കണ്ണൂർ വിമാനത്താവള ടാക്സിക്ക് അമിതനിരക്കെന്ന് പരാതി
text_fieldsകണ്ണൂർ: വിമാനത്താവളത്തിൽ ടാക്സി സേവനത്തിന് അമിത ചാർജ്ഇൗടാക്കുന്നതായി പരാതി. പാനൂരിനടുത്ത് കരിയാട് കിടഞ്ഞി വരെ പോകാൻ 2500 രൂപയാണ് ഈടാക്കിയത്. പരാതി ഉന്നയിച്ചതോടെ ദിവസങ്ങൾ കഴിഞ്ഞ് 500 രൂപ തിരിച്ചുനൽകി. ആഗസ്റ്റ് രണ്ടിന് രാത്രി ദുബൈയിൽ നിന്നെത്തിയ യാത്രക്കാരനിൽനിന്നാണ് ടാക്സി സേവന കരാർ ഏറ്റെടുത്ത കാലിക്കറ്റ് ടൂർസ് ആൻഡ് ട്രാവൽസ് അമിതനിരക്ക് ഈടാക്കിയത്.
കിടഞ്ഞി വരെ 37 കി.മീറ്റർ ആണ് ദൂരം. ഇത്രയും ദൂരത്തിന് സാധാരണ നിരക്ക് 1000 മുതൽ 1500 വരെയാണ്. പാനൂർ മേഖല കണ്ടെയ്ൻമെൻറ് സോൺ ആയതിനാൽ വടകര കൈനാട്ടി വഴി കരിയാടിലേക്ക് പോകുന്നതിനാലാണ് 2500 രൂപ ഈടാക്കുന്നതെന്നാണ് കൗണ്ടറിൽനിന്ന് യാത്രക്കാരനോട് പറഞ്ഞത്.
എന്നാൽ, സാധാരണ റൂട്ടിൽ കൂത്തുപറമ്പ് വഴിയാണ് കരിയാടിലേക്ക് എത്തിയത്. ഓടാത്ത ദൂരത്തിെൻറ പേരിൽ കൂടുതൽ പണം ഈടാക്കുന്നത് ചോദിച്ചപ്പോൾ ബില്ലിെൻറ കോപ്പി നൽകാൻപോലും ടാക്സി ഡ്രൈവർ തയാറായില്ലെന്ന് യാത്രക്കാരൻ പറയുന്നു. ലഗേജ് കാറിൽനിന്ന് ഇറക്കില്ലെന്ന് വാശിപിടിച്ചപ്പോഴാണ് ബിൽ നൽകിയത്. ടാക്സി കമ്പനിയിൽ പലതവണ പരാതി പറഞ്ഞ ശേഷമാണ് പണം തിരിച്ചുകിട്ടിയതെന്നും യാത്രക്കാരൻ പറയുന്നു.
എന്നാൽ, കണ്ടെയ്ൻമെൻറ് സോണിൽ റോഡുകൾ അടച്ചിടുന്നതിനാൽ കൂടുതൽ ദൂരം ഓടേണ്ടിവരുന്ന കാര്യം യാത്രക്കാരോട് ആദ്യമേ പറയാറുണ്ടെന്ന് കാലിക്കറ്റ് ടൂർസ് ആൻഡ് ട്രാവൽസ് കമ്പനി വിശദീകരിക്കുന്നു. കൂടുതൽ ദൂരം ഓടേണ്ടിവന്നില്ലെങ്കിൽ അധികതുക തിരിച്ചുനൽകാറുണ്ടെന്നും അവർ തുടർന്നു.