തിൽപെട്ടത് ശരിയാക്കിയെടുക്കാൻ എഴുപതിനായിരം രൂപ കൊടുത്തു.
പുതിയ വണ്ടി വാടകക്കെടുക്കണമെന്നുപറഞ്ഞ് 40,000 രൂപയും വാങ്ങി. സുരേഷിനെ വെട്ടിയ ജിഷ്ണു 50,000 രൂപയും അഭിലാഷ് 40,000 രൂപയും എടുത്തു. അന്വേഷണം തങ്ങളിലേക്ക് എത്തുന്നില്ലെന്ന ഉറപ്പിലാണ് തുക ചെലവഴിച്ചത്. ക്വട്ടേഷൻ നൽകിയ സ്ത്രീയെക്കുറിച്ച് പൊലീസിന് കൃത്യമായ വിവരം ലഭിച്ചതായാണ് സൂചന. ഇവർ നാട്ടിലേക്ക് വിളിച്ചതായും വിവരമുണ്ട്.