കണ്ടെയ്നർ ലോറി മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്
text_fieldsതലശ്ശേരി രണ്ടാം റെയിൽവേ ഗേറ്റ് പരിസരത്ത് മറിഞ്ഞ മിനി കണ്ടെയ്നർ ലോറി ഉയർത്തുന്നു
തലശ്ശേരി: രണ്ടാം റെയിൽവേ ഗേറ്റിന് സമീപം പാൽ കയറ്റിവന്ന കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞു. അപകടത്തിൽ ഡ്രൈവറും സഹായികളും ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. കോഴിക്കോട് സ്വദേശിയായ ഡ്രൈവർ അരുൺ, സഹായികളായ തൃശൂരിലെ അജീഷ്, സെറിൻ എന്നിവർ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പരിക്ക് സാരമുള്ളതല്ല. ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടം ഉണ്ടായത്. എളനാട് പാൽ കമ്പനിയുടെ മിനി കണ്ടെയ്നറാണ് ഓട്ടത്തിനിടയിൽ റോഡിലെ വളവിൽ നിയന്ത്രണം വിട്ട് മറിഞ്ഞത്. കണ്ണൂരിൽ നിന്നും തലശ്ശേരി വഴി കോഴിക്കോട്ടേക്ക് പോവുകയായിരുന്നു. വാഹനത്തിൽ പാൽ ഉണ്ടായിരുന്നില്ല. അപകടമുണ്ടായ ഉടൻ തലശ്ശേരി പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. റോഡിൽ ഓയിൽ പരന്നൊഴുകിയത് ഫയർഫോഴ്സ് സേനാംഗങ്ങൾ വെള്ളം പമ്പ്ചെയ്ത് നിർവീര്യമാക്കി. വഴുക്കൽ മാറ്റിയശേഷം റോഡ് അപകടരഹിതമാക്കി. ലോറി മറിഞ്ഞതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തിമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
നേരത്തെ ടാങ്കർ ലോറികൾ ഉൾപ്പെടെ ഇതേ സ്ഥലത്ത് അപകടത്തിൽപ്പെട്ടിരുന്നു. കോഴിക്കോട് ഭാഗത്തേക്ക് ബസുകൾ ഉൾപ്പെടെ കടന്നുപോകുന്നത് ഇതുവഴിയാണ്. വളവിലെ അപകടമൊഴിവാക്കാൻ അധികൃതരാരും താൽപര്യമെടുക്കുന്നില്ല. അപകടങ്ങൾ നിരന്തരം സംഭവിച്ചിട്ടും നിഷ്ക്രിയമായിരിക്കുന്ന അധികൃതർക്കെതിരെ വൻ ജനരോഷമാണുയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

