കണ്ടക്ടറെ മർദിച്ച സംഭവം; തലശ്ശേരിയിൽ അനിശ്ചിതകാല ബസ് പണിമുടക്ക്
text_fieldsവിനീഷ്
തലശ്ശേരി-പാനൂർ: തൊട്ടിൽപാലത്ത് ബസിൽ കയറി കണ്ടക്ടറെ ആക്രമിച്ച സംഭവത്തിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാത്ത നടപടിയിൽ തൊഴിലാളികൾക്കിടയിൽ കടുത്ത പ്രതിഷേധം. തലശ്ശേരി-തൊട്ടിൽപാലം റൂട്ടിൽ രണ്ടു ദിവസമായി ബസ് സർവിസ് നിർത്തിവെച്ചതിന് പിന്നാലെ തലശ്ശേരി റൂട്ടിൽ പ്രതിഷേധം കടുപ്പിക്കാൻ തൊഴിലാളികൾ തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച തലശ്ശേരി ബസ് സ്റ്റാൻഡിലേക്ക് വരുന്ന മുഴുവൻ ബസുകളും സർവിസ് നിർത്തിവെക്കും. സമരം അനിശ്ചിത കാലത്തേക്ക് തുടരാനാണ് തൊഴിലാളികളുടെ തീരുമാനം. ഇതുസംബന്ധിച്ച് ബസുകൾക്ക് മുന്നിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. എന്നാൽ, ബസ് ഉടമകൾക്ക് ഇതുസംബന്ധിച്ച് വ്യക്തത വരുത്താനാവുന്നില്ല. ബസ് യാത്രക്കാർക്കിടയിൽ ഇത് ആശങ്ക സൃഷ്ടിക്കുകയാണ്.
രണ്ട് ദിവസമായി തൊട്ടിൽപാലം റൂട്ടിൽ യാത്രാക്ലേശം തുടരുന്നതിനിടയിലാണ് വെള്ളിയാഴ്ച മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. സമരം ഒത്തുതീർക്കുന്നതിന് പൊലീസ് വ്യാഴാഴ്ച ഉച്ചക്ക് അനുരഞ്ജന യോഗം വിളിച്ചുചേർത്തുവെങ്കിലും തീരുമാനമായില്ല. കേസിൽ രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വാണിമേൽ കൊടിയൂറ സ്വദേശി കുഞ്ഞിപ്പറമ്പത്ത് വീട്ടിൽ കെ.പി. സൂരജ് (30), നടുവണ്ണൂരിലെ താഴെപാറയുള്ള പറമ്പത്ത് കെ. സി. വിനീഷ് (41) എന്നിവരാണ് അറസ്റ്റിലായത്. കേസിൽ അഞ്ചുപേർ കൂടി പിടിയിലാകാനുണ്ട്. കണ്ടക്ടറെ മർദിച്ച മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
തലശ്ശേരി-തൊട്ടിൽപ്പാലം റൂട്ടിൽ ബസുകൾ ഓട്ടം നിർത്തിയതോടെ യാത്രാക്ലേശം തുടരുകയാണ്. സാധാരണക്കാരാണ് ഏറെ ബുദ്ധിമുട്ടിലായത്. അപ്രതീക്ഷിത പണിമുടക്ക് വിദ്യാർഥികളെയും സാരമായി ബാധിച്ചു. തലശ്ശേരി -തൊട്ടിൽപ്പാലം റൂട്ടിൽ 40ഉം വടകര - തൊട്ടിൽപ്പാലം റൂട്ടിൽ 30ഉം ബസുകൾ നിലവിൽ സർവിസ് നടത്തുന്നുണ്ട്. സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് പാനൂർ മേഖലയിലും ഇന്നു മുതൽ പാനൂർ ബസ് തൊഴിലാളി കൂട്ടായ്മ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
തലശ്ശേരി-പെരിങ്ങത്തൂർ-കുറ്റ്യാടി-തൊട്ടിൽപ്പാലം റൂട്ടിൽ സർവിസ് നടത്തുന്ന ജഗന്നാഥ് ബസിലെ കണ്ടക്ടർ ഇരിങ്ങണ്ണൂർ സ്വദേശി കുതിരേടത്ത് വിഷ്ണുവിനാണ് (27) തിങ്കളാഴ്ച വൈകീട്ട് മർദനമേറ്റത്. സംഭവത്തിൽ ചൊക്ലി പൊലീസ് ഏഴു പേർക്കെതിരെ കേസെടുത്തിരുന്നു.
വിദ്യാർഥിനിക്ക് കൺസെഷൻ അനുവദിക്കാതെ സ്റ്റോപ് എത്തുന്നതിനുമുമ്പ് ഇറക്കിവിട്ടെന്ന് ആരോപിച്ചായിരുന്നു പ്രതികൾ ബസിനകത്ത് അതിക്രമിച്ചുകയറി യാത്രക്കാർക്ക് മുന്നിലിട്ട് ക്രൂരമായി മർദിച്ചത്. പ്രതികൾ സംഘം ചേർന്ന് മർദിക്കുന്ന ദൃശ്യം കാമറയിൽ പതിഞ്ഞിരുന്നു. ഇത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു. പരിക്കേറ്റ കണ്ടക്ടർ ആശുപത്രിയിൽ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

