അഴീക്കോട്ടെ തോൽവിക്ക് കാരണം കെ.എം. ഷാജിയെന്ന് കോൺഗ്രസ്
text_fieldsകണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിലെ യു.ഡി.എഫ് പരാജയത്തിന് കാരണം കെ.എം. ഷാജിയും മുസ്ലിം ലീഗിലെ പ്രശ്നങ്ങളുമാണെന്ന് കോൺഗ്രസ് നേതാക്കൾ. തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച സമിതിയുടെ മുന്നിലാണ് ജില്ലയിലെ കോൺഗ്രസ് നേതാക്കൾ ഇത്തരം വിമർശനം ഉന്നയിച്ചത്.
കോൺഗ്രസിെൻറ സംഘടനാദൗർബല്യമാണ് കണ്ണൂർ മണ്ഡലത്തിലെ പരാജയത്തിന് കാരണമായി നേതാക്കൾ ചൂണ്ടിക്കാട്ടിയത്. നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സംഘടനാ സംവിധാനത്തിെൻറ പ്രവർത്തനം അവലോകനം ചെയ്യുന്നതിനായി രൂപവത്കരിച്ച കെ.പി.സി.സി സമിതിയാണ് ഞായറാഴ്ച ജില്ലയിലെ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.
അഴീക്കോടും കണ്ണൂർ മണ്ഡലവും യു.ഡി.എഫ് വിജയപ്രതീക്ഷ പുലർത്തിയിരുന്നു. അഴീക്കോട് മണ്ഡലത്തിലെ സ്ഥാനാർഥിത്വം ഷാജി ആദ്യം നിഷേധിച്ചത് വിനയായി. കൂടാതെ അവസാനഘട്ടത്തിൽ എം.എൽ.എ മണ്ഡലത്തിൽ സജീവമായി പ്രവർത്തിച്ചില്ല. ഫോണിൽപോലും ഷാജിയെ വിളിച്ചാൽ കിട്ടാത്ത അവസ്ഥയായിരുന്നുവെന്നും കോൺഗ്രസ് നേതാക്കൾ തെളിവെടുപ്പിൽ അഭിപ്രായപ്പെട്ടു. കൂടാതെ അഴീക്കോട്ടെ ഷാജിയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച് ലീഗിലും അഭിപ്രായഭിന്നത രൂക്ഷമായിരുന്നു.
കോൺഗ്രസിെൻറ ദുർബലമായ സംഘടനാസംവിധാനം കണ്ണൂർ മണ്ഡലത്തിൽ തിരിച്ചടിയായി. കോവിഡ് കാലമായതിനാൽ പാർട്ടിക്ക് ജനങ്ങളിൽ ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാൻ സാധിക്കാത്തതും തിരിച്ചടിയായി.
ഇവിടെ പ്രചാരണരംഗത്ത് വന്ന പോരായ്മകളും തിരിച്ചടിക്ക് കാരണമായതായി നേതാക്കൾ വിലയിരുത്തി. പോരായ്കൾ കണ്ടെത്തുക എന്നതാണ് കെ.പി.സി.സി സമിതിയുടെ ലക്ഷ്യം. കെ.പി.സി.സിക്ക് ഇതുമായി ബന്ധപ്പെട്ട് ജില്ലയിൽനിന്ന് കിട്ടിയിട്ടുള്ള പരാതികളെ കുറിച്ചും നേതാക്കളുമായി ആശയവിനിമയം നടത്തും. കോട്ടയം മുൻ ഡി.സി.സി പ്രസിഡൻറ് കുര്യൻ ജോയ്, മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി അജയ് തറയിൽ, ഗാന്ധിദർശൻ വേദി സംസ്ഥാന പ്രസിഡൻറ് ഡോ. എം.സി. ദിലീപ് തുടങ്ങിയവരാണ് ജില്ലയിൽ അവലോകനത്തിനായി എത്തിയത്. അവലോകനം തിങ്കളാഴ്ചയും തുടരും. ഞായറാഴ്ച ഇരിക്കൂർ, പേരാവൂർ കണ്ണൂർ, അഴീക്കോട് എന്നീ മണ്ഡലങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച ബാക്കിയുള്ള ഏഴ് മണ്ഡലങ്ങളിലെ കോൺഗ്രസ് ഭാരവാഹികളുമായി സമിതി അംഗങ്ങൾ കൂടിക്കാഴ്ച നടത്തും.
ഓരോ നേതാക്കളുമായി സമിതി അംഗങ്ങൾ ഒറ്റക്കൊറ്റക്കാണ് കൂടിക്കാഴ്ച നടത്തിയത്. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, അഡ്വ. സണ്ണി ജോസഫ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ മാർട്ടിൻ ജോർജ്, അഡ്വ. സോണി സെബാസ്റ്റ്യൻ, കെ.പി.സി.സി നിർവാഹക സമിതി അംഗങ്ങളായ കെ. പ്രമോദ്, തോമസ് വെക്കത്താനം തുടങ്ങിയവരും ഡി.സി.സി ഭാരവാഹികളും ബ്ലോക്ക്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറുമാരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

