സര്‍വിസ് റോഡ് തുറന്നു; ദേശീയപാതയിൽ പ്രധാന പാതയുടെ നിർമാണം തുടങ്ങി
text_fieldsപിലാത്തറ-വിളയാങ്കോട് ദേശീയപാതയിൽ തുറന്നുകൊടുത്ത പുതിയ സര്‍വിസ് റോഡ്
പയ്യന്നൂർ: ദേശീയപാത വികസിപ്പിക്കുന്നതിന്റെ ഭാഗമായി നിർമിച്ച സര്‍വിസ് റോഡ് തുറന്നു. പയ്യന്നൂരിനും തളിപ്പറമ്പിനും ഇടയില്‍ പിലാത്തറ വിളയാങ്കോടാണ് സർവിസ് പാത ഗതാഗതത്തിന് തുറന്നത്. പാത വികസനത്തിൽ നിർണായക പുരോഗതിയായി ഇത് വിലയിരുത്തപ്പെടുന്നു.
കാസര്‍കോട് ജില്ലയിലെ ചെങ്കള മുതല്‍ തളിപ്പറമ്പ് കുറ്റിക്കോല്‍ വരെ നിർമാണ കരാര്‍ ഏറ്റെടുത്ത മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തീകരിച്ച സര്‍വിസ് റോഡ് തുറന്നുകൊടുത്തത്. പ്രധാന പാതക്ക് സമാന്തരമായി നിർമിക്കുന്ന സര്‍വിസ് റോഡ് വഴിയാണ് സാധാരണ വാഹനങ്ങള്‍ ഇരുഭാഗത്തേക്കും കടത്തിവിടുന്നത്. ചെങ്കള-തളിപ്പറമ്പ് റീച്ചില്‍ 10 കിലോമീറ്റര്‍ ദൂരത്തില്‍ സര്‍വിസ് റോഡ് ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കിലും പിലാത്തറ വിളയാങ്കോട് മാത്രമാണ് ഗതാഗതത്തിന് തുറന്നത്.
സെന്റ് മേരീസ് സ്‌കൂളിനുമുന്നില്‍ ദേശീയപാതയുടെ അടിപ്പാലത്തിന്റെ നിർമാണ പ്രവര്‍ത്തനങ്ങൾ ആരംഭിക്കുന്നതിന് വേണ്ടിയാണ് ഗതാഗതം സര്‍വിസ് റോഡുവഴിയാക്കിയത്. ഈ അടിപ്പാലം വഴിയായിരിക്കും ദേശീയപാതയുടെ പണി പൂര്‍ത്തിയായാല്‍ പഴയങ്ങാടിയിലേക്കും മാതമംഗലം ഭാഗത്തേക്കും വാഹനങ്ങള്‍ കടന്നുപോവുകയെന്ന് ബന്ധപ്പെട്ടവർ. ആറ് മാസത്തിനകം അടിപ്പാലത്തിന്റെ നിർമാണം പൂര്‍ത്തീകരിക്കുമെന്നും അവർ പറഞ്ഞു.
2025ഓടെ കണ്ണൂർ-കാസർകോട് ദേശീയപാത നിർമാണം പൂർത്തിയാകുമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് സഹമന്ത്രി ഈ ഭാഗം സന്ദർശിച്ച ശേഷം പറഞ്ഞിരുന്നു. മഴ തുടങ്ങിയതിനുശേഷം നിർമാണം ചിലയിടങ്ങളിൽ മന്ദഗതിയിലായിരുന്നുവെങ്കിലും ഇപ്പോൾ പ്രവൃത്തി വീണ്ടും സജീവമായി. നിരവധി പാലങ്ങളുടെ നിർമാണം പ്രാരംഭഘട്ടത്തിൽ മാത്രമാണുള്ളത്.
ഇവ കൂടി ത്വരിതഗതിയിൽ പൂർത്തിയാക്കിയാൽ മാത്രമേ പാത വികസിപ്പിക്കൽ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാവുകയുള്ളു.