വളപട്ടണം-കോട്ടക്കുന്ന് പാലം നിർമാണം മന്ദഗതിയിൽ
text_fieldsപാപ്പിനിശ്ശേരി-തുരുത്തി-കോട്ടക്കുന്ന് പാലത്തിന്റെ പ്രവൃത്തി മന്ദഗതിയിലായ നിലയിൽ
പാപ്പിനിശ്ശേരി: കാസർകോട് ദേശീയപാത വികസന പദ്ധതിയുടെ ഭാഗമായി കണ്ണൂർ ബൈപാസ് വഴി വളപട്ടണം പുഴക്ക് കുറുകെ പാപ്പിനിശ്ശേരി തുരുത്തി-ചിറക്കൽ കോട്ടക്കുന്ന് ഭാഗത്ത് നിർമിക്കുന്ന പുതിയ പാലത്തിന്റെ പ്രവൃത്തി മന്ദഗതിയിലാണെന്ന് ആക്ഷേപം. മഴക്കാലത്ത് പ്രവൃത്തി മന്ദമായിരുന്നെങ്കിലും മഴ കഴിഞ്ഞിട്ടും ആവശ്യമായ വേഗത കൈവരിക്കാനായിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
റോഡും പാലവും നിർമാണം പൂർത്തിയായാൽ കണ്ണൂർ, തലശ്ശേരി, മാഹി പട്ടണങ്ങളെ മറികടന്ന് വടകരയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുമെന്ന് അധികൃതർ പറയുന്നു. ദൂരദേശങ്ങളിലേക്ക് പോകുന്ന ട്രക്കുകൾ, ലോറികൾ, കാറുകൾ എന്നിവ ഈ വഴി ഉപയോഗിച്ചാൽ പാപ്പിനിശ്ശേരി-വളപട്ടണം മേഖലകളിലെ ഗതാഗതക്കുരുക്ക് വലിയ തോതിൽ കുറയുമെന്നാണ് കണക്കുകൂട്ടൽ.
എന്നാൽ, തളിപ്പറമ്പ്-മുഴപ്പിലങ്ങാട് റീച്ച് ഇപ്പോഴും മന്ദഗതിയിലാണെന്ന പരാതിയും നിലനിൽക്കുന്നു. നിർമാണം പൂർത്തീകരിക്കുമ്പോൾ ഒരു കിലോമീറ്ററോളം നീളമുള്ള ജില്ലയിലെ ഏറ്റവും വലിയ പാലമായിരിക്കുമിത്. ആറുവരിയുള്ള പാലം ആണ് ഇവിടെ നിർമിക്കുന്നത്.
പാലത്തിനാവശ്യമായ ഗർഡറുകൾ ഭൂരിഭാഗവും സ്ഥാപിച്ചു കഴിഞ്ഞു. മധ്യഭാഗത്തെ ഗർഡറുകളുടെ ഇരുഭാഗവും യോജിപ്പിക്കുന്ന പ്രവൃത്തിയും കോട്ടക്കുന്നിൽ നിന്ന് തുരുത്തി ഭാഗത്തേക്ക് പോകുന്ന ഏതാനും ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയുമാണ് ബാക്കിയുള്ളത്. കോട്ടക്കുന്ന് ഭാഗത്ത് പാലത്തിന് സമാനമായി മണ്ണിട്ട് ഉയർത്തുന്ന പ്രവൃത്തിയും നടക്കുന്നില്ല.
കണ്ണൂര് ബൈപാസ് നിർമാണത്തിന്റെ ആദ്യഘട്ടം തുരുത്തി മേഖലയിൽ വേഗത്തിൽ നടന്നിരുന്നു. പാപ്പിനിശ്ശേരിയിലെ കണ്ടല് വന മേഖല ഉള്പ്പെടെയുള്ള ഭാഗത്ത് മണ്ണിട്ട് നികത്തിയാണ് പ്രാരംഭ പ്രവൃത്തികൾ നടത്തിയത്. റോഡ് നിർമാണം പൂർത്തിയാകാത്തതിനാലാണ് പാലം പണി മന്ദഗതിയിലായതെന്നും പറയുന്നു. വളപട്ടണം പുഴക്ക് കുറുകേ പാപ്പിനിശേരി തുരുത്തിയിൽ നിന്നാരംഭിച്ച് ചിറക്കൽ കോട്ടക്കുന്നിൽ അവസാനിക്കുന്ന രീതിയിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്.
13.84 കിലോമീറ്റർ ദൂരത്തിലുള്ള കണ്ണൂർ റീച്ചിൽ ഏറ്റവും വലിയ പാലമാണ് വളപട്ടണത്തേത്. 727 മീറ്റർ നീളത്തിലുള്ള പാലത്തിന് പുഴക്ക് കുറുകെ 19 സ്പാനുകൾ ഉണ്ടാകും. പറശിനിക്കടവ് ബോട്ട് ടെർമിനലിനെയും ഹൗസ് ബോട്ട് സർവിസിനെയും മുന്നിൽ കണ്ട് പുഴക്ക് നടുക്കുള്ള ഒരു സ്പാനിന്റെ നീളം 55 മീറ്റർ ആക്കുകയും ഉയരം വർധിപ്പിച്ചുമാണ് നിർമാണം നടന്നത്. ആദ്യ രൂപരേഖ പ്രകാരം 550 മീറ്റർ നീളമുണ്ടായിരുന്ന പാലം പിന്നീട് 750 മീറ്റർ നീളം വരെയാക്കി. ഇൻലാൻഡ് നാവിഗേഷന്റെ നിർദേശപ്രകാരമാണ് അലൈൻമെന്റിൽ മാറ്റം വരുത്തിയത്.
വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതിന് ആറ് മീറ്റർ ഉയർത്തിയതിനാൽ എസ്റ്റിമേറ്റിൽ മാറ്റം വരുത്തേണ്ടി വന്നു. പുതിയ പാലത്തിന് 190 കോടി രൂപയാണ് ചെലവ്. ആദ്യ ഡി.പി.ആർ പ്രകാരം തുരുത്തി പാലത്തിന് 130 കോടി രൂപയാണ് ചെലവ് കണക്കാക്കിയത്. എന്നാൽ രൂപരേഖയിലടക്കം മാറ്റങ്ങൾ വന്നതോടെ പുതിയ പാലത്തിന് 190 കോടിയോളം വേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്.
ഇത്തരം മാറ്റങ്ങൾ ആവശ്യമായതിനാലാണ് നിർമാണത്തിനുള്ള അംഗീകാരം വൈകിയത്.
തളിപ്പറമ്പ്-മുഴപ്പിലങ്ങാട് റീച്ചിൽ പാപ്പിനിശ്ശേരി വേളാപുരത്ത് നിന്ന് തുടങ്ങി ചാല വരെ എത്തുന്ന നിലയിലാണ് കണ്ണൂർ ബൈപാസ്. നിർമാണം പൂർത്തിയാകുന്നതോടെ നഗരത്തിലെയും പാപ്പിനിശ്ശേരി മുതൽ മുപ്പിലങ്ങാട് വരെയുള്ള പ്രദേശങ്ങളിലെയും ഗതാഗതക്കുരുക്ക് പൂർണമായും ഒഴിവാകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

